Connect with us

Editorial

താങ്ങാവുന്ന ചികിത്സാ നിരക്ക് പൗരന്റെ മൗലികാവകാശം

Published

|

Last Updated

ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനും സംരക്ഷണം ഉറപ്പ് നൽകുന്ന ഭരണഘടനയുടെ അനുച്ഛേദം 21ന്റെ വ്യാപ്തിയിൽ സാധാരണക്കാരന് താങ്ങാവുന്ന ചെലവിൽ ചികിത്സ കൂടി ഉൾപ്പെടുമെന്ന് സുപ്രീം കോടതി. ഗുജറാത്തിലെ രാജ്‌കോട്ട് കൊവിഡ് ആശുപത്രിയിലെ തീപ്പിടിത്തത്തിൽ രോഗികൾ മരിച്ച സംഭവത്തിൽ സ്വേമേധയാ എടുത്ത കേസിലാണ് മിതമായ നിരക്കിൽ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടത് ഭരണകൂടങ്ങളുടെ കടമയാണെന്ന് സുപ്രീം കോടതി ഓർമിപ്പിച്ചത്. ചികിത്സാ ചെലവിലെ വർധനവിന് കാരണങ്ങൾ പലതും നിരത്തി വെക്കാനുണ്ടാകാം. എന്നാൽ സാധാരണക്കാരന് അത് താങ്ങാവുന്നതായിരിക്കണം. ഒന്നുകിൽ സംസ്ഥാന സർക്കാറും പ്രാദേശിക ഭരണകൂടവും കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തണം. അല്ലെങ്കിൽ ദുരന്ത നിവാരണ നിയമപ്രകാരം പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രികൾ ഈടാക്കുന്ന ഫീസുകളുടെ പരിധി നിശ്ചയിക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷൺ, ആർ സുഭാഷ് റെഡ്ഢി, എം ആർ ഷാ എന്നിവരടങ്ങുന്ന ബഞ്ച് നിർദേശിച്ചു.

ജീവിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന മൗലികാവകാശമാണ്. പൗരന്മാരുടെ ആരോഗ്യ സുരക്ഷ സർക്കാറിന്റെ ബാധ്യതയാണെന്നും സാമ്പത്തികമായ പിന്നാക്കാവസ്ഥ മൂലം ചികിത്സ ലഭിക്കാതെ പൗരന്മാർ മരിക്കാൻ ഇടയാകുന്നത് സർക്കാറുകളുടെ ഭരണഘടനാപരമായ ബാധ്യതാനിർവഹണത്തിലെ വീഴ്ചയാണെന്നും 2017ൽ കേരള ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്.

പാവപ്പെട്ടവന് താങ്ങാനാകാത്ത വിധം കുത്തനെ ഉയർന്നു കൊണ്ടിരിക്കുകയാണ് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്കുകൾ. സർക്കാർ ആഭിമുഖ്യത്തിൽ സൗജന്യ ചികിത്സാ സംവിധാനങ്ങളുണ്ടെങ്കിലും അവയിൽ അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സജ്ജീകരണങ്ങളും പൊതുവെ പിരിമിതമാണ്. കേരളത്തിന് പുറത്ത് വിശേഷിച്ചും. മാത്രമല്ല, പല ചികിത്സാ കേന്ദ്രങ്ങളുടെയും സ്ഥിതി അതിദയനീയവുമാണ്. തടവറയെന്നാണല്ലോ കഴിഞ്ഞ മെയിൽ 377 കൊവിഡ് രോഗികൾ കൂട്ടത്തോടെ മരിച്ച അഹമ്മദാബാദിലെ സർക്കാർ ആശുപത്രിയെ ഗുജറാത്ത് ഹൈക്കോടതി വിശേഷിപ്പിച്ചത്. “രോഗികളെ ചികിത്സിക്കാനുള്ളതാണ് സർക്കാർ ആശുപത്രികൾ. ഇതു പക്ഷേ ഒരു തടവറ പോലെ തോന്നുന്നു. ചിലപ്പോൾ തടവറയേക്കാൾ മോശമായിരിക്കാം.

നിർഭാഗ്യവശാൽ, ദരിദ്രരും നിസ്സഹായരുമായ രോഗികൾക്ക് മറ്റ് മാർഗമില്ലല്ലോ” -ജസ്റ്റിസുമാരായ ജെ ബി പാർദിവാല, ഐ ജെ വോ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റെ നിരീക്ഷണം ഇതായിരുന്നു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ബിഹാർ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആശുപത്രികളിലെ അസൗകര്യങ്ങളും അപര്യാപ്തതകളും മൂലം കുട്ടികൾ കൂട്ടത്തോടെ മരിക്കുന്ന വാർത്തകൾ അടിക്കടി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. രാജസ്ഥാനിലെ കോട്ട ആശുപത്രിയിൽ അടുത്തിടെ ഒരു മാസത്തിനുള്ളിൽ മരിച്ചത് 104 നവജാതശിശുക്കളാണ്. ഉത്തർ പ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് (ബി ആർ ഡി) മെഡിക്കൽ കോളജിൽ കുട്ടികൾ കൂട്ടത്തോടെ മരിക്കാനിടയായത് ഓക്‌സിജൻ സിലിൻഡറിന്റെ അഭാവം മൂലമായിരുന്നു.
സർക്കാർ ആശുത്രികളിലെ അടിസ്ഥാന സൗകര്യക്കുറവ് സ്വകാര്യ ആശുപത്രികൾ മുതലെടുക്കുകയാണ്. കഴുത്തറപ്പൻ നിരക്കാണ് പല സ്വകാര്യ ആശുപത്രികളും ഈടാക്കുന്നത്. ചെറിയൊരു പനി ബാധിച്ചാൽ പോലും ടെസ്റ്റും സ്‌കാനിംഗുമൊക്കെയായി നല്ല തുക വസൂലാക്കും. കഴിഞ്ഞ വർഷം തിരുവനന്തപുരം ഡെന്റൽ കോളജിന്റെ വജ്രജൂബിലി ഉദ്ഘാടനത്തിൽ മന്ത്രി സുധാകരൻ, ഒരു രോഗി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ ദുരനുഭവം വിവരിക്കുകയുണ്ടായി. “മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ കാണിച്ച ശേഷം കൂടുതൽ മെച്ചപ്പെട്ട ചികിത്സ ലക്ഷ്യമാക്കിയാണ് പ്രസ്തുത രോഗിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എഴുപത് ദിവസം ആശുപത്രിയിൽ കഴിഞ്ഞപ്പോൾ ചെലവ് ഒന്നര കോടി. ആ ദിവസങ്ങളിലെല്ലാം രോഗി വെന്റിലേറ്ററിലായിരുന്നു. 70ാം ദിവസം അദ്ദേഹം മരിക്കുകയും ചെയ്തു” -മന്ത്രി പറഞ്ഞു. ആശുപത്രിയിലെത്തുന്ന ഓരോ രോഗിയും മുതലാളിയുടെ കസ്റ്റമർ മാത്രമാണ്. ഓരോ മാസവും ഇത്ര ലക്ഷം രൂപയുടെ കച്ചവടം ആശുപത്രിക്ക് കൊടുക്കണമെന്ന വ്യവസ്ഥയിലായിരിക്കും സ്ഥാപനത്തിലെ ഡോക്ടർമാരുടെ നിയമനം. ഒരു മാസം രോഗികളുടെ എണ്ണം കുറവായാൽ തന്റെ മുന്നിൽ എത്തിപ്പെട്ട രോഗികളിൽ നിന്ന് പരമാവധി പിടിച്ചു വാങ്ങി ടാർജറ്റ് പൂർത്തിയാക്കാൻ അവർ നിർബന്ധിതരാകുന്നു. മരിച്ചവരെ പിന്നെയും വെന്റിലേറ്ററിൽ വെറുതേ കിടത്തി പണം തട്ടുന്ന ആശുപത്രികളുമുണ്ട് സംസ്ഥാനത്ത്.

ഇതിന് പരിഹാരം കാണേണ്ട ബാധ്യത ജനാധിപത്യ ഭരണകൂടങ്ങൾക്കുണ്ട്. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ എല്ലാ രോഗികൾക്കും മികച്ച ചികിത്സ ലഭ്യമാക്കണം. അതാണ് സുപ്രീം കോടതി ഉണർത്തിയത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെ സൗകര്യങ്ങൾ വർധിപ്പിക്കുകയും സ്വകാര്യ ആശുപത്രികളിലെ ചികിത്സകൾക്കും ടെസ്റ്റുകൾക്കും മരുന്നുകൾ നിർദേശിക്കുന്നതിനും കൃത്യമായ മാനദണ്ഡങ്ങൾ നടപ്പിലാക്കുകയുമാണ് പരിഹാരം. സ്വകാര്യ ആശുപത്രികളിലെയും ലാബുകളിലെയും കുതിച്ചുയരുന്ന നിരക്കിന് കടിഞ്ഞാണിടാൻ ക്ലിനിക്കൽ എസ്റ്റാബിഷ്‌മെന്റെന്ന പേരിൽ നിയമം ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും ലാബുകൾ രോഗികളെ കൊള്ളയടിക്കുന്ന പ്രവണതയും ഡോക്ടർമാരുടെ കമ്മീഷൻ ഇടപാടുകളും മറ്റും ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു. ഇത് അവസാനിപ്പിക്കണം.

2018-19ലെ ബജറ്റിൽ കേന്ദ്ര സർക്കാർ “മോദി കെയർ”എന്ന പേരിൽ പാവപ്പെട്ട 10 കോടി കുടുംബങ്ങളിലെ 50 കോടി അംഗങ്ങൾക്ക് സൗജന്യ ചികിത്സ വിഭാവനം ചെയ്യുന്ന ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് വൻ സാമ്പത്തിക ബാധ്യതയാകുമെന്ന പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പദ്ധതിയിൽ നിന്ന് സർക്കാർ പിൻവാങ്ങിക്കൊണ്ടിരിക്കുകയാണ്. പ്രഖ്യാപനങ്ങൾ കൊണ്ടായില്ല, അവ നടപ്പാക്കാനുള്ള ആർജവവും ഭരണകൂടങ്ങൾ കാണിക്കണം. ഇക്കാര്യത്തിൽ ജുഡീഷ്യറിയുടെ ഇടപെടൽ തുടർന്നും ഉണ്ടാകേണ്ടതുണ്ട്.

---- facebook comment plugin here -----

Latest