Connect with us

Kerala

കേരളത്തില്‍ മേയാമെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കരുതേണ്ട: മുഖ്യമന്ത്രി

Published

|

Last Updated

കണ്ണൂര്‍ | ജനാധിപത്യത്തിന്റെ അന്തസത്തക്ക് ചേരാത്ത നിലപാടാണ് സമീപ നാളില്‍ രാജ്യത്ത് ഉണ്ടാകുന്നതെന്ന് മഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ അന്വേഷണ പുകമറ സൃഷ്ടിക്കുന്നു. തുറങ്കിലടച്ച് പീഡിപ്പിക്കുന്നു. സാമ്രാജ്യത്വ കാലത്ത് തന്നെ ഇത്തരം നടപടികളുണ്ടായിരുന്നു. ഇതിന് ഏറ്റവും കൂടുതല്‍ ഇരയായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കമ്മ്യൂണിസ്റ്റ് നേതാക്കളുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കേണ്ടത് വ്യവസ്ഥാപിതമായാണ്. തോന്നിയത് പോലെ പ്രവര്‍ത്തിക്കാനാകില്ല. അവയുടെ ലക്ഷ്യങ്ങള്‍ നിര്‍വജിക്കപ്പെട്ടതാണ്. അതിന് വിരുദ്ധമായാണ് കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നടത്തിയത് പോലെ മേയാമെന്ന് കേന്ദ്ര ഏജന്‍സികള്‍ കരുതേണ്ട. തിരഞ്ഞെടുപ്പില്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് സഹായം നല്‍കലല്ല കേന്ദ്ര ഏജന്‍സികളുടെ പണി.

അന്വേഷണ ഏജന്‍സികളെ കുറിച്ച് ആദ്യഘട്ടത്തില്‍ എതിര്‍പ്പുണ്ടായില്ലെന്നും എന്നാല്‍ അന്വേഷണം മുന്നോട്ട് പോയപ്പോഴാണ് ലക്ഷ്യം വ്യക്തമായതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളേയാണ് ഇവര്‍ ലക്ഷ്യമിട്ടത്. അതോടെ അവരുടെ അന്വേഷണ താത്പര്യം വ്യക്തമാകുകയായിരുന്നു.

നിരവധി സംസ്ഥാന സര്‍ക്കാറുകളേയാണ് അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രം ഭരിക്കുന്നവര്‍ അസ്ഥിരപ്പെടുത്തിയത്. തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ കേന്ദ്രം ഭരിക്കുന്നവരുടെ ഒരു ഉപകരണമായി അന്വേഷണ ഏജന്‍സികള്‍ മാറി. കേന്ദ്രത്തില്‍ ഭരണം നടത്തുന്നവക്ക് വേണ്ടിയാണ് ഇത്തരം നീക്കങ്ങള്‍. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന ഭരണങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന് പുറമെ തിരഞ്ഞെടുപ്പ് എടുത്ത ജനപ്രതിനിധികളെ വിലക്ക് വാങ്ങിയും ഭരണം പിടിക്കുന്നു. ത്രിപൂരയില്‍ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയെ മൊത്തമായി വിലക്ക് വാങ്ങിയാണ് ബി ജെ പി ഭരണം പിടിച്ചത്. കര്‍ണാടകയിലും മധ്യപ്രദേശിലും കോണ്‍ഗ്രസുകാരെ കോടികള്‍ കൊടുത്ത് ബി ജെ പി ഭരണം സ്വന്തമാക്കി. പല പാര്‍ട്ടികള്‍ക്കും സ്വന്തം എം എല്‍ എമാരെ റിസോര്‍ട്ടില്‍ ഒളിപ്പിക്കേണ്ട നാണംകെട്ട അവസ്ഥ കേന്ദ്രത്തിന്റെ അട്ടിമറി നീക്കത്തിന്റെ ഭാഗമാണ്.

രാജ്യത്ത് നിരവധി കോണ്‍ഗ്രസ് നേതാക്കളെ എന്‍ഫോഴ്‌സ്‌മെന്റ് വേട്ടയാടി. കോണ്‍ഗ്രസിന്റെ പ്രിയപ്പെട്ട നേതാക്കളെല്ലാം ഇതില്‍പ്പെടും. അഹമ്മദ് പട്ടേല്‍ മുതല്‍ ചിദംബരം വരെ വേട്ടയാടിയവരുടെ പട്ടികയിലുണ്ട്. സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, രാഹുല്‍ ഗാന്ധി, റോബേര്‍ട്ട് വാദ്ര എന്നിങ്ങനെ പ്രതിപക്ഷ നേതാക്കളെല്ലാം കേന്ദ്ര ഏജന്‍സികളാല്‍ മുറിവേറ്റവരാണ് .

പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ മാത്രമാണ് അഴിമതി ആരോപണങ്ങളും അന്വേഷണങ്ങളും. ബി ജെ പിയില്‍ എത്തിയാല്‍ പിന്നെ അഴിമതിക്ക് കേസുമില്ല. അന്വേഷണവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ കേരളത്തിലെ ഇടപെടലിനെ സര്‍ക്കാര്‍ ഗൗരവത്തില്‍ കാണുന്നു. കേന്ദ്ര ഏജന്‍സികളുടെ നീക്കം സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തയക്കുമെന്നും മുഖന്ത്രി പറഞ്ഞു. പ്രധാനമന്ത്രി എന്നത് ഒരു ഭരണഘടനാ സ്ഥാപനമാണ് . ഇത്തരത്തിലുള്ള അന്വേഷണ ഏജന്‍സികളുടെ വഴിവിട്ട ഇടപെടല്‍ നിയന്ത്രിക്കാന്‍ ബാധ്യതയുള്ള വ്യക്തിയാണ് പ്രധാനമന്ത്രി. ഇതിനാലാണ് അദ്ദേഹത്തിന് കത്തയക്കുന്നത്.

കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം. സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വന്‍ മുന്നേറ്റം നടത്തും. സംസ്ഥാനത്ത് ചിലര്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നു. എന്നാല്‍ സത്യം അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. സര്‍ക്കാര്‍ തെറ്റുകാരെ സംരക്ഷിക്കില്ല. വികസന പ്രവര്‍ത്തനങ്ങളില്‍ വലിയ മുന്നേറ്റം നടത്തിയ സര്‍ക്കാറാണ് കേരളത്തിലേത്. നാലര വര്‍ഷത്തിനിടിയില്‍ സര്‍ക്കാറിനെതിരെ ഒരു അഴിമതിയും ചൂണ്ടിക്കാണിക്കാനില്ല. എന്നാല്‍ വികസനത്തില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാന്‍ ചിലര്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest