Ongoing News
ഒഡീഷക്ക് വീണ്ടും തോല്‍വി; ആധികാരിക ജയം നേടി ഗോവ

മഡ്ഗാവ് | ഐ എസ് എല്ലിലെ 25ാം മത്സരത്തില്‍ ഒഡീഷ എഫ് സിക്ക് വീണ്ടും തോല്‍വി. എഫ് സി ഗോവയോടാണ് പരാജയം. ബംബോലിം ജി എം സി സ്‌റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരത്തില്‍ ഒന്നാം പകുതിക്ക് പിരിയുന്നതിന് മുമ്പ് തന്നെ എഫ് സി ഗോവ ഗോള്‍ നേടിയിരുന്നു.
45ാം മിനുട്ടില്‍ ഇഗോര്‍ അംഗുലോയാണ് ഗോവക്ക് വേണ്ടി ഒഡീഷയുടെ വല ചലിപ്പിച്ചത്. കളിയാരംഭിച്ച് രണ്ടാം മിനുട്ടില്‍ തന്നെ ഒഡീഷയുടെ ഗോള്‍മുഖത്തേക്ക് ഗോവ ഇരച്ചുകയറിയെങ്കിലും ഗോള്‍ കീപ്പര്‍ അര്‍ശദീപ് സിംഗ് ഗോളടി ശ്രമം വിഫലമാക്കി. ജോര്‍ജ് മെന്‍ഡോസയുടെ ഒന്നാന്തരമൊരു ക്രോസ് ആണ് അര്‍ശദീപ് പിടിച്ചത്. ഏഴാം മിനുട്ടില്‍ തന്നെ റഫറിക്ക് മഞ്ഞക്കാര്‍ഡ് ഉയര്‍ത്തേണ്ടി വന്നു. ബോള്‍ ക്ലിയര്‍ ചെയ്ത ഒഡീഷയുടെ ഗൗരവ് ബോറയുടെ കാലിന് ചവുട്ടിയെ ലെന്നി റോഡ്രിഗസ് ആണ് ആദ്യ മഞ്ഞക്കാര്‍ഡ് കണ്ടത്.
ഒന്നാം പകുതി അവസാനിക്കുന്നതിന് മുമ്പായി അനുവദിച്ച അധിക സമയത്താണ് ഗോവ ഗോള്‍ നേടിയത്. മധ്യഭാഗത്ത് നിന്ന് ലഭിച്ച പാസുമായി അലക്‌സാണ്ടര്‍ യേശുരാജ് കുതിക്കുകയും ഗോള്‍ മുഖത്തേക്ക് ക്രോസ് ചെയ്യുകയും ചെയ്തു. ഒഡീഷയുടെ പ്രതിരോധ ഭടനെ കബളിപ്പിച്ച് ഇഗോര്‍ അംഗുലോ മനോഹരമായി ഫിനിഷ് ചെയ്യുകയായിരുന്നു. ഇതോടെ സീസണിലെ ആറാം ഗോള്‍ കൂടി അംഗുലോ നേടി.
രണ്ടാം പകുതിക്ക് ശേഷം ഉണര്‍ന്നു കളിച്ച ഒഡീഷയുടെ ശ്രമങ്ങളൊന്നും പക്ഷേ ഗോളായില്ല. അതിനിടെ ഒഡീഷയുടെ ജേക്കബ് ട്രാറ്റിന് മഞ്ഞക്കാര്‍ഡ് ലഭിക്കുകയും ചെയ്തു.