National
ഫാത്വിമ ലത്തീഫിന്റെ മരണം: സി ബി ഐ ഇന്ന് കൊല്ലത്ത് എത്തും

കൊല്ലം | മദ്രാസ് ഐ ഐ ടി വിദ്യാര്‍ഥിയായിരുന്ന ഫാത്വിമ ലത്തീഫിന്റെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷത്തിന് കുടുംബാംഗങ്ങളില്‍ നിന്ന് മൊഴിയെടുക്കാനായി കേസ് അന്വേഷിക്കുന്ന സി ബി ഐ സംഘം ഇന്ന് കൊല്ലത്ത് എത്തും. കഴിഞ്ഞവര്‍ഷം നവംബര്‍ ഒമ്പതിനാണ് ഹോസ്റ്റല്‍ മുറിയില്‍ ഫാത്വിമ ലത്തീഫിനെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അധ്യാപകനായ സുദര്‍ശന്‍ പത്മനാഭവന്‍ അടക്കമുള്ളവരുടെ മാനസികവും വര്‍ഗീയവുമായ പീഡനം സഹിക്കാന്‍ പറ്റാതെയാണ് ആത്മഹത്യ ചെയ്തതെന്ന് ആത്മഹത്യ കുറിപ്പില്‍ ഫാത്വിമ എഴുതിവെച്ചിരുന്നു.
തുടര്‍ന്ന് കോടതി ഇടപടെലിനെ തുടര്‍ന്നാണ് കുടുംബത്തിന്റെ ആവശ്യ പ്രകാരം സി ബി ഐ കേസ് എറ്റെടുത്തത്. എന്നാല്‍ ഫാത്വിമ മരിച്ച് ഒരു കൊല്ലം കഴിഞ്ഞിട്ടും പ്രാഥമിക മൊഴിയെടുക്കലിന് പോലും സി ബി ഐ തയ്യാറായിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഫാത്തിമയുടെ പിതാവ് സി ബി ഐ ഡയറക്ടര്‍ക്ക് കഴിഞ്ഞ നവംബര്‍ ഒന്നിന് കത്ത് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫാത്വിമയുടെ വീട്ടില്‍ നിന്നുള്ള തെളിവുകള്‍ ശേഖരിക്കാനും ബന്ധുക്കളുടെ മൊഴിയെടുക്കാനും ഇന്ന് സി ബി ഐ എത്തുന്നത്. കൊവിഡ് പശ്ചാത്തലത്തിലാണ് അന്വേഷണം ഇത്രയും വൈകിയതെന്നാണ് സി ബി ഐ അധികൃതരുടെ വിശദീകരണം. എന്നാല്‍ ഈ കൊവിഡ് കാലത്താണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ ആരോപണങ്ങള്‍വരെ അന്വേഷിക്കാന്‍ സി ബി ഐ വന്നതെന്നും വിമര്‍ശനം ഉണ്ടായിരുന്നു.