National
കുടുംബാസൂത്രണത്തിന് നിര്‍ബന്ധിക്കില്ല; സുപ്രീം കോടതിയില്‍ കേന്ദ്രത്തിന്റെ സത്യവാങ്മൂലം

ന്യൂഡല്‍ഹി | ജനസംഖ്യാ വര്‍ധന തടയുക ലക്ഷ്യമിട്ട് കുടുംബാസൂത്രണത്തിന് ദമ്പതിമാരെ നിര്‍ബന്ധിക്കുന്നതിന് എതിരാണെന്ന് സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. കുടുംബാസൂത്രണം അടിച്ചേല്‍പ്പിക്കുന്നത് വിപരീത ഫലമാണുണ്ടാക്കുകയെന്ന് ഇന്നലെ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് 2001-2011 കാലത്തെ ജനന നിരക്ക് കഴിഞ്ഞ 100 വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞതാണെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഇന്ത്യയിലെ കുടുംബാസൂത്രണ പരിപാടി സ്വമേധയാ ഉള്ളതാണെന്നും ദമ്പതിമാര്‍ക്ക് ഏറ്റവും അനുയോജ്യമായ കുടുംബാസൂത്രണരീതി ഇഷ്ടപ്രകാരം സ്വീകരിക്കാനാവുന്നതാണെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.
ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി നേതാവും അഭിഭാഷകനുമായ അശ്വിനികുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹരജിയിലാണ് സത്യവാങ്മൂലം നല്‍കിയത്. രണ്ടു കുട്ടികള്‍ എന്ന നയം ഉള്‍പ്പെടെയുള്ള രീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളിയതോടെയാണ് അശ്വിനികുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.