Connect with us

Kerala

അഭൂതപൂര്‍വ വിഷലിപ്ത അപവാദ പ്രചാരണങ്ങളെ കേരളജനത വിശ്വസിച്ചില്ലെന്ന് എ വിജയരാഘവന്‍

Published

|

Last Updated

തിരുവനന്തപുരം | സര്‍ക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ വലിയ കളവുകളും ദുഷ്പ്രചാരണങ്ങളുമാണ് തദ്ദേശ തിരഞ്ഞെടുപ്പ് വേളയില്‍ ഉണ്ടായതെന്നും എന്നാല്‍ കേരളജനത ആ പ്രചാരണങ്ങള്‍ വിശ്വസിച്ചില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഇങ്ങനെയൊരു വിഷലിപ്ത അപവാദ പ്രചാരണങ്ങള്‍ ഇതിന് മുമ്പുണ്ടായിട്ടില്ല. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണയാണ് കേരള ജനത അര്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വലിയ പ്രയാസകരമായ കാലത്തെയാണ് സര്‍ക്കാര്‍ അഭിമുഖീകരിക്കുന്നത്. പ്രകൃതി ദുരന്തങ്ങള്‍, മഹാമാരി, കേന്ദ്ര നികുതി വിഹിതം കൃത്യമായി ലഭിക്കാത്തത് തുടങ്ങി നിരവധി പ്രയാസങ്ങള്‍ നേരിട്ടപ്പോഴും ജനങ്ങള്‍ക്ക് വേണ്ടിയുള്ള കരുതല്‍ ഒരു ഘട്ടത്തിലും മാറ്റിവെക്കാത്ത സര്‍ക്കാറാണ് കേരളത്തിലുള്ളത്.

സര്‍ക്കാറിനെതിരെ തെറ്റായ പ്രചാരണങ്ങളും ആരോപണങ്ങളും കൊണ്ടുവന്ന് വിവാദമുണ്ടാക്കാന്‍ ശ്രമിച്ചു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാറിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പോലും തടയാന്‍ ശ്രമിച്ചു. ബി ജെ പി- യു ഡി എഫ്- മുസ്ലിം മതമൗലികശക്തികള്‍ തുടങ്ങിയവ ഒത്തൊരുമിച്ചാണ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചത്. കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളും പ്രചാരണങ്ങള്‍ നടത്തി.

എന്നാല്‍, ജനങ്ങള്‍ സര്‍ക്കാറിനൊപ്പം നിന്നു. കേരള ജനതക്ക് അഭിമാനിക്കാനാകുന്ന നിമിഷമാണിതെന്നും എ വിജയരാഘവന്‍ പറഞ്ഞു.