National
വേദി മാറ്റില്ല, ഡല്‍ഹിയിലെ സമരം ശക്തമാക്കും; നിലപാട് കടുപ്പിച്ച് കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി | കേന്ദ്രത്തിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ നിലപാട് കൂടുതല്‍ ശക്തമാക്കി കര്‍ഷക സംഘടനകള്‍. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് സമരവേദി ബുറാഡിയിലേക്ക് മാറ്റാന്‍ തയാറല്ലെന്നും നഗരത്തിന്റെ പ്രവേശന കവാടങ്ങള്‍ അടച്ച് ഡല്‍ഹിയിലെ സമരം ശക്തമാക്കുമെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചര്‍ച്ചക്ക് സര്‍ക്കാര്‍ നിബന്ധനകള്‍ മുന്നോട്ടുവെക്കുന്നത് അംഗീകരിക്കാനാകില്ല. അത് കര്‍ഷകരെ അവഹേളിക്കുന്നതിന് തുല്യമാണ്. ബുറാഡിയിലേക്ക് ഒരിക്കലും സമരവേദി മാറ്റില്ല. അതൊരു തുറന്ന ജയിലാണ്. ബുറാഡിയിലേക്കു പോകുന്നതിനു പകരം ഡല്‍ഹിയിലേക്കുള്ള അഞ്ച് പ്രവേശന കവാടങ്ങളും അടച്ച് സമരം ശക്തമാക്കാനാണ് തീരുമാനം.
നാലു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ പ്രക്ഷോഭകര്‍ കൈയില്‍ കരുതിയിട്ടുണ്ടെന്നും ട്രാക്ടറുകള്‍ താമസത്തിനുള്ള ചെറിയ മുറികള്‍ കൂടിയാണെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് സര്‍ജീത് സിംഗ് ഫൂല്‍ പറഞ്ഞു.
സമരക്കാരുടെ വഴി തടയുന്നതിനായി റോഡുകളില്‍ കിടങ്ങുകള്‍ കുഴിക്കുകയാണ് ഹരിയാന സര്‍ക്കാര്‍ ചെയ്തത്. ഇപ്പോള്‍ ചര്‍ച്ചക്കായി സര്‍ക്കാര്‍ ഞങ്ങള്‍ക്കു മുന്നില്‍ ഉപാധികള്‍ വെക്കുകയും ചെയ്യുന്നു.
ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും തങ്ങളുടെ വേദിയില്‍ സംസാരിക്കാന്‍ അനുവദിക്കില്ലെന്നും എന്നാല്‍ തങ്ങളെ പിന്തുണക്കുന്ന മറ്റു സംഘടനകളെ അനുവദിക്കുമെന്നും സര്‍ജീത് സിങ് ഫൂല്‍ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സ്ഥലത്തേക്ക് സമരം മാറ്റിയാല്‍ അടുത്ത ദിവസം ചര്‍ച്ച നടത്താമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍, സമരവേദി മാറ്റില്ലെന്ന് അപ്പോള്‍ തന്നെ കര്‍ഷകര്‍ വ്യക്തമാക്കി.