Connect with us

National

പ്രവാസികള്‍ക്ക് ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട്; സന്നദ്ധത അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി |  പ്രവാസികള്‍ക്ക് ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ടുകള്‍ ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമമന്ത്രാലയത്തെ അറിയിച്ചു. ഇതിന് സാങ്കേതികമായും ഭരണപരമായും കമ്മീഷന്‍ ഒരുങ്ങിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. കേരളം ഉള്‍പ്പടെ അടുത്ത വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളില്‍ നടക്കുന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തന്നെ ഇത് നടപ്പാക്കാനാണ് കമ്മീഷന്‍ നീക്കം. ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗരേഖയും കമ്മീഷന്‍ നിയമമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.

വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന പ്രവാസി ഇന്ത്യക്കാരന്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്ത് വന്ന് അഞ്ച് ദിവസത്തിനുള്ളില്‍ വോട്ട് ചെയ്യാനുള്ള ആഗ്രഹം റിട്ടേണിംഗ് ഓഫീസറെ അറിയിക്കണം. തുടര്‍ന്ന് റിട്ടേണിംഗ് ഓഫീസര്‍ ബാലറ്റ് പേപ്പര്‍ ഇമെയിലിലൂടെ വോട്ടര്‍ക്ക് അയക്കണം. ബാലറ്റ് പേപ്പറിന്റെ പ്രിന്റ് ഔട്ട് എടുത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം ഏത് രാജ്യത്താണോ താമസിക്കുന്നത് അവിടുത്തെ ഇന്ത്യന്‍ എംബസി ജീവനക്കാരുടെ സാക്ഷ്യപത്രത്തോട് ഒപ്പം വോട്ട് മടക്കി അയക്കണം.

വോട്ട് തിരികെ അയക്കുന്നത് മടക്ക തപാലില്‍ ആണോ അതോ എംബസിക്ക് കൈമാറുകയാണോ എന്ന കാര്യം വ്യക്തമല്ല. പോസ്റ്റല്‍ വോട്ടുകള്‍ അതത് മണ്ഡലങ്ങളില്‍ എത്തിക്കുക എന്നത് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍മാരുടെ ഉത്തരവാദിത്വം ആയിരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറാണ് വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത്.