National
പാര്‍ക്കിലെ ബെഞ്ചില്‍ ഇരിക്കുകയായിരുന്ന യുവാവിനു നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തു

ന്യൂഡല്‍ഹി | പശ്ചിമ ഡല്‍ഹിയില്‍ ജനക്പുരി മേഖലയിലുള്ള പാര്‍ക്കിലെ ബെഞ്ചില്‍ ഇരിക്കുകയായിരുന്ന യുവാവിനു നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തു. മഹാവീര്‍ എന്‍ക്ലേവ് നിവാസി ആലം (23) എന്നയാള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ആലമിനെ ഹരിനഗറിലെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചക്കു ശേഷമാണ് സംഭവം. ബെഞ്ചില്‍ കാല്‍ കയറ്റി ഇരിക്കുകയായിരുന്ന ആലത്തിനോട് കാല്‍ താഴ്ത്തിയിടാന്‍ പാര്‍ക്കിലെത്തിയ ഒരാള്‍ ആവശ്യപ്പെട്ടു. ആലം അനുസരിക്കാതിരുന്നതിനെ തുടര്‍ന്ന് ആവശ്യമുന്നയിച്ചയാള്‍ അസഭ്യം പറഞ്ഞ ശേഷം മടങ്ങിപ്പോയി. അല്‍പ സമയത്തിനു ശേഷം മറ്റ് രണ്ടുപേര്‍ക്കൊപ്പം തിരികെയെത്തിയെ ഇയാള്‍ കാല്‍ താഴ്ത്തിയിടാന്‍ വീണ്ടും ആലമിനോട് ആവശ്യപ്പെട്ടു. ആലം വഴങ്ങാതെ വന്നതോടെ ഇവര്‍ തമ്മില്‍ ഉന്തും തള്ളും നടക്കുകയും സംഘത്തിലൊരാള്‍ ആലമിന് നേരെ വെടി ഉതിര്‍ക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അന്വേഷണം നടന്നുവരികയാണ്.