Gulf
അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനം പിന്നീടെന്ന് സഊദി

റിയാദ് | കൊവിഡ് രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി സഊദി അറേബ്യ താത്ക്കാലികമായി നിര്‍ത്തിവച്ച അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കുന്ന വിഷയത്തില്‍ തീരുമാനം പിന്നീട് അറിയിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. വിമാന സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് മന്ത്രാലയം ഇത് സംബന്ധിച്ച വിശദീകരണ കുറിപ്പ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. 2021 ജനുവരി മുതല്‍ യാത്രാ നിരോധനം പൂര്‍ണമായും ഒഴിവാക്കുമെന്ന് കഴിഞ്ഞ സെപ്തംബറില്‍ അഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.
നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം 30 ദിവസം മുമ്പ് സമയപരിധി പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കിയിരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒമ്പത് മാസം മുമ്പാണ് വിദേശ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ നിലവില്‍ യു എ ഇ വഴിയാണ് സഊദിയിലെത്തുന്നത്.