Connect with us

Articles

കൊടികളെ വിട്ടേക്കൂ, മുദ്രാവാക്യം ശ്രദ്ധിക്കൂ

Published

|

Last Updated

രാജ്യ തലസ്ഥാനം അതിഗംഭീരമായ ഒരു സമരത്തിന് സാക്ഷിയാകുകയാണ് ഇക്കഴിഞ്ഞ ചില ദിവസങ്ങളില്‍. എത്രകാലം അത് നീളുമെന്ന് പ്രവചിക്കുക വയ്യ. ഒരു വര്‍ഷം കാത്തിരിക്കേണ്ടി വന്നാലും ആവശ്യം അംഗീകരിക്കാതെ പിന്തിരിയില്ലെന്ന് സമരക്കാര്‍ നയം വ്യക്തമാക്കിക്കഴിഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ 2020ലെ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെയാണ് ഉത്തരേന്ത്യയില്‍ നിന്നുള്ള കര്‍ഷകര്‍ ദില്ലി ചലോ മാര്‍ച്ചുമായി എത്തിയിരിക്കുന്നത്. രാജ്യത്തെ കര്‍ഷക സമൂഹത്തോട് ഒരിക്കൽ പോലും അനുഭാവ നിലപാട് സ്വീകരിച്ചിട്ടില്ലാത്ത മോദി ഭരണകൂടം ഇപ്പോഴത്തെ കര്‍ഷക സമരത്തെ എങ്ങനെ നേരിടും എന്നാണ് അറിയാനുള്ളത്. മറ്റു പല സമരങ്ങളോടും സ്വീകരിക്കാറുള്ള നിഷേധ സമീപനം തുടരുമോ, അതോ കര്‍ഷകര്‍ക്കു വഴങ്ങുമോ?

രാജ്യത്തിന്റെ വിശപ്പടക്കുന്നത് കര്‍ഷകരാണ്. അവരുടെ അധ്വാനമാണ് നമ്മുടെ അന്നം. അവര്‍ മണ്ണില്‍ പണിയെടുക്കുന്നത് കൊണ്ടാണ് രാജ്യം നിവര്‍ന്നു നില്‍ക്കുന്നത്. പണിയായുധങ്ങള്‍ ഉപേക്ഷിച്ച് അവര്‍ കൃഷിയിടത്തില്‍ നിന്ന് കയറിപ്പോയിരുന്നെങ്കില്‍ രാജ്യമൊന്നടങ്കം പട്ടിണിയിലേക്ക് വീണുപോയേനെ. കര്‍ഷക പ്രക്ഷോഭത്തെ പരിഹസിക്കുന്നവര്‍ക്കും കര്‍ഷകരെ നേരിടാന്‍ സൈന്യത്തെ അയക്കുന്നവര്‍ക്കും ചിന്തിക്കാനാകുന്നതിനപ്പുറത്തായിരിക്കും കൃഷിഭൂമി തരിശായി കിടക്കുന്നതിന്റെ പ്രത്യാഘാതം. അങ്ങനെയൊരു ദുരന്തത്തിലേക്ക് രാജ്യത്തെ തള്ളിവിടണോ എന്ന് തീരുമാനമെടുക്കേണ്ടത് കേന്ദ്രം ഭരിക്കുന്നവരാണ്. അവര്‍ പക്ഷേ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത് എന്താണ്?

പൊള്ളയായ അവകാശവാദങ്ങള്‍, നടപ്പാക്കാന്‍ ഒരു ഉദ്ദേശവുമില്ലാത്ത പദ്ധതി പ്രഖ്യാപനങ്ങള്‍. ഇതാണ് മോദി സര്‍ക്കാറിന്റെ കര്‍ഷക സ്‌നേഹം. പിന്നിട്ട വര്‍ഷങ്ങളിലെ പൊതു ബജറ്റുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. പട്ടില്‍ പൊതിഞ്ഞ പാഷാണമായിരുന്നു ബജറ്റുകളിലെ പ്രഖ്യാപനങ്ങളില്‍ പലതും. അതും പോരാഞ്ഞിട്ടാണ് ഇടിത്തീയായി 2020ലെ കാര്‍ഷിക നിയമങ്ങള്‍. കര്‍ഷകര്‍ക്ക് നേരിട്ട് വ്യവസായികളുമായി കരാറില്‍ ഏര്‍പ്പെടാന്‍ അവസരം കിട്ടുമെന്നാണ് പുതിയ നിയമ ഭേദഗതിയുടെ ഗുണഫലമായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. ഭക്ഷ്യോത്പന്ന, കയറ്റുമതി കമ്പനികളുമായും ഹോള്‍സെയില്‍ ഡീലര്‍മാരുമായും കര്‍ഷകര്‍ക്ക് കരാറില്‍ ഏര്‍പ്പെടാം എന്നാണ് മോഹന വാഗ്ദാനം. കരാറിലെ വ്യവസ്ഥകളില്‍ പക്ഷേ സര്‍ക്കാര്‍ ഇടപെടില്ല. മിനിമം താങ്ങുവില ലഭ്യമാക്കണം എന്ന് പോലും സര്‍ക്കാര്‍ ഉപാധിവെക്കില്ല. കാര്‍ഷിക വിളകള്‍ക്ക് പെട്ടെന്ന് ഉണ്ടാകുന്ന വിലത്തകര്‍ച്ച കര്‍ഷകരെ ബാധിക്കാതിരിക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഒന്നാണ് കുറഞ്ഞ താങ്ങുവില. അതുപോലും ബാധകമല്ലാത്ത ഒരു വിപണിയിലേക്ക്, കോര്‍പറേറ്റ് ശക്തികളുടെ വായിലേക്ക് ഉത്പന്നങ്ങള്‍ തള്ളിക്കൊടുക്കേണ്ടി വരുന്ന കര്‍ഷകന്റെ ദുരവസ്ഥ എത്ര ഭീകരമായിരിക്കും! സര്‍ക്കാര്‍ സംഭരണ കേന്ദ്രങ്ങളുടെയും സര്‍ക്കാര്‍ മണ്ഡികളുടെയും എണ്ണം വര്‍ധിപ്പിച്ചുകൊണ്ട് കര്‍ഷകര്‍ക്ക് ഒപ്പം നില്‍ക്കേണ്ട ഭരണകൂടം കഴിഞ്ഞ ഒരു പതിറ്റാണ്ടായി പുതിയ സംഭരണ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടില്ല എന്നോര്‍ക്കണം. ഇപ്പോഴത്തെ സംഭരണ കേന്ദ്രങ്ങളുടെ കൈകാര്യകര്‍തൃത്വം സ്വകാര്യ മേഖലക്ക് കൈമാറുക കൂടി ചെയ്താല്‍ (വൈകാതെ അത് സംഭവിച്ചേക്കും) കര്‍ഷകരുടെ പതനം പൂര്‍ണമാകും. സ്വകാര്യ, കുത്തക കമ്പനികളുടെ വ്യവസ്ഥകള്‍ അംഗീകരിച്ച് അവര്‍ക്ക് വേണ്ടി പണിയെടുക്കുന്ന വെറുമൊരു കൂലിക്കാരനായി കര്‍ഷകന്‍ മാറാനിരിക്കുന്നു എന്നത് തന്നെയാണ് മുഖ്യ പ്രശ്‌നം. സ്വകാര്യ കമ്പനികള്‍ നിശ്ചയിക്കുന്ന വിലക്ക്, അവര്‍ ഔദാര്യം പോലെ വെച്ചുനീട്ടുന്ന നക്കാപിച്ചക്ക് ഉത്പന്നങ്ങള്‍ വില്‍ക്കേണ്ടി വരും. വ്യവസ്ഥയില്‍ വെള്ളം ചേര്‍ത്തു, വ്യവസ്ഥ തന്നെ ലംഘിക്കപ്പെട്ടു എന്നിരിക്കട്ടെ. കര്‍ഷകന്‍ എന്തുചെയ്യും? നീതി സ്ഥാപിച്ചുകിട്ടാന്‍ കോടതിയെ സമീപിക്കേണ്ടി വരും. അവിടെ നിയമയുദ്ധം നടത്തേണ്ടി വരുന്നത് ആരോടാകും? കോര്‍പറേറ്റുകളോടും കുത്തകകളോടും. അവിടെ ആര് നേടുമെന്നാണ്? കര്‍ഷകനോ മുതലാളിയോ? ഉത്തരം സമീപകാല അനുഭവങ്ങളായി നമ്മുടെ മുന്നിലുണ്ടല്ലോ.

ഇനി ന്യായമായ വില നല്‍കി കുത്തകകള്‍ കര്‍ഷകരില്‍ നിന്ന് വിളകള്‍ സംഭരിച്ചു എന്നിരിക്കട്ടെ. അത് മുഴുവന്‍ ഇന്ത്യന്‍ വിപണിയില്‍ തന്നെ വില്‍പ്പനക്കെത്തുമോ? അങ്ങനെ വേണമെന്ന് ഒരു നിബന്ധനയുമില്ല. മുതലാളിക്ക് കൂടുതല്‍ ലാഭം കിട്ടുന്ന ഏത് രാജ്യത്തേക്കും കയറ്റി അയക്കാം. നമ്മള്‍ കൊയ്യും വയലുകള്‍ മാത്രം ഇവിടെ ബാക്കിയാകുകയും വിളകള്‍ കടല്‍ കടക്കുകയും ചെയ്യും. അപ്പോള്‍ ഇവിടെ എന്ത് സംഭവിക്കും? ഭക്ഷ്യോത്പന്നങ്ങള്‍ക്ക് ക്ഷാമം നേരിടും. നമുക്ക് തിന്നാനുള്ളത് നമ്മള്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യും. അവര്‍ നിശ്ചയിച്ച വില കൊടുത്ത് വാങ്ങാന്‍ നമ്മള്‍ നിര്‍ബന്ധിക്കപ്പെടും. വിപണിയില്‍ വിലക്കയറ്റം രൂക്ഷമാകും. ജനജീവിതം പ്രതിസന്ധിയില്‍ അകപ്പെടും. നമ്മുടെ റേഷന്‍ കടകളുടെ നിലനില്‍പ്പ് പോലും അവതാളത്തിലാകും. എങ്ങനെ റേഷന്‍ സമ്പ്രദായം അവസാനിപ്പിക്കാം എന്ന് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ഒരു സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ എന്താണ് സംഭവിച്ചുകൂടാത്തത്? അല്‍പ്പം കൂടി കടന്നു പറഞ്ഞാല്‍ കര്‍ഷകന്‍ മണ്ണില്‍ എന്ത് വിളയിക്കണം എന്ന് അംബാനിയും അദാനിയുമൊക്കെ തീരുമാനിക്കുന്ന “സുവര്‍ണ കാല”മാണ് വരാനിരിക്കുന്നത്. അത് മുന്നേ മനസ്സിലാക്കിയ കര്‍ഷകരാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ തമ്പടിച്ചിരിക്കുന്നത്.
കാര്‍ഷിക നിയമം കര്‍ഷകരുടെ നന്മയെ കരുതിയുള്ളതാണ് എന്നാണ് കഴിഞ്ഞ ദിവസം മന്‍കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്. ഏത് കര്‍ഷകരെയാണ് മോദി ഉദ്ദേശിച്ചത് എന്നറിയില്ല. ഏതായാലും പ്രക്ഷോഭ രംഗത്തുള്ള കര്‍ഷകരെ അല്ലെന്നുറപ്പാണ്. പെപ്‌സി കമ്പനി വികസിപ്പിച്ചെടുത്ത എഫ് എല്‍ 2027 എന്ന പ്രത്യേകയിനം ഉരുളക്കിഴങ്ങ് വിത്ത് കൃഷി ചെയ്ത ഗുജറാത്തിലെ കര്‍ഷകരെ കമ്പനി കേസില്‍ കുടുക്കിയത് 2016ലാണ്. അന്ന് രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നില്ലായിരുന്നുവെങ്കില്‍ ആ പാവം കര്‍ഷകര്‍ ഇപ്പോഴും കോടതികള്‍ കയറിയിറങ്ങി ഒരു പരുവമായേനെ. സ്വകാര്യ കമ്പനികളെ നിര്‍ബാധം മേയാന്‍ വിട്ടാല്‍ ഇത്തരം കേസുകള്‍ പതിവാകും, വാര്‍ത്താമൂല്യം പോലും നഷ്ടമാകും. കാര്‍ഷിക മേഖലയിലേക്ക് വന്‍തോതില്‍ സ്വകാര്യ നിക്ഷേപത്തിന് വഴിയൊരുക്കുന്നുണ്ട് പുതിയ നിയമം. അതോടെ കര്‍ഷകര്‍ കമ്പനികളുടെ അടിമകളായി മാറുകയാവും ഫലം. എന്നിട്ടും ഭരണാധികാരി പറയുന്നു, നിയമം കര്‍ഷകരുടെ നന്മക്കാണ് എന്ന്!

ഇപ്പോള്‍ പ്രക്ഷോഭത്തിലുള്ളവര്‍ യഥാര്‍ഥ കര്‍ഷകര്‍ അല്ലെന്നാണ് ബി ജെ പി നേതാക്കള്‍ പറയുന്നത്. യഥാര്‍ഥ കര്‍ഷകരുടെ മാനദണ്ഡം എന്താണാവോ? ഒരു സമരത്തിനും ഇറങ്ങാതെ സര്‍ക്കാറിന്റെയും കോര്‍പറേറ്റുകളുടെയും തിട്ടൂരങ്ങള്‍ അനുസരിച്ചു കഴിഞ്ഞുകൊള്ളുക എന്നതാണോ? മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച്, പ്രാദേശിക ഭാഷ മാത്രം സംസാരിച്ച് (ഇംഗ്ലീഷ് പറയുന്ന കര്‍ഷകരോ എന്ന് സോഷ്യല്‍ മീഡിയയില്‍ സമരക്കാരെ കുറിച്ച് സംഘ് പ്രൊഫൈലുകളുടെ പരിഹാസം ഒഴുകി നടക്കുന്നു), പട്ടിണിക്കോലങ്ങളായി ജീവിച്ച് കൃഷിയിടത്തില്‍ തന്നെ മരിച്ചുവീഴുന്ന അടിമകളാണോ ബി ജെ പിയും സംഘ്പരിവാരവും വിഭാവന ചെയ്യുന്ന യഥാര്‍ഥ കര്‍ഷകര്‍? ഇന്ത്യ കണ്ട എക്കാലത്തെയും ഉജ്ജ്വലമായ കര്‍ഷക സമരത്തെ, ആ സമരത്തില്‍ അണിനിരന്ന മനുഷ്യരെ ഇങ്ങനെ അപഹസിക്കുന്ന ബി ജെ പി നേതാക്കളുടെ വാക്കുകള്‍ ആരെങ്കിലും വിശ്വാസത്തിലെടുക്കുമോ? സമരക്കാരെ തീവ്രവാദികളായി ചിത്രീകരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. മുസ്‌ലിം പള്ളികള്‍ കേന്ദ്രീകരിച്ച് നടത്തിയ ഭക്ഷണവിതരണത്തെ പോലും തീവ്രവാദത്തോട് ബന്ധിപ്പിക്കുന്ന അപഹാസ്യതയാണ് ഇപ്പോള്‍ സംഘ് കേന്ദ്രങ്ങള്‍ നടത്തുന്നത്. വയറൊട്ടിയവരോടും നിരാലംബരോടും ചേര്‍ന്നുനില്‍ക്കാനുള്ള ഇസ്‌ലാമിന്റെ ജൈവിക സ്വഭാവത്തെ വിളംബരപ്പെടുത്തുന്ന മനോഹരമായ സന്ദര്‍ഭത്തെ പോലും വര്‍ഗീയവത്കരിക്കുന്ന കുടില മനസ്സ് ഹിന്ദുത്വ ശക്തികള്‍ക്ക് മാത്രമേ ഉണ്ടാകൂ.

ഇപ്പോള്‍ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ ഒട്ടേറെ സംഘടനകളുടെ പങ്കാളിത്തം ഉണ്ട്. രാഷ്ട്രീയ സംഘടനകളും സന്നദ്ധ സംഘടനകളുമുണ്ട് സമരത്തില്‍. ഇരുപതിലേറെ കര്‍ഷക സംഘടനകളുടെ മുന്‍കൈയില്‍ പിറവി കൊണ്ട അഖിലേന്ത്യാ കര്‍ഷക കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് സമര സംഘാടകര്‍. കര്‍ഷകര്‍ക്ക് വലിയ മേല്‍ക്കൈ ഉള്ള പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് സമരക്കാരില്‍ ഭൂരിപക്ഷമെന്നാണ് മാധ്യമ വാര്‍ത്തകളില്‍ നിന്ന് മനസ്സിലാകുന്നത്. അവര്‍ പിടിച്ച കൊടിയേത് എന്നത് ഒട്ടുമേ പ്രധാനമല്ലാത്ത സമരമാണിത്. അവര്‍ വിളിക്കുന്ന മുദ്രാവാക്യമേത് എന്നതാണ് മുഖ്യം. ആ മുദ്രാവാക്യത്തെ ആര് മുന്നോട്ട് കൊണ്ടുപോകും, ആരൊക്കെ ഏറ്റെടുക്കും എന്നതാണ് ചിന്തനീയമായ കാര്യം. സമര മുദ്രാവാക്യത്തെ ചിതറിച്ചും സമരക്കാര്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിച്ചും സമരം പൊളിക്കാനാകും കേന്ദ്രം ശ്രമിക്കുക. അതിന് ഏണി വെച്ചുകൊടുക്കുന്ന അവകാശത്തര്‍ക്കങ്ങളില്‍ മുഴുകാതിരിക്കാനുള്ള സാമാന്യ മര്യാദ കക്ഷി രാഷ്ട്രീയ നേതാക്കളില്‍ നിന്ന് രാജ്യം പ്രതീക്ഷിക്കുന്നുണ്ട്. ജനാധിപത്യത്തെ വെല്ലുവിളിച്ചും ജനഹിതങ്ങള്‍ അട്ടിമറിച്ചും ബി ജെ പി നടത്തിക്കൊണ്ടിരിക്കുന്ന കോര്‍പറേറ്റ് സേവയെ ചെറുക്കാന്‍ മണ്ണിലധ്വാനിക്കുന്ന മനുഷ്യര്‍ നടത്തുന്ന ഐതിഹാസിക സമരത്തോട് ചേര്‍ന്നു നില്‍ക്കേണ്ട സമയത്ത് “ഞങ്ങളുണ്ട്, നിങ്ങളില്ല” പോലുള്ള കുറ്റപ്പെടുത്തലുകള്‍ അടിസ്ഥാനപരമായി സമരത്തെ ദുര്‍ബലപ്പെടുത്തുകയേ ഉള്ളൂ. നമ്മളെല്ലാവരുമുണ്ട് അവര്‍ക്കൊപ്പം എന്നുറക്കെ പറഞ്ഞുകൊണ്ടാണ് ഈ സമരത്തെ പ്രചോദിപ്പിക്കേണ്ടത്. പല നിര്‍ണായക സന്ദര്‍ഭങ്ങളിലും ബി ജെ പി അനുകൂല നിലപാട് സ്വീകരിച്ച അരവിന്ദ് കെജ്്രിവാളിന് പോലും ഈ സമരത്തോട് അനുഭാവം പ്രകടിപ്പിക്കേണ്ടി വന്നത് കര്‍ഷക രോഷത്തിന്റെ ചൂടും ചൂരും മനസ്സിലാക്കിയതുകൊണ്ടാണ്. രാജ്യത്താകെയും ജനാനുഭാവം കര്‍ഷക സമരത്തോട് ഉണ്ട് എന്നറിയാവുന്നത് കൊണ്ടാണ് അമിത് ഷാ അടക്കമുള്ള കേന്ദ്ര മന്ത്രിമാര്‍ മൃദുവായി സംസാരിക്കുന്നത്. അതുകൊണ്ടുതന്നെ സമരത്തിന്റെ ഉള്ളടക്കത്തെ ഒറ്റുകൊടുക്കുന്ന വിവാദങ്ങള്‍ ഒഴിവാക്കേണ്ടത് ഈ സമര വിജയത്തിന്റെ അനിവാര്യതയാണ്.

സമരത്തെ തകര്‍ക്കാനും കര്‍ഷകരെ ഡല്‍ഹിയില്‍ പ്രവേശിപ്പിക്കാതിരിക്കാനും കിണഞ്ഞു ശ്രമിച്ചതാണ് കേന്ദ്രസര്‍ക്കാര്‍. ലാത്തിപ്രയോഗം, ജലപീരങ്കി, കണ്ണീര്‍വാതകം, റോഡിനു കുറുകെ കല്ലും മണ്ണുമുപയോഗിച്ച് തടസ്സം സൃഷ്ടിക്കല്‍… സര്‍ക്കാറിന്റെയും ഡല്‍ഹി പോലീസിന്റെയും കുതന്ത്രങ്ങളെ മുഴുവന്‍ അതിജീവിച്ചാണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ സമരം ചെയ്യുന്നത്. അന്നം തരുന്നവരോട് ഭരണകൂടം നന്ദി കാണിക്കില്ല എന്നതിലേക്കുള്ള സൂചനകളാണ് പുറത്തുവന്നിരിക്കുന്നത്. ഇത് ഇന്ത്യയെ സംബന്ധിച്ച് അതിപ്രധാനമായ ചരിത്ര മുഹൂര്‍ത്തമാണ്. രാജ്യത്തിന് ജയിക്കാനും സമഗ്രാധിപത്യത്തെ തോല്‍പ്പിക്കാനും സാധിക്കുന്ന മനുഷ്യമഹാ മുന്നേറ്റമാണ് ഡല്‍ഹിയെ പുളകം കൊള്ളിക്കുന്നത്. ഭരണകൂടം ചെവി കൊടുക്കാത്ത മുദ്രാവാക്യങ്ങള്‍ക്ക് ജനം ചെവി കൊടുക്കട്ടെ, സര്‍ക്കാര്‍ കണ്ണടക്കുന്ന സമരങ്ങളുടെ നേര്‍ക്ക് ജനം കണ്ണ് തുറക്കട്ടെ. തെരുവിന്റെ ഒച്ചകള്‍ക്ക് ചെവി കൊടുക്കാതെ ഒരു ഭരണകൂടത്തിനും ദീര്‍ഘകാലം സഞ്ചരിക്കാനാകില്ല. കാരണം ഗ്രീസിലെ തെരുവിലാണ് ജനാധിപത്യം പിച്ചവെച്ചത്. തെരുവിന്റെ ഒച്ചയാണ് ജനാധിപത്യത്തിന്റെ ശരിയായ ആവിഷ്‌കാരം.

Latest