Editorial
ബി ജെ പിക്ക് പാലം പണിയുമോ രജനീകാന്ത്?

തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനിയുടെ ആരാധകരുടെ കാത്തിരിപ്പിന് വിരാമമാകുന്നു. ഡിസംബര്‍ 31ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്നും ജനുവരി ഒന്നിന് പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കുമെന്നും ട്വിറ്റിലൂടെ രജനീകാന്ത് വ്യക്തമാക്കിക്കഴിഞ്ഞു. മാറ്റങ്ങള്‍ക്ക് സമയമായിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നും ഭരണം പിടിക്കുമെന്നുമുള്ള അവകാശത്തോടെയാണ് ആസന്നമായ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ട് രജനി പാര്‍ട്ടി രൂപവത്കരണം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്. രജനി ഫാന്‍സ് അസോസിയേഷന്റെ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച ശേഷമാണ് അദ്ദേഹം പ്രഖ്യാപന തീയതി തീരുമാനിച്ചത്.
മൂന്ന് വര്‍ഷം മുമ്പ്, 2017 ഡിസംബര്‍ 31ന് കോടമ്പാക്കത്ത് രജനിയുടെ തന്നെ ഉടമസ്ഥതയിലുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ നടന്ന ആരാധക കൂട്ടായ്മയില്‍ വെച്ചാണ് രജനി ആദ്യമായി രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തുന്നത്. ആത്മീയ രാഷ്ട്രീയമായിരിക്കും തന്റേതെന്നു വ്യക്തമാക്കിയ രജനി പിന്നീട് പാര്‍ട്ടിക്കുള്ള അടിത്തറ പാകപ്പെടുത്തുന്നതിനുള്ള ശ്രമത്തിലായിരുന്നു. ആരാധക കൂട്ടായ്മക്ക് “രജനി മക്കള്‍ മന്‍ഡ്രം” എന്ന പേരും സംഘടനാ രൂപവും നല്‍കുകയും മണ്ഡലം, ജില്ല, സംസ്ഥാന തലത്തില്‍ കമ്മിറ്റികള്‍ രൂപവത്കരിക്കുകയും ചെയ്തു. മണ്ഡലം കമ്മിറ്റികള്‍ വരെയെങ്കിലും കൃത്യമായി ചലിപ്പിക്കാനുള്ള വിധത്തില്‍ പാര്‍ട്ടിക്ക് അടിത്തറ പാകപ്പെടുത്തിയിട്ട് മാസങ്ങളായി. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ, കൊവിഡ് മഹാമാരി തുടങ്ങിയ പ്രശ്‌നങ്ങളാണ് പാര്‍ട്ടി പ്രഖ്യാപനം നീളാന്‍ കാരണം.
അതേസമയം, തമിഴകം പിടിക്കാനുള്ള ബി ജെ പിയുടെ ഗൂഢപദ്ധതിയുടെ ഭാഗമാണ് രജനിയുടെ രാഷ്ട്രീയ പ്രഖ്യാപനമെന്ന് ബലമായി സംശയിക്കുന്നു രാഷ്ട്രീയ നിരീക്ഷകര്‍. രജനിയുടെ രാഷ്ട്രീയ പ്രവേശത്തെ ബി ജെ പി വക്താവ് നാരായണന്‍ തിരുപതി ഹാര്‍ദമായി സ്വാഗതം ചെയ്തതും രജനി തന്റെ പുതിയ പാര്‍ട്ടിയുടെ ചീഫ് കോ-ഓര്‍ഡിനേറ്ററായി അര്‍ജുന മൂര്‍ത്തിയെ നിയോഗിച്ചതും ഈ സന്ദേഹത്തെ ബലപ്പെടുത്തുന്നു. രജനീകാന്ത് മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ ബി ജെ പിയുമായി യോജിച്ചു പോകുന്നതാണെന്നും അദ്ദേഹവുമായി സഖ്യത്തിന് തയ്യാറാണെന്നും നാരായണന്‍ തിരുപതി വ്യക്തമാക്കി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ രജനി ബിജെ പിയെ പിന്തുണക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രജനിയുടെ പാര്‍ട്ടിയുടെ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ അര്‍ജുന മൂര്‍ത്തി ബി ജെ പിയുടെ ദേശീയ നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ്. അടുത്തിടെയാണ് അദ്ദേഹം ബി ജെ പിയില്‍ നിന്ന് രാജിവെച്ചത്. ബി ജെ പി സംസ്ഥാന നേതൃത്വം അദ്ദേഹത്തിന്റെ പെട്ടെന്നുള്ള രാജി വിശദീകരണങ്ങളില്ലാതെ സ്വീകരിക്കുകയും ചെയ്തു. ബി ജെ പി ദേശീയ, സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയുള്ള തന്ത്രപരമായ നീക്കങ്ങളായിരുന്നു ഇതെല്ലാമെന്നാണ് കരുതപ്പെടുന്നത്. പാര്‍ട്ടി രൂപവത്കരണ തീരുമാനം പ്രഖ്യാപിക്കുന്നതിന് രണ്ട് ദിവസം മുമ്പ് തന്റെ പോയസ് ഗാര്‍ഡനിലെ വസതിയില്‍ വെച്ച് അര്‍ജുന മൂര്‍ത്തിയുമായി രണ്ട് മണിക്കൂറോളം നീണ്ട ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു രജനി. കഴിഞ്ഞ കുറേ നാളുകളായി ബി ജെ പിക്കും രജനീകാന്തിനുമിടയില്‍ ഒരു പാലമായി വര്‍ത്തിക്കുകകയായിരുന്നു മൂര്‍ത്തി. രജനിയുടെ ട്വിറ്റര്‍ പേജടക്കമുള്ള എല്ലാ സാമൂഹിക മാധ്യമ അക്കൗണ്ടുകളും ഇനി മുതല്‍ അര്‍ജുന മൂര്‍ത്തിയുടെ ടീമായിരിക്കും കൈകാര്യം ചെയ്യുക.
രജനിക്ക് തമിഴ് രാഷ്ട്രീയത്തില്‍ എത്രത്തോളം ശോഭിക്കാനാകും? ജയലളിതക്കും കരുണാനിധിക്കും ശേഷം കരുത്തനായ ഒരു രാഷ്ട്രീയ നേതാവിന്റെ അസാന്നിധ്യമുണ്ട് തമിഴ്‌നാട്ടില്‍. ഈ ശൂന്യത നികത്താന്‍ രജനിക്കാകുമെന്ന് വിലയിരുത്തുന്നവരുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശത്തെ എം ജി ആറിന്റെ രാഷ്ട്രീയ പ്രവേശവുമായി സാമ്യപ്പെടുത്തുന്നു ഇവര്‍. അതിന് ചില കാരണങ്ങളും അവര്‍ മുന്‍വെക്കുന്നു. സമൂഹത്തിലെ പാവപ്പെട്ടവരുടെ നായകനായിരുന്നു എം ജി ആറെങ്കില്‍ രജനിയും തഥൈവ. എങ്കിലും ശക്തമായ ദ്രാവിഡ വേരോട്ടമുള്ള തമിഴകത്ത് ആത്മീയ രാഷ്ട്രീയത്തിനോ വര്‍ഗീയ രാഷ്ട്രീയത്തിനോ സ്വാധീനമുറപ്പിക്കുക അത്രത്തോളം എളുപ്പമാകില്ല. ഇക്കാര്യം നന്നായി അറിയാവുന്നത് കൊണ്ടായിരിക്കണം രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടന്ന് മൂന്ന് വര്‍ഷം കടന്നുപോയിട്ടും ഇതുസംബന്ധിച്ച ഒരു ഉറച്ച തീരുമാനമെടുക്കാന്‍ രജനി വൈകിയത്.
2004ലെയും 2019ലെയും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലവും രജനിയുടെ തമിഴകത്തെ രാഷ്ട്രീയ സാധ്യതക്ക് മുമ്പില്‍ ചോദ്യചിഹ്നമാണ്. 2004ല്‍ രജനി പിന്തുണച്ച ബി ജെ പി- എ ഐ എ ഡി എം കെ സഖ്യം തോറ്റമ്പുകയായിരുന്നു. അന്ന് വ്യക്തിപരമായി രജനി എതിര്‍ത്ത പട്ടാളി മക്കള്‍ കക്ഷികളുടെ എല്ലാ സ്ഥാനാര്‍ഥികളും വിജയിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം പ്രത്യക്ഷത്തില്‍ ആര്‍ക്കും പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിലും നദീജല സംയോജന പദ്ധതി പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയവരെ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. പരോക്ഷമായി ബി ജെ പി യെ പിന്തുണക്കാനുള്ള അഭ്യര്‍ഥനയായിരുന്നു ഇത്. എന്നാല്‍ എ ഐ എ ഡി എം കെയുമായി സഖ്യമുണ്ടാക്കിയിട്ടും ഒരു സീറ്റില്‍ പോലും ജയിക്കാന്‍ ബി ജെ പിക്കായില്ല.
ബി ജെ പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തോടാണ് നേരത്തേ തന്നെ രജനിക്കു താത്പര്യം. അദ്ദേഹത്തെ സ്വന്തം പാളയത്തിലെത്തിക്കാന്‍ ബി ജെ പി പരമാവധി ശ്രമിച്ചതാണ്. മുന്‍ കേന്ദ്ര മന്ത്രിയും തമിഴ്‌നാട്ടിലെ പ്രമുഖ പാര്‍ട്ടി നേതാവുമായ പൊന്‍രാധാകൃഷ്ണന്‍ രജനിയെ പരസ്യമായി ബി ജെ പിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. ഗോവയില്‍ രാജ്യാന്തര ചലച്ചിത്രമേളാ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് രജനിക്ക് പ്രത്യേക പുരസ്‌കാരം പ്രഖ്യാപിച്ചതും അദ്ദേഹത്തെ പാര്‍ട്ടിയിലേക്കാകര്‍ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. ഈ നീക്കങ്ങള്‍ വിജയിക്കാത്ത സാഹചര്യത്തിലാണ് രജനിയുടെ സ്വന്തം പാര്‍ട്ടി പ്രഖ്യാപനത്തെ പിന്തുണച്ച് അവരുമായുള്ള സഖ്യത്തിലൂടെ തമിഴകത്ത് വേരോട്ടമുണ്ടാക്കാനുള്ള തീരുമാനത്തിലേക്ക് ബി ജെ പി നേതൃത്വം നീങ്ങിയത്. ഈ പരിപ്പ് തമിഴ്‌നാട്ടില്‍ വേവുമോയെന്ന് കണ്ടറിയേണ്ടതാണ്.