Kerala
തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ സംവരണം: സംസ്ഥാന സര്‍ക്കാറിന്റേയും തിരഞ്ഞെടുപ്പ് കമ്മിഷന്റെയും ഹരജികള്‍ ഇന്ന് ഹൈക്കോടതിക്ക് മുന്നില്‍

കൊച്ചി | തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ സംവരണം സംബന്ധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയ അപ്പീലുകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അധ്യക്ഷ സ്ഥാനങ്ങളില്‍ തുടര്‍ച്ചയായി സംവരണം ഏര്‍പ്പെടുത്തിയ നടപടി പുനര്‍ നിശ്ചയിക്കണമെന്ന് നവംബര്‍ 16 ന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്.
സിംഗിള്‍ ബെഞ്ച് ഉത്തരവ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഉത്തരവ് പ്രതികൂലമായി ബാധിക്കുമെന്ന് ഹര്‍ജികളില്‍ പറയുന്നു. കൂടാതെ അന്‍പത്തിയഞ്ച് ശതമാനം അധ്യക്ഷ സംവരണമാണ് ഇപ്പോഴുള്ളത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് നടപ്പിലാക്കിയാല്‍ സംവരണം അന്‍പത് ശതമാനത്തില്‍ താഴെയാകുമെന്നും അപ്പീലില്‍ സര്‍ക്കാര്‍ വാദിക്കുന്നുണ്ട്. ചീഫ് ജസ്റ്റീസ് എസ് മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്.