Connect with us

Covid19

കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ സമിതി

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഈയിടെ ആരംഭിച്ച വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി വാക്‌സിന്‍ നിര്‍മാണം ആരംഭിക്കുന്നതിന്റെ സാധ്യതയാണ് പരിശോധിക്കുന്നത്. ഇതിനായി സുപ്രസിദ്ധ വൈറോളജിസ്റ്റും വെല്ലൂര്‍ മെഡിക്കല്‍ കോളേജിലെ പ്രൊഫസറായിരുന്ന ഡോ. ജേക്കബ് ജോണിന്റെ നേതൃത്വത്തില്‍ വിദഗ്ധ സമിതി രൂപീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തിന്റെ പല ഭാഗങ്ങളിലായി നടന്നുവരുന്ന വാക്‌സിന്‍ പരീക്ഷണം ശുഭസൂചകമായാണ് പുരോഗമിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടു കൂടി ചില വാക്‌സിനുകള്‍ക്ക് അംഗീകാരം ലഭിക്കുകയും അടുത്തവര്‍ഷം ആദ്യത്തോടെ പരിമിതമായ അളവിലെങ്കിലും ലഭ്യമായിത്തുടങ്ങുകയും ചെയ്യുമെന്നാണ് ശാസ്ത്രലോകം പ്രകടിപ്പിക്കുന്ന പ്രതീക്ഷ. കോവിഡ് പ്രതിരോധരംഗത്തുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. അതാണ് കേന്ദ്ര ഗവണ്‍മെന്റ് നല്‍കിയ നിര്‍ദ്ദേശവും. അതുകഴിഞ്ഞ് ആ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി സമൂഹത്തില്‍ മറ്റുള്ളവര്‍ക്കും വാക്‌സിന്‍ എത്തിക്കാന്‍ ആയിരിക്കും സര്‍ക്കാര്‍ ശ്രമിക്കുക.

വാക്‌സിനുകളുടെ നിര്‍മാണം നിലവില്‍ കൂടുതലായി നടന്നുവരുന്നത് ബഹുരാഷ്ട്ര മരുന്നു കമ്പനികളുടെ മേല്‍നോട്ടത്തിലാണ്. അതുകൊണ്ടുതന്നെ അവ വിപണിയെ കേന്ദ്രീകരിക്കുന്ന ലാഭാധിഷ്ഠിതമായ ഒരു പ്രവര്‍ത്തനമായാണ് നിലനില്‍ക്കുന്നത്. എന്നാല്‍, ചിക്കുന്‍ ഗുനിയ, ഡെങ്കി, നിപ തുടങ്ങി നിരവധി വൈറല്‍ രോഗങ്ങള്‍ പടര്‍ന്നുപിടിച്ച പ്രദേശമാണ് കേരളം എന്നിരിക്കേ നമ്മുടെ സ്വന്തം നിലയ്ക്ക് വാക്‌സിനുകളുടെ ഗവേഷണവും നിര്‍മാണവും നടത്താനുള്ള ശ്രമങ്ങള്‍ ഭാവിയിലേയ്ക്കുള്ള ഒരു കരുതലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.