Connect with us

Kerala

ബുറേവി ചുഴലിക്കാറ്റ് നാളെ കേരളത്തിലേക്ക്; നാല് ജില്ലകളിൽ ചുവപ്പ് ജാഗ്രത

Published

|

Last Updated

തിരുവനന്തപുരം | ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കയിൽ തീരം തൊട്ടു. ട്രിങ്കോമാലിക്കും മുല്ലത്തീവിനും ഇടയിൽ തീരംതൊട്ട ചുഴലിക്കാറ്റ് മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിൽ നീങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ഇന്ന് പുലർച്ചെ ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരത്തെത്തുന്ന ചുഴലിക്കാറ്റ്, ഉച്ചയോടെ പാമ്പൻ തീരത്തെത്തുമെന്നാണ് വിലയിരുത്തൽ. ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി നാളെ കേരളത്തിൽ പ്രവേശിച്ചേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്. തിരുവനന്തപുരം നെയ്യാറ്റിൻകര മേഖലയിലൂടെയായിരിക്കും കാറ്റ് കടന്നുപോകുക.
ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ പലയിടത്തും കനത്ത മഴയാണ്.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് ജാഗ്രതയും തൃശൂർ, പാലക്കാട് ജില്ലകളിൽ മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലും ഇടുക്കി ജില്ലയുടെ ചില ഭാഗങ്ങളിലും മണിക്കൂറിൽ അറുപത് കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനാണ് സാധ്യത. എറണാകുളം, ഇടുക്കിയിലെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 30- 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും അതിതീവ്ര മഴക്കും സാധ്യതയുണ്ട്.

ചുഴലിക്കാറ്റിനെ നേരിടാൻ കേരളം സജ്ജമായതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ എട്ട് ടീമുകൾ കേരളത്തിലെത്തി. വ്യോമസേനയുടെ സജ്ജീകരണങ്ങൾ കോയമ്പത്തൂർ സുലൂർ എയർഫോഴ്‌സ് ബേസിലാണ് ഒരുക്കിയിരിക്കുന്നത്. നാവികസേനയും സജ്ജമായി. ചുഴലിക്കാറ്റ് കാരണം മാറ്റിപാർപ്പിക്കേണ്ടിവരുന്നവർക്കായി സംസ്ഥാനത്ത് 2,849 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിച്ചു. ഇതുവരെ 13 ക്യാമ്പുകളിലായി 175 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.

അണക്കെട്ടുകൾ തുറന്നു

തിരുവനന്തപുരം ജില്ലയിലെ നെയ്യാർ, അരുവിക്കര, കൊല്ലം ജില്ലയിലെ കല്ലട, ഇടുക്കി ജില്ലയിലെ മലങ്കര, കുണ്ടള, പാലക്കാട് ജില്ലയിലെ ശിരുവാണി, കാഞ്ഞിരപ്പുഴ, വാളയാർ, പോത്തുണ്ടി, വയനാട് ജില്ലയിലെ കാരാപ്പുഴ എന്നീ അണക്കെട്ടുകൾ തുറന്നു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് മുതൽ അഞ്ച് വരെ ഇത് തുടരാനാണ് സാധ്യത. കടൽക്ഷോഭത്തിനും സാധ്യതയുണ്ട്. മലയോര മേഖലയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. തെക്കൻ ജില്ലകളിലെ 48 വില്ലേജുകൾക്ക് അതീവ ജാഗ്രതാ നിർദേശം നൽകി. കേരള കടൽത്തീരത്ത് മത്സ്യബന്ധനം നിരോധിച്ചു. വിലക്ക് എല്ലാതരം മത്സ്യബന്ധന യാനങ്ങൾക്കും ബാധകമായിരിക്കും. നിലവിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള സുരക്ഷിതതീരത്ത് എത്തിച്ചേരണം.