National
പ്രധാന മന്ത്രിയുടെ വരാണസിയിലെ ഓഫീസ് വില്‍പ്പനക്ക്; പരസ്യം നല്‍കിയ നാലുപേര്‍ അറസ്റ്റില്‍

വരാണസി | പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വരാണസിയിലെ ഓഫീസ് വില്‍പ്പനക്കെന്ന് പരസ്യം. പ്രമുഖ ക്ലാസിഫൈഡ്സ് വെബ്‌സൈറ്റായ ഒ എല്‍ എക്‌സിലാണ് പരസ്യം നല്‍കിയത്. 6,500 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടം ഏഴര കോടിക്കാണ് വില്‍പ്പനക്കായി പരസ്യപ്പെടുത്തിയത്. വരാണസിയിലെ ജവഹര്‍ നഗര്‍ പ്രദേശത്താണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. “ഹൗസ് ആന്‍ഡ് വില്ല” എന്ന വിഭാഗത്തില്‍ പി എം ഓഫീസ് വരാണസി” എന്ന് പേര് നല്‍കിയാണ് പരസ്യം. നാല് മുറികളും ബാത്ത്‌റൂമുകളും റെഡ് കാര്‍പ്പറ്റ് ഏരിയയും അടങ്ങുന്നതാണ് കെട്ടിടമെന്നും പരസ്യത്തില്‍ വ്യക്തമാക്കിയിരുന്നു.
സംഭവത്തില്‍ ഓഫീസിന്റെ ഫോട്ടോയെടുത്ത വ്യക്തിയടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലക്ഷ്മീകാന്ത് ഓജ എന്നയാളുടെ അക്കൗണ്ടില്‍ നിന്നാണ് പരസ്യം പങ്കുവച്ചിരിക്കുന്നത്. പരസ്യം ഉടന്‍ പിന്‍വലിച്ചെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും വരാണസി പോലീസ് അറിയിച്ചു. അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.