National
നിലപാടില്‍ പിന്നോട്ട് പോയി അമിത് ഷാ: കര്‍ഷകരുമായി ഫോണില്‍ സംസാരിച്ചു

ന്യൂഡല്‍ഹി | രാജ്യംകണ്ട ഏറ്റവും വലിയ കര്‍ഷക സമരം പുരോഗമിക്കുന്നതിനിടെ പ്രതിരോധത്തിലായ കേന്ദ്ര സര്‍ക്കാര്‍ നിലപാട് മഴപ്പെടുത്തുന്നു. സമരം അഞ്ചാം ദിവസത്തിലേക്ക് എത്തുകയും കൂടുതല്‍ പേര്‍ സമരത്തിന്റെ ഭാഗമാകുകയും ചെയ്തതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കര്‍ഷകരുമായി ഫോണില്‍ സംസാരിച്ചു. കര്‍ഷകരോട് സിംഗുവില്‍ നിന്നും സമരം ബുറാഡിയിലേക്ക് മാറ്റിയാല്‍ ചര്‍ച്ചയെന്നായിരുന്നു അമിത് ഷാ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ സമര കേന്ദ്രങ്ങള്‍ മാറ്റില്ലെന്നും ഉപാധികളോടെ ഒരു ചര്‍ച്ചക്കുമില്ലെന്നും കര്‍ഷകര്‍ പറഞ്ഞതോടെയാണ് അദ്ദേഹം ഫോണില്‍ ബന്ധപ്പെട്ടത്. ഇനി ഡിസംബര്‍ മൂന്നിന് മുന്നേ കര്‍ഷകരുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ കേന്ദ്രം നീക്കം നടക്കുന്നതായാണ് റിപ്പോര്‍ട്ട്.
നേരത്തെ കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നയത്തിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് വിദേശ രാജ്യങ്ങളിലെ പ്രതിനിധികളും രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ വംശജരായ പ്രതിനിധികളാണ് സമരത്തെ പിന്തുണച്ചും കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ചും രംഗത്തെത്തിയിരിക്കുന്നത്. ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ സമാധാനപരമായി പ്രതിഷേധം നടത്താനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും ഭരണഘടന നല്‍കിയിരിക്കുന്ന അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന രാജ്യത്തെ കര്‍ഷകര്‍ക്കെതിരെ പോലീസ് അനാവശ്യമായി അഴിച്ചുവിടുന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നുമായിരുന്നു ബ്രാംപ്ടണ്‍ വെസ്റ്റ് എം പി കമാല്‍ ഖേര പറഞ്ഞത്. നിരായുധരായ കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും ഉപയോഗിച്ച് പോലീസ് നടത്തുന്ന അക്രമണം ഭയജനകമാണെന്നും ഖേര പറഞ്ഞു.