Connect with us

Editorial

മതവിവേചനം: ഇന്ത്യയും ഫ്രാൻസും തമ്മിൽ സമാനതകളുണ്ട്

Published

|

Last Updated

ലിബറൽ ജനാധിപത്യ മൂല്യങ്ങളുടെ വിളനിലമായി കൊണ്ടാടിയിരുന്ന രാജ്യങ്ങളിലൊന്നായിരുന്നു ഫ്രാൻസ്. സ്വതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ഉജ്ജ്വല മുദ്രാവാക്യങ്ങൾക്ക് പുറത്ത് മേൽ പടുത്തുയർത്തിയ രാജ്യം. മതാധിഷ്ഠിതമായ അതിന്റെ രൂപവത്കരണത്തെ മറച്ചുവെക്കാനും ഉത്കൃഷ്ട ദേശീയതയുടെ മേൽക്കുപ്പായമണിയാനും ഫ്രാൻസിന് സാധിച്ചിരുന്നു. എന്നാലിപ്പോൾ ആ രാജ്യം അതിവേഗം തീവ്ര ദേശീയതക്കും മതവിവേചന ആശയങ്ങൾക്കും കീഴ്‌പ്പെടുകയാണ്. നബി നിന്ദാ കാർട്ടൂൺ വരച്ചവരും അതിനോട് തികച്ചും വിധ്വംസകമായി പ്രതികരിച്ച തീവ്രവാദി ഗ്രൂപ്പുകളും ഒരു പോലെ ഈ മുഖം മാറ്റത്തിൽ കുറ്റവാളികളാണ്. ഫ്രഞ്ച് രാഷ്ട്രീയ മണ്ഡലത്തിൽ അപകടകരമായ മുസ്‌ലിം വിരുദ്ധ പൊതു ബോധം സൃഷ്ടിക്കുന്നതിൽ ഈ രണ്ട് കൂട്ടരും കൈകോർക്കുകയായിരുന്നുവെന്നാണ് വിലയിരുത്തേണ്ടത്.
ഈ സാഹചര്യത്തെ ഭംഗിയായി ഉപയോഗിക്കാനുള്ള മിടുക്ക് ഇപ്പോഴത്തെ പ്രസിഡന്റ്ഇമ്മാനുവേൽ മാക്രോൺ പ്രകടിപ്പിക്കുകയും ചെയ്യുന്നു. വിശ്വാസികളെ പ്രകോപിപ്പിക്കാനും അവർക്ക് ഒരിക്കലും അവസാനിക്കാത്ത വേദന സമ്മാനിക്കാനും ഷാർലോ ഹെബ്‌ദോയെപ്പോലുള്ള ക്ഷുദ്ര ആവിഷ്‌കാരക്കാർ നബി നിന്ദാ കാർട്ടൂൺ പടച്ചു വിടുന്നു. മറുഭാഗത്ത്, ഇസിൽ അടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകൾ നബിനിന്ദക്കെതിരായ പ്രക്ഷോഭത്തിൽ നുഴഞ്ഞ് കയറുകയും കാർട്ടൂണിസ്റ്റിനെയും സഹപ്രവർത്തകരെയും കൊന്നു തള്ളുകയും ചെയ്യുന്നു. ഈ രണ്ട് കൂട്ടരുടെയും ചെയ്തികളുടെ ആത്യന്തിക ഗുണഫലം അനുഭവിക്കുന്നത് രാജ്യം ഭരിക്കുന്നവരാണ്. അധികാര കേന്ദ്രീകരണത്തിനുള്ള നിരവധി നിയമങ്ങൾ ഇമ്മാനുവേൽ മാക്രോൺ ഭരണകൂടം ചുട്ടെടുക്കുന്നു. രാജ്യത്തിന്റെ യഥാർഥ പ്രശ്‌നങ്ങൾക്കൊന്നിനും മറുപടിയില്ലാത്ത ഭരണക്കാർ എല്ലാത്തിനും കാരണം മുസ്‌ലിംകളാണെന്ന കള്ളപ്രചാരണം അഴിച്ചു വിടുന്നു. ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുന്ന തൊഴിലാളികളെയും വിദ്യാർഥികളെയും പൗരവാകാശ പ്രവർത്തകരെയും നിശ്ശബ്ദരാക്കാനും പ്രക്ഷോഭങ്ങൾ പൊളിക്കാനുമുള്ള പഴുതായി ഇസ്‌ലാമോഫോബിയയെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്.

ഷാർളി ഹെബ്‌ദോ മാഗസിൻ നബിനിന്ദാ കാർട്ടൂൺ പ്രസിദ്ധീകരിച്ചത് 2015ലായിരുന്നു. അന്ന് മാഗസിന്റെ ആസ്ഥാനം ആക്രമിച്ച് കൊന്നത് 15 പേരെയാണ്. അഞ്ച് വർഷത്തിനിപ്പുറം ആ കാർട്ടൂൺ ഫ്രാൻസിലെ ക്ലാസ് മുറിയിൽ പ്രദർശിപ്പിച്ച് കുട്ടികളെ “പഠിപ്പിക്കാൻ” ഒരു അധ്യാപകൻ ശ്രമിച്ചതോടെയാണ് പുതിയ പ്രശ്‌നങ്ങൾ തുടങ്ങിയത്. അധ്യാപകന്റെ കഴുത്തറുത്ത് കൊന്നാണ് വിദ്യാർഥികളിൽ ചിലരുടെ രക്ഷിതാക്കളടങ്ങുന്ന തീവ്രവാദികൾ പ്രതികരിച്ചത്. നബിനിന്ദാ കാർട്ടൂൺ വീണ്ടും വലിച്ചിട്ട അധ്യാപകനും അദ്ദേഹത്തെ വകവരുത്തിയവരും ഒരേ ദൗത്യമാണ് നിർവഹിച്ചത്.

മതേതരത്വ സംരക്ഷണ നിയമമെന്ന് പേരിട്ട കരട് നിയമത്തിൽ ദുരുപയോഗ സാധ്യതയുള്ള നിരവധി വ്യവസ്ഥകൾ ഉണ്ട്. മുസ്‌ലിംകൾ മതപഠനം ആർജിക്കാൻ വേണ്ടി തയ്യാറാക്കിയ ഗാർഹിക വിദ്യാലയങ്ങൾ പൂർണമായി നിരോധിക്കും. പുതിയ നിയമ പ്രകാരം മൂന്ന് വയസ്സ് മുതൽ രാജ്യത്തെ എല്ലാ കുട്ടികളും നിർബന്ധമായും സ്‌കൂളിൽ പോകേണ്ടി വരും. എല്ലാ മുസ്‌ലിം സമുച്ചയങ്ങളും ആരാധനാലയമായി രജിസ്റ്റർ ചെയ്യണം. നിസ്‌കാരം നടക്കുന്നുവെന്ന് കാണിച്ച് ഇസ്‌ലാമിക സാംസ്‌കാരിക കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ സർക്കാറിന് സാധിക്കും. മതപരമായ ഉള്ളടക്കമുള്ള വീഡിയോകളും സന്ദേശങ്ങളും കൈമാറുന്നതിന് കടുത്ത നിയന്ത്രണം വരും. പള്ളികൾ കേന്ദ്രീകരിച്ച് നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ നിർത്തലാക്കേണ്ടി വരും. ഇതിനൊപ്പം ബഹുഭാര്യത്വ നിരോധനം ശക്തിപ്പെടുത്തും. കരട് ബിൽ അവതരിപ്പിച്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റക്‌സ് പറഞ്ഞത് “ഈ നിയമം ഒരു മതത്തിനും എതിരല്ല, ഇസ്‌ലാമിലെ തീവ്രവാദികളെ മാത്രമാണ് ലക്ഷ്യമിടുന്നത്” എന്നാണ്. രാഷ്ട്ര സുരക്ഷക്ക് ഭീഷണിയാകുന്ന തീവ്രവാദത്തിന്റെ വേര് അറുക്കേണ്ടത് തന്നെയാണ്. എന്നാൽ തീവ്രവാദത്തിന്റെ പ്രഭവ കേന്ദ്രം മതവിശ്വാസമാണെന്ന നിർവചനത്തിൽ എത്തിച്ചേരുകയും വൈറ്റ് സൂപ്രമസി അടക്കമുള്ള ഭീകരതകളെ തലോടുകയും ചെയ്യുന്നത് അപകടകരമായ സമീപനമാണ്. ഇത് തീവ്രവാദത്തിന്റെ വേര് അറുക്കുകയല്ല പുതിയ വിത്ത് വിതക്കുകയാണ് ചെയ്യുക. ഇന്ത്യയിലെ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങൾ കൊണ്ടുവരുന്ന മതപരിവർത്തന വിരുദ്ധ നിയമം പോലെ വംശീയമായ വിവേചനത്തിന്റെ നഗ്നമായ ആവിഷ്‌കാരമാണ് ഇത്തരം നിയമങ്ങൾ.

ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമുണ്ട്. ഫ്രഞ്ച് പൗരസമൂഹത്തിൽ മാക്രോൺ ഭരണകൂടത്തിനെതിരെ ശക്തമായ സമരങ്ങൾ നടക്കുന്ന സമയമാണിത്. പത്രമാരണ നിയമത്തിനെതിരെ ഐതിഹാസികമായ സമരമാണ് പാരീസ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ അരങ്ങേറിയത്. ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ പങ്കിടുന്നത് നിയന്ത്രിക്കുന്ന നിയമമാണ് വലിയ പ്രതിഷേധം ക്ഷണിച്ചു വരുത്തിയത്. കറുത്തവർഗക്കാരനായ ഒരാളെ പോലീസ് ഉദ്യോഗസ്ഥർ മർദിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ കണ്ട് രാജ്യം നടുങ്ങിയതിന് ദിവസങ്ങൾക്ക് പിന്നാലെയായിരുന്നു ഈ നിയമ നിർമാണം. ഈ നിയമത്തിലെ ആർട്ടിക്കിൾ 24 പ്രകാരം ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോകൾ അവർക്ക് “ശാരീരികമോ മാനസികമോ” ആയി ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാകും.

ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ ഫ്രാൻസിലെ ഇസ്‌ലാമോഫോബിക് നിയമനിർമാണങ്ങളെയും പത്രമാരണ നിയമത്തെയും വിലയിരുത്തേണ്ടതുണ്ട്. യഥാർഥ പ്രശ്‌നത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ വർഗീയ വിഭജന നയങ്ങളുമായി ഇവിടെ കേന്ദ്ര സർക്കാറും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളും മുന്നോട്ട് പോകുന്നു. പൗരത്വ നിഷേധ നിയമത്തിനെതിരായ പ്രതിഷേധത്തിന് മേലും തീവ്രവാദ ചാപ്പ കുത്തുകയായിരുന്നുവല്ലോ. അവിടെ ഇമ്മാനുവേൽ മാക്രോൺ 2022ലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുസ്‌ലിംകൾക്കും കുടിയേറ്റക്കാർക്കും മേൽ കരിനിയമങ്ങൾ അടിച്ചേൽപ്പിക്കുന്നു. ഈ വിഭജന രാഷ്ട്രീയത്തെ തുറന്ന് കാണിക്കുന്നവർ ഇന്ത്യയിലും ഫ്രാൻസിലും ഒടുങ്ങിയിട്ടില്ല എന്നതാണ് ആശ്വാസം.