Connect with us

Editorial

ജനാധിപത്യത്തിനു നേരെ വാളോങ്ങി നിതി ആയോഗ്

Published

|

Last Updated

ഇന്ത്യയില്‍ ജനാധിപത്യം വളരെ കൂടുതലാണത്രെ. അതുകൊണ്ടാണ് പോല്‍ രാജ്യത്ത് ശക്തമായ നവീകരണങ്ങള്‍ നടപ്പാക്കുന്നതിന് സാധ്യമാകാത്തത്. ഒരു മീഡിയ സംഘടിപ്പിച്ച വെര്‍ച്വല്‍ പരിപാടിയില്‍ സംസാരിക്കവെ നിതി ആയോഗ് സി ഇ ഒ അമിതാഭ് കാന്താണ് രാജ്യത്ത് അമിത ജനാധിപത്യമുണ്ടെന്ന് അഭിപ്രായപ്പെട്ടത്. കല്‍ക്കരി, ഖനനം, തൊഴില്‍, കൃഷി തുടങ്ങിയ മേഖലകളില്‍ നടപ്പാക്കിയതു പോലെയുള്ള നവീകരണങ്ങള്‍ രാജ്യത്ത് ഇനിയും ആവശ്യമാണെന്നും അത് സാധ്യമാകണമെങ്കില്‍ ജനാധിപത്യത്തെ പരിമിതപ്പെടുത്തേണ്ടതുണ്ടെന്നും അഭിതാഭ് കാന്ത് പറയുന്നു.

അതേസമയം, ഇന്ത്യയില്‍ ജനാധിപത്യം നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണെന്നാണ് ഇതേക്കുറിച്ച് വസ്തുനിഷ്ഠമായി വിലയിരുത്തിയവരൊക്കെയും ചൂണ്ടിക്കാട്ടുന്നത്. ബ്രിട്ടന്‍ ഇക്കണോമിസ്റ്റ് ഗ്രൂപ്പിന്റെ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂനിറ്റ് നടത്തിയ പഠനം തുറന്നു കാട്ടുന്നത് ജനാധിപത്യ സൂചികയില്‍ ഇന്ത്യ അടിക്കടി പിറകോട്ട്പോ യിക്കൊണ്ടിരിക്കുകയാണെന്നാണ്. ഇന്ത്യയുടെ സ്‌കോര്‍ 2018ല്‍ 7.23 ആയിരുന്നത് 2019ല്‍ 6.90ലേക്ക് കുറഞ്ഞു. തിരഞ്ഞെടുപ്പുകളിലെ സുതാര്യത, ബഹുസ്വരത, സര്‍ക്കാറിന്റെ പ്രവര്‍ത്തനം, രാഷ്ട്രീയ പങ്കാളിത്തം, രാഷ്ട്രീയ സംസ്‌കാരം, പൗര സ്വാതന്ത്ര്യം എന്നിവ മാനദണ്ഡമാക്കിയാണ് ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂനിറ്റ് ജനാധിപത്യത്തിന്റെ സൂചിക നിര്‍ണയിക്കുന്നത്. പത്രസ്വാതന്ത്ര്യം, ധാര്‍മിക നിലവാരം, സാമ്പത്തിക സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിലും ഇന്ത്യന്‍ ജനാധിപത്യം അപചയത്തിലാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്ര നിലപാട്, നിഷ്പക്ഷത, സുതാര്യത, കാര്യക്ഷമത എന്നിവയില്‍ സംശയം പ്രകടിപ്പിച്ച് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്റെ നേതൃത്വത്തില്‍ 66 ഉന്നതോദ്യോഗസ്ഥര്‍ രാഷ്ട്രപതിക്ക് കത്തയച്ചത്. ഇതും ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന പ്രതിസന്ധിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

എബ്രഹാം ലിങ്കന്റെ ഭാഷയില്‍ “ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ ജനങ്ങളെ ഭരിക്കുന്നതാണ് ജനാധിപത്യം”. ഇന്ന് പക്ഷേ, നാം തിരഞ്ഞെടുത്തയക്കുന്ന ജനപ്രതിനിധികള്‍ ഭരണം നടത്തുന്നത് ജനങ്ങള്‍ക്കു വേണ്ടിയോ അതോ കോര്‍പറേറ്റുകള്‍ക്കു വേണ്ടിയോ? ആളിപ്പടരുന്ന കര്‍ഷക സമരത്തില്‍ നിന്ന് വായിച്ചെടുക്കാനാകും ഇതിനുള്ള മറുപടി. “നാം അര്‍ഹിക്കുന്നതിലും ഒട്ടും മോശമല്ലാത്ത ഭരണം നമുക്ക് ലഭിക്കുമെന്ന് ഉറപ്പുവരുത്തുന്ന ക്രമീകരണമാണ് ജനാധിപത്യ”മെന്നാണ് പ്രമുഖ ചിന്തകനും ബുദ്ധിജീവിയുമായിരുന്ന ജോര്‍ജ് ബര്‍ണാഡ്ഷാ പറഞ്ഞുവെച്ചത്. ഇന്ത്യന്‍ ജനതക്കിപ്പോള്‍ അര്‍ഹിക്കുന്ന ഭരണം ലഭിക്കുന്നുണ്ടോ? മത, ജാതി, വംശ, ഭാഷാ, ലിംഗ വ്യത്യാസങ്ങളില്ലാതെ എല്ലാ പൗരന്മാര്‍ക്കും തുല്യമായ നീതിയും സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്യുന്ന ഭരണഘടനയാണ് ഇന്ത്യയുടേത്. ജനാധിപത്യം ഉറപ്പ് വരുത്താനാണ് സ്വാതന്ത്ര്യം ലഭിച്ച് രണ്ട് വര്‍ഷം പിന്നിട്ടപ്പോഴേക്കും ഭരണഘടനക്ക് രൂപംനല്‍കിയത്. എന്നാല്‍ ഈ തുല്യത രാജ്യത്തിപ്പോള്‍ നിലനില്‍ക്കുന്നുണ്ടോ? വര്‍ഷങ്ങള്‍ കടന്നു പോകുന്തോറും പൗരസ്വാതന്ത്ര്യം കുറഞ്ഞു വരികയാണ്. ചുറ്റുമുള്ള പല ജനാധിപത്യ രാഷ്ട്രങ്ങളും കടപുഴകി വീണപ്പോള്‍, ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥയെ അതിജീവിച്ചും പിടിച്ചു നിന്ന ഇന്ത്യന്‍ ജനാധിപത്യം സമീപ കാലത്ത് വിശിഷ്യാ മോദി ഭരണത്തില്‍ അതീവ അപകടത്തിലാണ്. ജനാധിപത്യം ഭീഷണി നേരിടുമ്പോള്‍ രക്ഷക്കെത്തേണ്ട കോടതികള്‍ പോലും വഴിതെറ്റിയാണ് സഞ്ചരിക്കുന്നതെന്ന് രാജ്യത്തോട് വിളിച്ചു പറഞ്ഞത് നാല് പ്രമുഖ സുപ്രീം കോടതി ജഡ്ജിമാര്‍ തന്നെയാണല്ലോ. കോടതിയുടെ പ്രവര്‍ത്തനം സുതാര്യമല്ലെങ്കില്‍ ജനാധിപത്യം തകരുമെന്നും അവര്‍ ഓര്‍മപ്പെടുത്തുകയുണ്ടായി.

കാര്‍ഷിക നിയമത്തിനെതിരെയുള്ള ഐതിഹാസിക സമരവും നേരത്തേ പൗരത്വ ബില്ലിനെതിരെ നടന്ന പ്രതിഷേധവുമൊക്കെയായിരിക്കണം നിതി ആയോഗ് സി ഇ ഒയെ ഇത് പറയാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ വിയോജിക്കാനും വിമര്‍ശിക്കാനുമുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ അടിത്തൂണ്‍. അതില്ലാതായാല്‍ ജനാധിപത്യം നാമമാത്രമായിത്തീരും. സര്‍ക്കാര്‍ നയങ്ങളെ സ്വതന്ത്രമായി വിമര്‍ശിക്കാനായില്ലെങ്കില്‍ ജനാധിപത്യം ദുര്‍ഭരണത്തിലേക്ക് വഴിമാറുമെന്നാണ് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ഹാമിദ് അന്‍സാരി രാജ്യസഭയിലെ തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞത്. ജനാധിപത്യ വ്യവസ്ഥയില്‍ എല്ലാവര്‍ക്കും അവകാശവും ഉത്തരവാദിത്വവുമുണ്ട്, ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന സംരക്ഷണത്തിലൂടെയാണ് ജനാധിപത്യം സമുന്നതമാകുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചിരുന്നു. അതേസമയം രാജ്യത്തെ 20 കോടിയോളം വരുന്ന മുസ്‌ലിംകള്‍ രണ്ടാംകിട പൗരന്മാരെന്ന നിലയിലാണ് ഇന്ന് പരിഗണിക്കപ്പെടുന്നത്. അവരുടെ പൗരത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഒന്നുകില്‍ കുഴിമാടത്തിലേക്ക്, അല്ലെങ്കില്‍ പാക്കിസ്ഥാനിലേക്ക് എന്നായിരുന്നല്ലോ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച മുസ്‌ലിംകളോട് ഉത്തര്‍പ്രദേശ് പോലീസ് ആക്രോശിച്ചത്.

വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിലെ സുരക്ഷാ വാല്‍വാണെന്നും അത് അനുവദിച്ചില്ലെങ്കില്‍ പൊട്ടിത്തെറിയുണ്ടാകുമെന്നും ഭീമാ കൊേറഗാവ് കേസില്‍ സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കുകയുണ്ടായി. എന്നാല്‍ ഭീതിയോടെയും ജയിലറ മുന്നില്‍ കണ്ടുമല്ലാതെ ഭരണത്തിനെതിരെ ശബ്ദിക്കാനാകുമോ മോദിയുടെ ഇന്ത്യയില്‍. സവര്‍ണ മേധാവിത്വത്തിനെതിരെ, ജാതി വ്യവസ്ഥിതികള്‍ക്കെതിരെ, കോര്‍പറേറ്റുകള്‍ക്കു വേണ്ടി പാവപ്പെട്ട ജനതയെ കുടിയൊഴിപ്പിച്ച് വഴിയാധാരമാക്കുന്നതിനെതിരെ, കപട ദേശീയതക്കെതിരെ, പശുവിന്റെ പേരില്‍ തല്ലിക്കൊല്ലുന്നതിനെതിരെയൊക്കെ പ്രതിഷേധിക്കുന്നവരെ ദേശദ്രോഹികളായി മുദ്രകുത്തി കസ്റ്റഡിയിലെടുക്കുന്ന പ്രവണതയാണ് പൊതുവെ കണ്ടുകൊണ്ടിരിക്കുന്നത്. അമിത ജനാധിപത്യമല്ല, ഇത് ജനാധിപത്യത്തെ ചുരുട്ടിക്കൂട്ടി മൂലക്കിടലാണ്. മോദിയും ഷായും ചേര്‍ന്ന് അദാനിക്കും അംബാനിക്കും രാജ്യത്തെ തീറെഴുതിക്കൊടുക്കുമ്പോള്‍ വിയോജിപ്പിന്റെ ശബ്ദം ഉയരാത്ത ഒരു സ്ഥിതിവിശേഷമാണ് നിതി ആയോഗ് സി ഇ ഒ സ്വപ്‌നം കാണുന്നത്. വെറുതെയല്ല മോദി ആസൂത്രണ കമ്മീഷനെ പിരിച്ചുവിട്ട് പകരം നിതി ആയോഗ് കൊണ്ടുവന്ന് അതിന്റെ തലപ്പത്ത് അമിതാഭ് കാന്തിനെ നിയോഗിച്ചത്.