Connect with us

Articles

വാക്‌സിന്‍: പ്രതീക്ഷയും വെല്ലുവിളികളും

Published

|

Last Updated

ഒരു വര്‍ഷത്തിലേറെയായി ലോക രാജ്യങ്ങളെ മുഴുവന്‍ മുച്ചൂടും ബാധിച്ചിരിക്കുകയാണ് കൊവിഡ് 19. നമ്മുടെ കൂടെയും കൊവിഡ് 19 സഞ്ചരിക്കാന്‍ തുടങ്ങി ഒരു വര്‍ഷത്തിലേറെയായിരിക്കുന്നു. കേരളത്തില്‍ ലക്ഷക്കണക്കിന് ആളുകളെയാണ് ഈ പകര്‍ച്ച വ്യാധി ഈ ചെറിയ കാലയളവിനുള്ളില്‍ രോഗികളാക്കിയത്. ലക്ഷണക്കിന് പേര്‍ ലോകത്തുടനീളം രോഗബാധ മൂലം മരിച്ചുവീണു. കേരളത്തിലും നിരവധി കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ലോകത്തെയാകമാനം പിടിച്ചു കുലുക്കിയ കൊവിഡ് മഹാമാരിയില്‍ നിന്ന് കരകയറുന്ന ദിനം സ്വപ്നം കാണാത്ത മനുഷ്യര്‍ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ഈ രോഗം പ്രതിസന്ധിയില്‍ അകപ്പെടുത്തിയ രാഷ്ട്രങ്ങള്‍ക്കും ലോകത്തുള്ള മനുഷ്യര്‍ക്കെല്ലാവര്‍ക്കും സന്തോഷം പകരുന്ന വാര്‍ത്തയാണ് കൊവിഡ് വാക്സിന്‍ എത്തുന്നു എന്നുള്ളത്. പൊതുജനങ്ങള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കുന്നതിന് ബ്രിട്ടന്‍ തുടക്കം കുറിച്ച വാര്‍ത്ത നമ്മള്‍ അറഞ്ഞു. അധികം വൈകാതെ ഇന്ത്യയിലും ഇതിന്റെ വിതരണം ആരംഭിക്കാനിരിക്കുന്നു. ഈ ഘട്ടത്തില്‍ വാക്സിനെ കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാകേണ്ടത് വളരെ പ്രധാനമായ കാര്യമാണ്. അതേ കുറിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ശ്രീജിത്ത് രാമസ്വാമി സിറാജിനോട് സംസാരിക്കുന്നു.

എന്താണ് വാക്സിന്‍?

നമുക്ക് ഒരു രോഗം വരുന്നതിനു മുമ്പേ വാക്സിനിലൂടെ നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ആ രോഗ്യത്തെ ചെറുക്കുന്നതിന് പര്യാപ്തമാക്കുക എന്നതാണ് വാക്സിനേഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു രോഗാണുവിന്റെ വീര്യം കുറഞ്ഞതോ നിര്‍വീര്യമാക്കിയതോ ആയ ഘടകം ഇന്‍ജെക്ഷന്‍ (പ്രധാനമായും) വഴി ശരീരത്തില്‍ കടത്തുന്നതിലൂടെ ശരീരത്തിലെ ഇമ്മ്യൂണ്‍ സിസ്റ്റം ആ രോഗത്തിനെതിരെ പ്രതിരോധിക്കാന്‍ പഠിക്കുന്നു. വാക്സിനേഷനിലൂടെ പൂര്‍ണമായും നമ്മള്‍ ഇല്ലാതാക്കിയ മഹാ രോഗമാണ് വസൂരി. ഇപ്പോള്‍ ഡിഫ്തീരിയ, പോളിയോ, ഹെപ്പറ്റൈറ്റീസ്, പേവിഷബാധ മുതലായ പല അസുഖങ്ങള്‍ക്കും നമ്മള്‍ വാക്സിന്‍ എടുക്കാറുണ്ട്. വാക്സിനുകള്‍ ലോകത്താകമാനം ദശലക്ഷക്കണക്കിന് ജീവനുകള്‍ രക്ഷിക്കുന്നു.

എന്തിനാണ് കൊവിഡിന് വാക്സിന്‍?

കൊവിഡ് രോഗാണു തികച്ചും പുതിയതായതുകൊണ്ട് നമ്മുടെ ശരീരത്തിന് അതിനെതിരെ പ്രതിരോധ ശേഷി ഉണ്ടാകില്ല. ഈ രോഗത്തിന്റെ തീവ്ര രോഗ വ്യാപന ശേഷി കാരണം വളരെ പെട്ടെന്ന് പടര്‍ന്നു പിടിക്കുന്നു. മാത്രമല്ല വളരെ ലഘുവായി രോഗം വരുന്ന ആളുകളില്‍ ഇത് ശരീരത്തില്‍ വേണ്ടത്ര പ്രതിരോധം സൃഷ്ടിക്കുന്നുമില്ല. അതിനാലാണ് കൊവിഡ് രോഗം തടയാന്‍ വാക്സിന്‍ ആവശ്യമായി വരുന്നത്.

ഏതൊക്കെയാണ് കൊവിഡ് വാക്സിനുകള്‍? എപ്പോള്‍ നമുക്ക് ഇത് ലഭ്യമാകും?

കൊവിഡിനെതിരെ ഏകദേശം അമ്പതിനേക്കാള്‍ കൂടുതല്‍ വാക്സിനുകള്‍ക്കായി ലോകത്താകമാനം ക്ലിനിക്കല്‍ പഠനങ്ങള്‍ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്നു. ഇതില്‍ ഫൈസര്‍, മോഡേണ, അസ്ട്രാ എന്നീ വാക്സിനുകളാണ് പ്രധാനം. ഇതില്‍ മിക്കതിനും 90-95 ശതമാനം വരെ ഗുണം ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇന്ത്യയില്‍ ഉണ്ടാക്കുന്നതില്‍ ഭാരത് ബയോടെക് എന്ന കമ്പനിയുടെ കൊവാക്സിന്‍ എന്ന നിര്‍വീര്യമാക്കപ്പെട്ട വാക്സിനാണ് പ്രധാനം. ഇത് പഠനങ്ങളുടെ അവസാന ഘട്ടത്തിലാണ് താനും. ഫൈസര്‍ വാക്സിനാണ് ബ്രിട്ടനില്‍ പൊതുജനങ്ങള്‍ക്ക് കൊടുക്കാന്‍ ആരംഭിച്ചത്. ഈ കമ്പനി ഇന്ത്യയില്‍ വിതരണം നടത്തുന്നതിന് വേണ്ടി സര്‍ക്കാറിനെ സമീപിച്ചിട്ടുമുണ്ട്. എങ്കിലും ഇന്ത്യയിലെ പൊതുജനങ്ങള്‍ക്ക് കൊവിഡ് വാക്സിന്‍ കിട്ടാന്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ടതുണ്ട് എന്നാണ് നാം മനസ്സിലാക്കേണ്ടത്.

135 കോടിയോളം ജനസംഖ്യയുള്ള ഇന്ത്യയില്‍ കൊവിഡ് വാക്സിന്‍ വിതരണത്തിന് അടുക്കുമ്പോള്‍ എന്തൊക്കെയായിരിക്കും നേരിടാനിരിക്കുന്ന വെല്ലുവിളികള്‍?

ഇന്ത്യയില്‍ വാക്സിന്‍ സുലഭമാക്കുക എന്നുള്ളത് വളരെ കഠിനമായ ഒരു ജോലിയായിരിക്കും. ഇത്രയധികം ഡോസ് വാക്സിന്‍ ഇവിടെ എത്തിക്കുക എന്നത് തന്നെ വളരെ പ്രയാസമേറിയ ഒരു കാര്യമായിരിക്കും. മിക്ക കൊവിഡ് വാക്സിനുകളും വേണ്ടത്ര തണുപ്പില്‍ സൂക്ഷിച്ചില്ലെങ്കില്‍ അവയുടെ ഗുണം നഷ്ടപ്പെടും. ഇനി വാക്സിന്‍ എത്തിച്ചാല്‍ തന്നെ, നിര്‍ദേശിച്ച തണുപ്പ് നിലനിര്‍ത്തിക്കൊണ്ട് വേണം ഇന്ത്യാ മഹാരാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള കോടിക്കണക്കിന് മനുഷ്യര്‍ക്ക് എത്തിച്ച് കൊടുക്കുക എന്നത്. ഈ പ്രക്രിയ യഥാര്‍ഥത്തില്‍ പ്രയാസമേറിയ ഒരു കടമ്പയാണ്. അതിനാല്‍ കൊവിഡ് വാക്സിന്‍ വിതരണത്തിന് ഒരു മുന്‍ഗണനാ പട്ടിക ഉണ്ടാകുന്നത് സ്വാഭാവികം. പ്രായാധിക്യമുള്ളവര്‍, മറ്റു രോഗങ്ങള്‍ ഉള്ളതിനാല്‍ കൊവിഡ് രോഗബാധ ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍, രോഗവുമായി സമ്പര്‍ക്ക സാധ്യത കൂടുതലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായിരിക്കും ആദ്യ ഘട്ടത്തില്‍ കൊവിഡ് വാക്സിന്‍ വിതരണത്തില്‍ മുന്‍ഗണന നല്‍കുക. അടുത്ത പല ഘട്ടങ്ങളിലായി മാത്രമേ സാധാരണ പൗരന്മാര്‍ക്ക് ഈ വാക്സിന്‍ ലഭിക്കുകയുള്ളൂ. ഈ മുന്‍ഗണനാ പട്ടിക രാജ്യത്തുടനീളം തയ്യാറാക്കുക എന്നതും വളരെ വിഷമകരമായ ജോലിയാണെന്ന് പറയേണ്ടതില്ലല്ലോ. മാത്രമല്ല വളരെ താഴ്ന്ന ഊഷ്മാവില്‍ വാക്സിന്റെ സംഭരണ, വിതരണ ശൃംഖലകള്‍ ഉണ്ടാക്കുക എന്നതും വളരെ കഠിനമായ ജോലിയാണ്.

എങ്ങനെയാണ് ഈ വാക്സിന്‍ നല്‍കുന്നത്? എത്ര ഡോസ് ആയിരിക്കും ഒരു വ്യക്തിക്ക് കൊടുക്കുക?

രണ്ട് ഡോസുകളായുള്ള, മസിലില്‍ എടുക്കുന്ന ഇന്‍ജെക്ഷന്‍ രൂപത്തിലാണ് ഇപ്പോഴുള്ള പ്രധാന കൊവിഡ് വാക്സിനുകള്‍ നല്‍കുന്നത്. ആദ്യത്തെ ഡോസിന് ശേഷം മൂന്ന് മുതല്‍ നാലാഴ്ചകള്‍ക്ക് ശേഷമാണ് രണ്ടാമത്തെ ഡോസ് കൊടുക്കുന്നത്. എന്തിനാണ് ഈ രണ്ട് ഡോസുകള്‍ എന്ന് പലര്‍ക്കും സംശയം ഉണ്ടായേക്കാം. രണ്ടാം ഡോസ് എടുത്ത ശേഷം ശരീരത്തില്‍ കൊവിഡിനെതിരെ ഒരു ഡോസ് എടുക്കുന്നതിനേക്കാള്‍ ശക്തമായ പ്രതിരോധം രൂപപ്പെടുന്നു. ഇങ്ങനെ ഉണ്ടാകുന്ന ആന്റിബോഡികള്‍ മാത്രമേ നമുക്ക് കൊവിഡിനെതിരെ 90-95 ശതമാനം വരെ സംരക്ഷണം നല്‍കുകയുളളൂ. ഒരു ഡോസ് മാത്രം എടുത്താല്‍ രോഗം വരാനുള്ള സാധ്യത നിലനില്‍ക്കുന്നു എന്നാണ് അര്‍ഥമാക്കുന്നത്.

വാക്സിന് സൈഡ് എഫക്ട് ഉണ്ടാകുമോ?

ആധുനിക വൈദ്യശാസ്ത്രത്തില്‍ നൂറ് ശതമാനം സൈഡ് എഫക്ട് ഇല്ല എന്ന് പറയാവുന്ന ഒന്നുമില്ല. ഇത് വലിയൊരു യാഥാര്‍ഥ്യമാണ്. കൊവിഡ് വാക്സിന്‍ മൂന്നാം ഘട്ട പരീക്ഷണത്തില്‍ ഏകദേശം അമ്പതിനായിരത്തോളം ആളുകള്‍ക്ക് കൊടുത്തു കഴിഞ്ഞു. തലവേദന, ശരീര വേദന എന്നിവയല്ലാതെ വളരെ ഗുരുതരമായ സൈഡ് എഫക്ടുകള്‍ പഠനങ്ങളില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല എന്നുള്ളത് ആശ്വസിക്കാവുന്ന വാര്‍ത്തയാണ്. എന്നാല്‍ കൂടുതല്‍ ആളുകള്‍ക്ക് വാക്സിന്‍ നല്‍കുമ്പോള്‍ മാത്രമേ നമുക്ക് അപൂര്‍വമായ എന്തെങ്കിലും സൈഡ് എഫക്ട് ഉണ്ടോ എന്ന് മനസ്സിലാകുകയുള്ളൂ. അതിന് നമ്മള്‍ കാത്തിരിക്കുക തന്നെ ചെയ്യണം. എങ്കിലും കൊവിഡ് വാക്സിനെ പറ്റിയുള്ള പ്രാഥമികമായ നിഗമനം, അത് വളരെ സുരക്ഷിതമാണ് എന്നുള്ളത് തന്നെയാണ്.

ഏതൊക്കെ ആശുപത്രികളിലാണ് വാക്സിന്‍ ലഭ്യമാകാന്‍ സാധ്യത?

ഇപ്പോഴത്തെ അവസ്ഥ വെച്ച് ഇതിനെ കുറിച്ച് കൂടുതല്‍ പറയുക പ്രയാസമാണ്. സര്‍ക്കാര്‍ സംവിധാനത്തിലൂടെ വാക്സിന്‍ വിതരണം നടത്താനുള്ള സാധ്യതയാണ് കൂടുതല്‍ കാണുന്നത്. എന്നാല്‍ ജനസംഖ്യ വളരെ കൂടുതലുള്ള നമ്മുടെ രാജ്യത്ത് എല്ലാ ആളുകളിലേക്കും വാക്സിന്‍ എത്തിക്കാന്‍ സ്വകാര്യ ആരോഗ്യ ശൃംഖലയുടെ സഹായം തേടേണ്ടി വന്നേക്കും. പരസ്പര സഹകരണത്തിലൂടെ മാത്രമേ ഈ വലിയ ലക്ഷ്യം നമുക്ക് യാഥാര്‍ഥ്യമാക്കാന്‍ പറ്റുകയുള്ളൂ. കേരളത്തിന് എത്ര ഡോസ് ലഭിക്കും എന്ന് ഇപ്പോള്‍ പറയുക സംഭവ്യമല്ല. എന്നാല്‍ രാജ്യത്ത് കൂടുതല്‍ രോഗികള്‍ ഉള്ള ഒരു സംസ്ഥാനം എന്ന നിലയിലും ജനസാന്ദ്രത കൂടിയ സ്ഥലം എന്ന രീതിയിലും ആവശ്യത്തിന് വാക്സിന്‍ ഡോസുകള്‍ നമുക്ക് ലഭിക്കും എന്ന് തന്നെ നമുക്ക് അനുമാനിക്കാം.

കൊവിഡ് വാക്സിന്‍ വിപണിയില്‍ വലിയൊരു മത്സരത്തിനുള്ള പോര്‍മുഖം തുറക്കുന്നില്ലേ?

വിവിധ തരം വാക്സിനുകളുള്ളത് വിപണിയില്‍ ഒരു മത്സരം സൃഷ്ടിക്കുമോ എന്നുള്ളത് പ്രധാനമായ ചോദ്യമാണ്. എന്നാല്‍ ഇച്ഛാശക്തിയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് വാക്സിന്‍ കൊടുക്കുന്നതിലൂടെയും ഇതിന് ഒരു പരിഹാരം ഉണ്ടാക്കാവുന്നതേയുള്ളൂ.

വാക്സിന്‍ സ്വീകരിച്ചാല്‍ പിന്നീട് കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിനെ കുറിച്ച്?

കൊവിഡിനെതിരെ വാക്സിന്‍ എടുത്തത് കൊണ്ട് മാത്രം എല്ലാം സുരക്ഷിതമായി എന്ന ചിന്ത അപകടം ചെയ്യും. വാക്സിന്‍ സ്വീകരിച്ചതിന് ശേഷവും മാസ്‌ക്, സാനിറ്റൈസര്‍, അകലം പാലിക്കല്‍ എന്നിവ മുടക്കമില്ലാതെ പാലിക്കണം എന്നുള്ളത് പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നു. സമൂഹത്തില്‍ രോഗബാധ പൂര്‍ണ നിയന്ത്രണമെത്തുന്നത് വരെ രോഗം തടയാനുള്ള ഈ മാര്‍ഗങ്ങള്‍ നമ്മള്‍ പിന്തുടര്‍ന്നേ പറ്റുകയുള്ളൂ. എന്തെന്നാല്‍ രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുക എന്നുള്ളത് തന്നെയാണ്. അതുകൊണ്ട് തന്നെ ഏത് കൊവിഡ് വാക്സിന്‍ സ്വീകരിച്ചാലും പ്രോട്ടോകോള്‍ മറക്കാതിരിക്കണം. അത് വളരെ പ്രധാനമാണ്.

അസോ. പ്രൊഫസര്‍, കോഴിക്കോട് മെഡി.കോളജ്