Connect with us

Covid19

അലര്‍ജിയുള്ളവര്‍ ഫൈസര്‍ വാക്‌സിന്‍ എടുക്കരുതെന്ന് ബ്രിട്ടീഷ് അധികൃതര്‍

Published

|

Last Updated

ലണ്ടന്‍ | മരുന്നിനോടോ ഭക്ഷണത്തോടോ അലര്‍ജിയുള്ളവര്‍ ഫൈസര്‍- ബയോഎന്‍ടെക്ക് വികസിപ്പിച്ച കൊവിഡ്- 19 വാക്‌സിന്‍ എടുക്കരുതെന്ന മുന്നറിയിപ്പുമായി ബ്രിട്ടന്‍. ചൊവ്വാഴ്ചയാണ് ബ്രിട്ടനില്‍ മുന്നണിപ്പോരാളികള്‍ക്കും വയോജനങ്ങള്‍ക്കും വാക്‌സിന്‍ കുത്തിവെക്കുന്നത് ആരംഭിച്ചത്. വാക്‌സിന്‍ നല്‍കിയതിന് ശേഷം മൂന്ന് അലര്‍ജി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് മെഡിസിന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്‌സ് റഗുലേറ്ററി ഏജന്‍സി (എം എച്ച് ആര്‍ എ) അറിയിച്ചു.

അതേസമയം, വാക്‌സിന്‍ സ്വീകരിച്ച ഭൂരിപക്ഷം പേര്‍ക്കും അലര്‍ജിയുണ്ടായിട്ടില്ല. എം എച്ച് ആര്‍ എയുടെ ഉന്നത സുരക്ഷാ, ഗുണമേന്മാ, കാര്യക്ഷമതാ മാനദണ്ഡങ്ങള്‍ പാലിച്ച വാക്‌സിന്‍ ആണിതെന്നും ചീഫ് എക്‌സിക്യൂട്ടീവ് യൂനെ റെയ്‌നെ അറിയിച്ചു. ശരീരത്തിന്റെ പ്രതിരോധ ശേഷിയുടെ അമിതപ്രതികരണമായ തീവ്രഅലര്‍ജി (അനാഫിലാക്‌സിസ്) ആണ് ചിലര്‍ക്കുണ്ടായത്.

ഈ അവസ്ഥ ചിലപ്പോള്‍ അതിതീവ്രമാകുകയും ജീവന്‍ വരെ അപകടത്തിലാകുകയും ചെയ്‌തേക്കാം. അലര്‍ജി വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് ഇത്തരമൊരു നിര്‍ദേശം എം എച്ച് ആര്‍ എ പുറപ്പെടുവിച്ചത്. എം എച്ച് ആര്‍ എയുടെ അന്വേഷണത്തെ പിന്തുണക്കുന്നതായി ഫൈസറും ബയോഎന്‍ടെക്കും അറിയിച്ചു.

---- facebook comment plugin here -----

Latest