National
മഹാരാഷ്ട്രയില്‍ മഹാവികാസ് അഗാഡിക്ക് തിളക്കമാര്‍ന്ന വിജയം; ബി ജെ പിക്ക് കനത്ത തിരിച്ചടി

മുംബൈ | മഹാരാഷ്ട്രയില്‍ നിയമസഭാ കൗണ്‍സിലിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ മഹാവികാസ് അഗാഡി സഖ്യത്തിന് തിളക്കമാര്‍ന്ന വിജയം. കൗണ്‍സിലിലെ ആറ് സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ശിവസേന, എന്‍ സി പി കക്ഷികള്‍ ഉള്‍പ്പെട്ട സഖ്യം നാലിടത്ത് വിജയിച്ചു. ബി ജെ പിക്ക് ഒരു സീറ്റ് മാത്രമാണ് നേടാനായത്. ഒരു സീറ്റില്‍ സ്വതന്ത്രന്‍ വിജയിച്ചു. മഹാവികാസ് അഗാഡി സഖ്യത്തില്‍ കോണ്‍ഗ്രസ്, എന്‍ സി പി സ്ഥാനാര്‍ഥികള്‍ രണ്ട് വീതം സീറ്റ് നേടിയപ്പോള്‍ ശിവസേന മത്സരിച്ച അമരാവതി സീറ്റില്‍ തോറ്റു. ഇവിടെയാണ് സ്വതന്ത്ര സ്ഥാനാര്‍ഥി ജയം നേടിയത്.
നിയമസഭയിലെ ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ പ്രത്യേക വോട്ടര്‍മാര്‍ തിരഞ്ഞെടുക്കുന്ന സീറ്റുകളിലേക്കാണ് കഴിഞ്ഞ ദിവസം ഉപ തിരഞ്ഞെടുപ്പ് നടന്നത്. മണ്ഡലത്തിലെ ബിരുദധാരികള്‍ക്കും അധ്യാപകര്‍ക്കുമായിരുന്നു വോട്ട്. ഇത്തരത്തില്‍ മൊത്തം 24 ലക്ഷത്തിലേറെ വോട്ടര്‍മാരാണ് ഉള്ളത്. മൊത്തം 78 സീറ്റാണ് ഉള്ളത്. അതില്‍ ഏഴ് വീതം സീറ്റുകള്‍ ഗ്രാജ്വേറ്റ്, ടീച്ചര്‍ സീറ്റുകളാണ്. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ആള്‍ക്കാണ് ഗ്രാജ്വേറ്റ് സീറ്റില്‍ വോട്ടവകാശമുള്ളത്. പൂര്‍ണ സമയ അംഗീകൃത അധ്യാപകര്‍ക്ക് ടീച്ചര്‍ സീറ്റില്‍ വോട്ട് ചെയ്യാം.
ആര്‍ എസ് എസ് ആസ്ഥാനം ഉള്‍പ്പെടുന്ന നാഗ്പൂര്‍ ഡിവിഷനിലും ബി ജെ പിക്ക് തിരിച്ചടി നേരിട്ടു. കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരി നിയമസഭയിലെത്തിയ നാഗ്പൂര്‍ ഡിവിഷന്‍ ഗ്രാജ്വേറ്റ്സ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ അഭിജിത് ഗോവിന്ദ് റാവു വാഞ്ചാരിയാണ് ജയിച്ചത്. 55 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് കോണ്‍ഗ്രസ് ഇവിടെ ജയിക്കുന്നത്. മഹാവികാസ് അഗാഡിയുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണ് വിജയമെന്ന് എന്‍ സി പി മേധാവി ശരത് പവാര്‍ പറഞ്ഞു. നാഗ്പൂരിലെ വജയത്തിന് തിളക്കമേറെയാണ്. അവിടെ കോണ്‍ഗ്രസ് ജയിക്കുന്നുവെന്നാല്‍ അര്‍ഥം ജനങ്ങള്‍ മാറിച്ചിന്തിക്കുന്നുവെന്നാണെന്നും പവാര്‍ പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് ഫലം പ്രതീക്ഷകള്‍ തെറ്റിച്ചുവെന്ന് ബി ജെ പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്
പറഞ്ഞു. കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഒരു സീറ്റ് മാത്രമാണ് നേടാനായത്. ഭരണ സഖ്യത്തിന്റെ ശക്തി കുറച്ചു കണ്ടത് വിനയായെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു.