Connect with us

Articles

ഇന്ധന വിലവര്‍ധന: ദുരന്ത കാലത്തും പകല്‍ക്കൊള്ള

Published

|

Last Updated

കൊവിഡ് സൃഷ്ടിച്ച മഹാ ദുരിതത്തെ മറികടക്കാന്‍ പ്രയാസപ്പെടുന്ന ജനങ്ങളെ ഇന്ധന വിലവര്‍ധനയിലൂടെ പിടിച്ചുപറിച്ച് ഈ ദുരന്ത കാലത്തും കേന്ദ്ര സര്‍ക്കാറും എണ്ണക്കമ്പനികളും തങ്ങളുടെ പകല്‍ക്കൊള്ള തുടരുകയാണ്. നവംബര്‍ രണ്ടാം വാരത്തിനിപ്പുറം കഴിഞ്ഞ പതിനൊന്ന് ദിവസമായി തുടര്‍ച്ചയായി ഇന്ധന വില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിനൊപ്പം ജനങ്ങളുടെ ദുരിതത്തിന് ആക്കം കൂട്ടി കഴിഞ്ഞ ദിവസം പാചക വാതക വിലയും എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്.

നിലവിലെ പ്രതിദിന ഇന്ധന വിലവര്‍ധനക്ക് കാരണമായി എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത് ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണയുടെ വില വര്‍ധനയാണ്. എന്നാല്‍ കഴിഞ്ഞ ഒരു മാസം മുമ്പ് വരെ അസംസ്‌കൃത എണ്ണയുടെ വില താഴ്ന്നിരുന്നത് എണ്ണക്കമ്പനികളോ കേന്ദ്ര സര്‍ക്കാറോ അറിഞ്ഞിരുന്നില്ലെന്ന് വേണം അക്കാലത്തെ ഇന്ധന വിലയില്‍ നിന്ന് മനസ്സിലാക്കാന്‍. അതേസമയം, വിലവര്‍ധനക്കെതിരായി രാജ്യത്ത് ഉയരുന്ന പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് ഘട്ടങ്ങളിലുള്‍പ്പെടെ സര്‍ക്കാറിന് ആവശ്യമുള്ള സമയത്ത് എണ്ണവില ഉയരാതെ നോക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. കഴിഞ്ഞ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഉയര്‍ന്നപ്പോഴും രാജ്യത്ത് എണ്ണ വില ഉയരാതെ നോക്കിയിരുന്നു.

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് തുടര്‍ച്ചയായി 40 ദിവസത്തോളം രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലകള്‍ മാറ്റമില്ലാതെ തുടർന്നു. ഇതിനിടയില്‍ അസംസ്‌കൃത എണ്ണയുടെ അന്താരാഷ്ട്ര വിലയില്‍ കയറ്റിറക്കങ്ങളുണ്ടായെങ്കിലും രാജ്യത്തെ ഇന്ധന വിലയില്‍ അത് പ്രതിഫലിച്ചിരുന്നില്ല. പെട്രോള്‍ വില 50 ദിവസവും ഡീസല്‍ വില 40 ദിവസവുമാണ് മാറ്റമില്ലാതെ തുടര്‍ന്നത്. പിന്നീട് ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന മെയ് 20ന് ശേഷമാണ് ഇന്ധന വില തുടര്‍ച്ചയായി ഉയരാന്‍ തുടങ്ങിയത്. കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില നിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്ക് കൈമാറിയ ശേഷം 15 ദിവസത്തെ ശരാശരി വില കണക്കാക്കിയാണ് രാജ്യത്ത് പ്രതിദിനം പെട്രോള്‍, ഡീസല്‍ വിലകള്‍ പുതുക്കിയിരുന്നത്. എന്നാല്‍ 40 ദിവസത്തിലേറെ വില വര്‍ധിപ്പിക്കാതെ എണ്ണക്കമ്പനികള്‍ പിടിച്ചുനിന്നത് കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കാനായിരുന്നുവെന്ന് വ്യക്തമായിരുന്നു. കാരണം ഭരണതലത്തിലുള്ള ഇടപെടലില്ലാതെ ഇത്രയും ദിവസം ഇന്ധന വില സ്ഥിരമായി നിലനിര്‍ത്താന്‍ കഴിയില്ലെന്നതാണ് യാഥാര്‍ഥ്യം. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പും വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളും വില സ്ഥിരമായി നിര്‍ത്തുന്നതിന് കാരണമായിട്ടുണ്ടെന്ന കാര്യം വ്യക്തമാണ്.

നിലവിലെ ആഗോള വിപണി വില അനുസരിച്ച് 18.75 രൂപക്ക് രാജ്യത്തെത്തുന്ന ഒരു ലിറ്റര്‍ അസംസ്‌കൃത എണ്ണ പെട്രോളും ഡീസലുമായി സംസ്‌കരിക്കുന്ന ചെലവ് ഉള്‍പ്പെടെ 22 രൂപക്കാണ് പെട്രോള്‍ പമ്പുകളിലെത്തുന്നത്. എന്നാല്‍ ഇതാണ് 82 രൂപയും 78 രൂപയും മുടക്കി പെട്രോളും ഡീസലുമായി രാജ്യത്തെ ഓരോ പൗരനും വാങ്ങുന്നത്. അഥവാ യഥാര്‍ഥ വിലയുടെ മൂന്നിരട്ടിയാണ് കേന്ദ്ര സര്‍ക്കാറും എണ്ണക്കമ്പനികളും ജനങ്ങളില്‍ നിന്ന് പിടിച്ചു പറിക്കുന്നത്. ജനങ്ങള്‍ക്ക് അധിക വില നല്‍കേണ്ടി വരുന്നുവെന്നതിനപ്പുറം രാജ്യത്തെ ജനജീവിതത്തിന്റെ വിവിധ മേഖലകളെ ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ നവംബര്‍ 16ന് പെട്രോള്‍ വില 76.99 രൂപയും ഡീസല്‍ വില 71.29 രൂപയുമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണ വിലയും സംസ്‌കരണ ചെലവുമുള്‍പ്പെടെ അതേദിവസം പെട്രോള്‍ 22.44 രൂപക്കും ഡീസല്‍ 23.23 രൂപക്കുമായിരുന്നു പെട്രോള്‍ പമ്പുകളിലെത്തിയിരുന്നത്. പെട്രോളിന്റെ ഡീലര്‍ കമ്മീഷന്‍ 3.60 രൂപ. കേന്ദ്ര നികുതി 32.98 രൂപ, സംസ്ഥാനത്തിന് നല്‍കേണ്ട നികുതി 17.97 രൂപ. എന്നിവ ഈടാക്കിയതോടെ ആകെ നികുതി ഇനത്തില്‍ 50.57 രൂപയായി. ഇത് ആകെ ഉത്പന്ന വിലയുടെ 227 ശതമാനമാണ്! ഡീസലിന് കേന്ദ്രത്തിന് 31.83 രൂപയും സംസ്ഥാനത്തിന് 13.70 രൂപയും നികുതി നല്‍കുന്നതോടെ ആകെ നികുതി 45.53 രൂപയായി. 23.23 രൂപക്ക് പമ്പിലെത്തിയ ഡീസലിന്റെ നികുതി ഇതോടെ 196 ശതമാനമായി ഉയരുകയായിരുന്നു.

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ചയും വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. കൊവിഡ് 19 വാക്‌സിന്‍ പരീക്ഷണങ്ങളുടെ വിജയകരമായ മുന്നേറ്റം നല്‍കുന്ന സൂചനകളാണ് അസംസ്‌കൃത എണ്ണ വിപണിക്ക് കരുത്തേകിയത്. ഒപ്പം കൊവിഡ് വ്യാപനം പരിമിതപ്പെടുത്തുന്നതിനായി നിരവധി രാജ്യങ്ങളില്‍ ലോക്ക്ഡൗണുകള്‍ ഏര്‍പ്പെടുത്തിയത് അസംസ്‌കൃത എണ്ണ വിപണിയില്‍ ഇടക്ക് സമ്മര്‍ദം വര്‍ധിക്കാനും ഇടയാക്കിയിരുന്നു. ലോക്ക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്ന സമയത്ത് 40 ഡോളറിലുണ്ടായിരുന്ന അസംസ്‌കൃത എണ്ണ വില 45 ഡോളറിലെത്തിയിരിക്കുകയാണിപ്പോള്‍. ബ്രെന്‍ഡ് ക്രൂഡ് ഓയില്‍ ഫ്യൂച്ചറുകള്‍ ആഴ്ചയില്‍ ബാരലിന് 44.96 യു എസ് ഡോളറിനാണ് വ്യാപാരം അവസാനിച്ചിരുന്നത്.
നിലവിലെ സാഹചര്യത്തില്‍ അസംസ്‌കൃത എണ്ണ വില 60 ഡോളര്‍ വരെ ഉയരുമെന്നാണ് അന്താരാഷ്ട്ര വിപണി പ്രതീക്ഷിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ രാജ്യത്ത് പെട്രോള്‍ വില 100 രൂപയും കടന്ന് കുതിക്കും. എന്നാല്‍ എണ്ണ വിലയില്‍ നിന്ന് നികുതിയിനത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ പിടിച്ചുപറിക്കുന്ന നികുതി കുറക്കാന്‍ തയ്യാറായാല്‍ മാത്രമേ വില താഴ്ത്തി നിര്‍ത്താനാകൂ. നേരത്തേ അന്താരാഷ്ട്ര വിപണിയില്‍ ഇന്ധന വില ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ 2013-14ലെ യു പി എ സര്‍ക്കാര്‍ ഇന്ധന നികുതി 20 രൂപയില്‍ നിന്ന് രണ്ട് രൂപയായി കുറച്ചാണ് വിലക്കയറ്റം അല്‍പ്പമെങ്കിലും പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചിരുന്നത്.

എന്നാല്‍ അസംസ്‌കൃത ഇന്ധന വില പിന്നീട് കുത്തനെ ഇടിഞ്ഞെങ്കില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ച് ഇന്ധനക്കൊള്ളക്ക് പച്ചക്കൊടി കാണിക്കുകയായിരുന്നു. രാജ്യത്തിന്റെ വികസനത്തിന് മറ്റു വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വിലയുടെ മറവില്‍ രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ചും പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ കുത്തകകള്‍ക്ക് തൂക്കിവിറ്റും ജനങ്ങളെ ദ്രോഹിക്കുകയാണിപ്പോള്‍.
ഇന്ധന വില വര്‍ധിക്കുമ്പോള്‍ പൊതുവിലക്കയറ്റം കുതിക്കും. നിലവില്‍ 7.61 ശതമാനമാണ് ചില്ലറ വിലക്കയറ്റം. അത് വീണ്ടും വര്‍ധിക്കുന്നത് രാജ്യത്തെ ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കും. വിലക്കയറ്റം കൂടുമ്പോള്‍ രൂപയുടെ നിലവാരം ഇടിയുകയും അത് രാജ്യത്തെ സമ്പദ്ഘടനയെ തന്നെ ബാധിക്കുകയും ചെയ്യും. ഇതിനിടെയാണ് ജനങ്ങള്‍ക്ക് മേല്‍ ഇരുട്ടടിയായി പാചക വാതക വില വര്‍ധനയും വന്നിരിക്കുന്നത്. ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വാതക സിലിന്‍ഡറിന് 50 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. പാചക വാതക സബ്‌സിഡി തുക ഉപഭോക്താക്കള്‍ക്ക് നിലച്ചിട്ട് ആറ് മാസം പിന്നിടുന്നു. ഇക്കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക വില കുറക്കാത്തതാണ് സബ്‌സിഡിയില്ലാതാക്കിയത്. ഇതേ വിലയിലേക്ക് സബ്‌സിഡിയില്ലാത്ത പാചക വാതക വിലയും ഉയര്‍ന്നതോടെ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതി പ്രകാരം സബ്‌സിഡി തുകയില്ലാതായെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.
കഴിഞ്ഞ ആറ് മാസമായി സബ്‌സിഡി തുക ഉപഭോക്താക്കളുടെ ബേങ്ക് അക്കൗണ്ടുകളില്‍ എത്തിയിരുന്നില്ല. ഇതോടെ പാചക വാതകത്തിന് സബ്‌സിഡിയുള്ളവരും ഇല്ലാത്തവരും നല്‍കുന്നത് ഒരേ നിരക്കായി. കൊച്ചിയില്‍ 598.41 രൂപയും തിരുവനന്തപുരത്ത് 603.50 രൂപയും കോഴിക്കോട് 606.50 രൂപയുമാണ് പാചക വാതകത്തിന് മാസങ്ങളായുള്ള വില. കൊവിഡിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഇടിഞ്ഞതോടെ സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന്റെ വില കുത്തനെ കുറഞ്ഞിരുന്നു. എന്നാല്‍ സബ്‌സിഡിയുള്ള പാചക വാതകത്തിന്റെ വിലയില്‍ കാര്യമായ കുറവുണ്ടായില്ല. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള 14.2 കിലോ സിലിന്‍ഡറിന്റെ വില ഏപ്രിലില്‍ കുറച്ചിരുന്നു. ഇതോടെ ഫെബ്രുവരിയില്‍ 850.50 രൂപ വരെയായിരുന്ന കൊച്ചിയിലെ വില ഏപ്രിലില്‍ 734 രൂപയായി കുറഞ്ഞു. ഇത് വീണ്ടും കുറഞ്ഞാണ് അറുനൂറ് രൂപയില്‍ താഴെയെത്തിയത്.

എന്നാല്‍ സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന്റെ വിലക്ക് സമാനമായിട്ടും സബ്‌സിഡിയുള്ള പാചക വാതകത്തിന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വര്‍ധിപ്പിച്ച തുക പോലും കുറക്കാത്തതാണ് സബ്‌സിഡി വട്ടപ്പൂജ്യമാക്കിയത്. അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനവും രൂപയുടെ വിലയിടിവും പാചക വാതക വിലയെ നേരിട്ട് ബാധിക്കും. ഇതിനാല്‍ ഓരോ മാസവും ആദ്യത്തില്‍ തന്നെ എണ്ണക്കമ്പനികള്‍ പാചക വാതക വില നിശ്ചയിക്കും. സര്‍ക്കാര്‍ പ്രതിമാസമാണ് സബ്‌സിഡിത്തുക നിശ്ചയിക്കുന്നത്. സബ്‌സിഡി വിതരണം നിലച്ചതോടെ കേന്ദ്ര സര്‍ക്കാറിന് നടപ്പ് സാമ്പത്തിക വര്‍ഷം 20,000 കോടിയിലധികം രൂപയുടെ ലാഭമുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്.

ഇതോടൊപ്പം കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറുമ്പോള്‍ തന്നെ രാജ്യത്തെ സാമ്പത്തിക വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ നവംബറില്‍ അല്‍പ്പം പിന്നോട്ട് പോകുന്നുവെന്നാണ് സൂചനകള്‍ പുറത്തുവരുന്നത്. ഫാക്ടറി ഉത്പാദന സൂചിക മൂന്ന് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. നവംബറിലെ ഡീസല്‍ വില്‍പ്പന ഏഴ് ശതമാനമാണ് കുറഞ്ഞത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം