Kerala
മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതുന്നത് സ്വര്‍ണക്കടത്ത് കേസ് പ്രതികളെ രക്ഷിക്കാന്‍: രമേശ് ചെന്നിത്തല

കൊച്ചി | സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാനാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതാന്‍ ഒരുങ്ങുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് മുഖ്യമന്ത്രിയുടെ പദവി ദുരുപയോഗപ്പെടുത്തലാണെന്നും ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കേണ്ടത് സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടെയും വികാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം. ഇവിടെ അതല്ല ചെയ്യുന്നത്. കേരളത്തിലെ ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്കും സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം മുന്നോട്ടുപോകണമെന്നാണ് ആവശ്യമെന്നും ചെന്നിത്തല പറഞ്ഞു.
പൊതുവികാരം അതായിരിക്കെ, അതിനെതിരായി സംസ്ഥാന മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കുന്നത് താന്‍ ഇരിക്കുന്ന പദവി ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണ്.ഇപ്പോള്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതുന്നത് പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയുള്ള ഒരു നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു
സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തുകയും അന്വേഷണപ്രഹസനം നടത്തുകയും ചെയ്യുന്ന കേന്ദ്രഅന്വേഷണ ഏജന്‍സിയെക്കുറിച്ച് പ്രധാനമന്ത്രിക്കു പരാതി നല്‍കുമെന്ന് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.