Connect with us

Ongoing News

ജമാഅത്ത് ബന്ധം: ഫേസ്ബുക്കിൽ പോസ്റ്റിട്ട മുല്ലപ്പള്ളി വെട്ടിലായി

Published

|

Last Updated

കോഴിക്കോട് | യു ഡി എഫിന് ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പാർട്ടിയുമായി സഖ്യമില്ലെന്ന് മീറ്റ് ദി പ്രസിൽ ആവർത്തിച്ച കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച ചിത്രം തിരിച്ചടിയായി. കഴിഞ്ഞദിവസം മലപ്പുറം ജില്ലയിലെ ഏലംകുളം പഞ്ചായത്തിൽ നടന്ന യു ഡി എഫ് സ്ഥാനാർഥി സംഗമത്തിന്റെ ചിത്രത്തിലാണ് മുല്ലപ്പള്ളിക്കൊപ്പം മുൻ നിരയിൽ വെൽഫെയർ സ്ഥാനാർഥിയും നിൽക്കുന്നത്.
മാധ്യമ പ്രവർത്തകർ ഈ ചോദ്യം ഉന്നയിച്ചപ്പോൾ അങ്ങനെ ഒരു ചിത്രം തന്റെ ഫേസ് ബുക്ക് പേജിൽ ഉണ്ടാവില്ല, ഉണ്ടെങ്കിൽ കാണിക്കൂ എന്നായി മുല്ലപ്പള്ളി. മാധ്യമ പ്രവർത്തക ഫോണിൽ ഈ ചിത്രം കാണിച്ചു കൊടുത്തു. പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർ ഇക്കാര്യം തന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഏലംകുളത്ത് ഒമ്പതാം വാർഡിൽ യു ഡി എഫ് സ്വതന്ത്രയായി മത്സരിക്കുന്ന വെൽഫെയർ സ്ഥാനാർഥി സൽമ കുന്നക്കാവാണ് ചിത്രത്തിലുള്ളത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് കുന്നക്കാവ് ഡിവിഷനിൽ വെൽഫെയർ പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച് തോറ്റയാളാണ് സൽമ. ജമാഅത്തെ ഇസ്‌ലാമിയുടെ സജീവ പ്രവർത്തകയായ ഇവരുടെ ഭർത്താവും ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകനാണെന്ന് മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടി. ജമാഅത്തെ ഇസ്്‌ലാമിയുമായി യു ഡി എഫിന് ഒരു ബന്ധവുമില്ലെന്ന് ആവർത്തിക്കുക മാത്രമാണ് മുല്ലപ്പള്ളി ചെയ്തത്.

---- facebook comment plugin here -----

Latest