Connect with us

Ongoing News

അപരന്മാർ ഇല്ലാതെ തിരഞ്ഞെടുപ്പോ

Published

|

Last Updated

കോഴിക്കോട് | അപരന്മാരെ പറ്റി പറയുമ്പോഴാ ഓർമ വരുന്നത് 2019ലെ കോഴിക്കോട്ടെ ലോക്‌സഭാ തിരഞ്ഞെടുപ്പ്. കണ്ണൂർ കുഞ്ഞിമംഗലത്തുകാരനായ എം കെ രാഘവനെ അന്ന് കോഴിക്കോട്ടുകാർക്ക് അത്രയൊന്നും പരിചയമില്ല. 1987ൽ പയ്യന്നൂരിൽ നിന്നും 1991ൽ തളിപ്പറമ്പിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട രാഘവൻ കോഴിക്കോട്ടുകാരെ സംബന്ധിച്ചിടത്തോളം പുതുമുഖമായിരുന്നു. എതിർ സ്ഥാനാർഥി എൽ ഡി എഫിലെ അഡ്വ. പി എ മുഹമ്മദ് റിയാസ്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ റിയാസ് 836 വോട്ടിന്റെ വ്യത്യാസത്തിൽ പരാജയപ്പെട്ടു. അതായത് രാഘവന്റെ ഭൂരിപക്ഷം 836 വോട്ട് എന്നർഥം. റിയാസിന്റെ അപരനും ചെറുവണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകനുമായ പി പി മുഹമ്മദ് റിയാസ് നേടിയത് 926 വോട്ടുകൾ. വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ രാഘവന്റെ ആഘോഷം പൊടിപൊടിക്കുമ്പോൾ 926 വോട്ട് നേടിയ റിയാസിനെയും പ്രവർത്തകർ എടുത്തുപൊക്കി ആഘോഷിച്ചു. രാഘവന്റെ വിജയം നിർണയിച്ച ചെറുവണ്ണൂരിലെ റിയാസ് തന്നെയായിരുന്നു അന്നത്തെ താരം. അന്ന് കേരളത്തിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷവും എം കെ രാഘവൻ എം പിക്കായിരുന്നു. ബാലറ്റ് പേപ്പറിൽ സ്വന്തം പേരിന് നേരെ വോട്ട് ചെയ്യാൻ യോഗമില്ലാത്തവരാണ് അപരന്മാർ.

തന്റെ പേരും ചിഹ്നവും വെളുക്കെ നോക്കി ചിരിക്കുമ്പോൾ കണ്ടില്ലെന്ന് നടിച്ച് ഇഷ്ട സ്ഥാനാർഥിക്ക് വോട്ട് കുത്തണം. വീട്ടുകാരോടും അയൽക്കാരോടുമൊക്കെ ഇങ്ങനെ പറയാൻ തറപ്പിച്ച് പറയുകയും വേണം. എന്തൊരു വിധി അല്ലേ.
രാഘവന് അപരനായി മത്സരിച്ച ചെറുവണ്ണൂരിലെ പി പി മുഹമ്മദ് റിയാസും ഈ സങ്കടം പങ്കുവെക്കുന്നുണ്ട്. പെയിന്റിംഗ് ജോലിക്കാരനായ റിയാസ് ജോലിയിൽ മുഴുകിക്കൊണ്ടിരിക്കുമ്പോഴാണ് പാർട്ടിക്കാരായ സുഹൃത്തുക്കൾ ജോലി സ്ഥലത്ത് തിരഞ്ഞു വരുന്നത്. ജോലി മതിയാക്കി പിന്നെ പത്രിക സമർപ്പിക്കാനുള്ള പുറപ്പാടായി. പത്രിക സമർപ്പിച്ചതിൽ പിന്നെയുള്ള രണ്ട് ദിവസം പത്രിക പിൻവലിപ്പിക്കാൻ എതിർപക്ഷത്ത് നിന്ന് കടുത്ത സമ്മർദം.

കുടുംബക്കാരെക്കൊണ്ടും ബന്ധപ്പെട്ടവരെക്കൊണ്ടുമെല്ലാം ശിപാർശ. ഒന്നിനും വഴങ്ങാതെയുള്ള ഉറച്ചു നിൽപ്പ്. അവസാനം എതിർ പാർട്ടിക്കാരുടെ വക കടുത്ത ഭീഷണി… അങ്ങനെ പോകുന്നു ഒരു അപരന്റെ അനുഭവ കഥ. ഏറ്റവും രസകരം അതല്ല. അന്ന് എം കെ രാഘവന് വേണ്ടി അപരവേഷം അണിഞ്ഞ ചെറുവണ്ണൂരിലെ പി പി മുഹമ്മദ് റിയാസ് ഇന്ന് കോൺഗ്രസിന്റെ വിമത പക്ഷത്താണ്. കോഴിക്കോട് കോർപറേഷനിലെ ചെറുവണ്ണൂർ വെസ്റ്റിൽ യു ഡി എഫ് ജമാഅത്തെ ഇസ്‌ലാമിക്ക് സീറ്റ് അനുവദിച്ചതിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് സെക്രട്ടറിയായ അദ്ദേഹം പാർട്ടിയിൽ നിന്ന് രാജിവെച്ചിരിക്കുകയാണിപ്പോൾ.

കാലമേറെ പുരോഗമിച്ചിട്ടും അപരന്മാരെ വെല്ലാനുള്ള സൂത്രമൊന്നും ആരും കണ്ടു പിടിച്ചിട്ടില്ലെന്നതാണ് സത്യം. തദ്ദേശ തിരഞ്ഞെടുപ്പിൽ എത്രയെത്ര അപരന്മാരാണുള്ളത്. സാമ്യമുള്ള പേരിനൊപ്പം ചിഹ്നവും സമാനമായാൽ അപരന്മാരുടെ ഉദ്ദേശം കെങ്കേമം. എതിർ സ്ഥാനാർഥിക്ക് അനുയോജ്യമായ പേര് കണ്ടെത്തുന്നതിനൊപ്പം ചിഹ്നം സംഘടിപ്പിക്കലും ആലോചിച്ചായിരിക്കണം.
അപരന്മാരേ പേടിച്ച് പേരിന് മുന്നിൽ പല പണികളും ഒപ്പിക്കുന്നവരുണ്ട്. ടീച്ചർ, മാസ്റ്റർ, സ്ഥലപ്പേര് എന്നിവയൊക്കെ ഇതിൽ ചിലത്. ഒറിജിനൽ സ്ഥാനാർഥിക്ക് ബൂത്ത് ഏജന്റുമാരുടെ എണ്ണം വർധിപ്പിക്കാൻ കഴിയുമെന്നതാണ് അപരന്മാരെ കൊണ്ടുള്ള മറ്റൊരു മെച്ചം.
ഓരോ സ്ഥാനാർഥിക്കും ബൂത്ത് ഏജന്റുമാരെ നിയോഗിക്കാമെന്നിരിക്കെ നല്ല ഇടപെടൽ നടത്താനും ഇതുകൊണ്ട് കഴിയും. അപരന്മാരെ തോൽപ്പിക്കാൻ വോട്ടർമാരെ ഒറിജനൽ സ്ഥാനാർഥിയുടെ നമ്പർ പഠിപ്പിക്കുന്ന പണിയും രാഷ്ട്രീയക്കാർ ആരംഭിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest