Covid19
കൊവിഡ് വാക്സിൻ ആഴ്ചകൾക്കകം വിതരണത്തിന് സജ്ജമാകും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വിതരണത്തിന് തയ്യാറാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സിനുകളുടെ വില സംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തിവരികയാണെന്നും പൊതുജനാരോഗ്യത്തിന് മുന്‍ഗണന നല്‍കി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും പ്രധാനമന്തരി പറഞ്ഞു. സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരന്നു അദ്ദേഹം.
കൊവിഡ് 19 വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ വിജയിക്കുമെന്ന് ശാസ്ത്രജ്ഞര്‍ക്ക് ആത്മവിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിലകുറഞ്ഞതും സുരക്ഷിതവുമായ വാക്‌സിന് വേണ്ടിയാണ് ലോകം കാതോര്‍ത്തിരിക്കുന്നത്. അതിനാല്‍ ലോകം ഇന്ത്യയെ നിരീക്ഷിക്കുന്നുണ്ട്. മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍, പ്രായമായവര്‍, രോഗപീഢയില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ലഭ്യമാക്കുകയന്നെും പ്രധാമന്ത്രി പറഞ്ഞു.
വലിയ തോതില്‍ വാക്‌സിന്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യത്തുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വാക്‌സിന്‍ വിതരണവും അതിന്റെ നിയന്ത്രണവും ദേശീയ തലത്തിലുള്ള വിദഗ്ധ സംഘത്തിന്റെ മേല്‍നോട്ടത്തിലാകും. അവരുടെ വിദഗ്‌ധോപദേശത്തിന്റെ അടിസ്ഥാനത്തിലാകും വിതരണം. വാക്‌സിന്‍ വലിയ തോതില്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇന്ത്യയിലുണ്ട്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ വാക്‌സിന്‍ വിതരണത്തിനുള്ള തയ്യാറെടുപ്പുകള്‍ മികച്ച നിലയലാണ് പുരോഗമിക്കുന്നതെന്നും പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു.
കൊവിഡ് വിഷയത്തില്‍ സര്‍ക്കാര്‍ വിളിക്കുന്ന രണ്ടാമത്തെ സര്‍വകക്ഷി യോഗമാണ് ഇന്ന് ചേര്‍ന്നത്. രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, സുദീപ് ബന്ദോപാധ്യായ (തൃണമൂല്‍ കോണ്‍ഗ്രസ്), എന്‍സിപിയുടെ ശരദ് പവാര്‍ എന്നിവരുള്‍പ്പെടെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള 12 ഓളം നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയും യോഗത്തില്‍ പങ്കെടുത്തിരുന്നു.
പ്രധാനമന്ത്രി മോദിയെ കൂടാതെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. പാര്‍ലമെന്ററി കാര്യമന്ത്രിമാരായ പ്രഹാദ് ജോഷി, സഹമന്ത്രിമാരായ അര്‍ജുന്‍ റാം മേഘ്‌വാള്‍, വി മുരളീധരന്‍ എന്നിവരും യോഗത്തിലുണ്ടായിരുന്നു.