Kerala
ഇന്ന് മുതല്‍ നാല് ദിവസം സംസ്ഥാനത്ത് കനത്ത മഴയും കാറ്റും

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് മുതല്‍ നാല് ദിവസം കനത്ത മഴയും കാറ്റും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി ഇന്ന് മുത്ല്‍ വീശി തുടങ്ങും. നാളെയോടെ ബുറെവി എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് തീരംതൊടുമെന്നാണ് റിപ്പോര്‍ട്ട്. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകുന്നത് ഇന്ന് മുതല്‍ നിരോധിച്ചിരിക്കുകയാണ്. എന്തും നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ട്. നേവിയുടേയും വ്യോമസേനയുടേയും സഹായം തേടിയിട്ടുണ്ട്.
തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് ഇന്ന് മുതല്‍ ചുഴലിക്കാറ്റായി വീശുന്നത്. കന്യാകുമാരിക്ക് ആയിരം കിലോമീറ്റര്‍ അടുത്തെത്തിയ കാറ്റ് ശ്രീലങ്കക്കും ഇന്ത്യയുടെ തെക്കന്‍ തീരത്തിനുമിടയിലൂടെ അറബിക്കടലിലേക്കും അവിടെ നിന്ന് ഒമാന്‍ തീരത്തേക്കുമാണ് കുതിക്കുന്നത്. വഴിതിരിഞ്ഞ് ഇന്ത്യന്‍തീരത്തടിച്ചാല്‍ കൊടിയ നാശം വിതക്കും.
ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാലിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.