Kerala
സഹകരണം യു ഡി എഫിനും പാര്‍ട്ടിക്കും ഗുണം ചെയ്യുമെന്ന് വെല്‍ഫെയര്‍ നേതാവ്

കൊച്ചി | ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫുണ്ടാക്കിയ നീക്കുപോക്ക് ഇരു കൂട്ടര്‍ക്കും ഗുണം ചെയ്യുമെന്ന് ഹമീദ് വാണിയമ്പലം. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായ അദ്ദേഹം ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍ പങ്കുവെച്ചത്.
യു ഡി എഫുമായുണ്ടാക്കിയത് പ്രദേശിക നീക്കുപോക്കാണ്. ഓരോ സ്ഥലത്തേയും സഹചര്യം പരിശോധിച്ചാണ് യു ഡി എഫിനൊപ്പം നില്‍ക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനായി നീക്കുപോക്കോ സഖ്യമോ ഉണ്ടാക്കാന്‍ നിലവില്‍ ആലോചിച്ചിട്ടില്ല. തിരഞ്ഞെടുപ്പിന് ശേഷം എന്ത് എന്നത് ഇപ്പോള്‍ ആലോചിച്ചിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമുള്ള ഭരണം സംബന്ധിച്ച കാര്യങ്ങളിലൊന്നും നിലവില്‍ ധാരണയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പുകള്‍ ഒരു വ്യത്യസ്തമായ സംവിധാനമെന്ന നിലയിലാണ് പാര്‍ട്ടി മനസിലാക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് ഒഴികെ മറ്റ് തിരഞ്ഞെടുപ്പില്‍ സ്വന്തം രാഷ്ട്രീയം കൃത്യമായി ഉയര്‍ത്തിപ്പിടിക്കാനാണ് താത്പര്യമെന്നും വെല്‍ഫെയര്‍ നേതാവ് പറഞ്ഞു.