Connect with us

National

സര്‍ക്കാര്‍ മേഖലയില്‍ ഡോക്ടര്‍മാര്‍ക്ക് 10 വര്‍ഷ സേവനം നിര്‍ബന്ധമാക്കി യു പി സര്‍ക്കാര്‍

Published

|

Last Updated

ലക്‌നോ | യു പിയില്‍ മെഡിക്കല്‍ പി ജി വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം സര്‍ക്കാര്‍ മേഖലയില്‍ പത്തുവര്‍ഷം നിര്‍ബന്ധമായും സേവനം ചെയ്യണമെന്ന് നിര്‍ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതു പാലിക്കാത്തവരില്‍ നിന്ന് ഒരുകോടി രൂപ പിഴയീടാക്കുകയും മൂന്നു വര്‍ഷത്തേക്ക് കോഴ്‌സ് ചെയ്യുന്നതില്‍ നിന്ന് വിലക്കുകയും ചെയ്യും. സംസ്ഥാന ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അമിത് മോഹന്‍ പ്രസാദാണ് ശനിയാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്.

ഗ്രാമീണ മേഖലയിലെ ആശുപത്രിയില്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് നീറ്റ് പി ജി പരീക്ഷയില്‍ ഇളവുകള്‍ ലഭിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയമുളളവര്‍ക്ക് നീറ്റ് പി ജി പരീക്ഷയില്‍ 20 പോയിന്റും മൂന്നു വര്‍ഷത്തെ പരിചയമുള്ളവര്‍ക്ക് 30 പോയിന്റും റിബേറ്റ് ലഭിക്കും. സര്‍ക്കാര്‍ ആശുപത്രികളിലെയും മെഡിക്കല്‍ സ്ഥാപനങ്ങളിലെയും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ കുറവ് നികത്തുക ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ തീരുമാനം.

Latest