Kerala
കോണ്‍ഗ്രസ് ബിജെപിക്കെതിരെ നിലപാടില്ലാത്ത പാര്‍ട്ടിയായി തരംതാഴ്ന്നു: മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം | കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരെ നിലപാടില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് തരംതാഴ്ന്നുവെന്ന് മന്ത്രി തോമസ് ഐസക്ക്. ബിജെപിയെ നോവിക്കേണ്ടതില്ലെന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയനിലപാടാണെന്നും ഫേസ്ബുക്കില്‍ പോസ്റ്റില്‍ തോമസ് ഐസക്ക് പറയുന്നു
എല്‍ഡിഎഫിനെതിരെ പ്രകടനപത്രികയില്‍ ഉന്നയിച്ചവര്‍ ബിജെപിക്കെതിരെ ഒന്നും മിണ്ടുന്നില്ല. വെല്‍ഫെയര്‍ പാര്‍ട്ടിയായിപ്പോലും സഖ്യത്തിന് ഇവര്‍ തയ്യാറാകുന്നു. ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിച്ചും ന്യൂനപക്ഷവര്‍ഗീയതയെ പ്രോത്സാഹിപ്പിച്ചും അപകടകരമായ ഒരു ഞാണിന്‍മേല്‍ കളി കളിക്കുകയാണവര്‍. ഇത് നാട്ടിനുണ്ടാക്കുന്ന ആപത്തിനെക്കുറിച്ച് ഒരു വേവലാതിയും കോണ്‍ഗ്രസിനില്ല. ഈ അവസരവാദ രാഷ്ട്രീയത്തിനു കേരളം കനത്ത തിരിച്ചടി കൊടുക്കുക തന്നെ ചെയ്യും.
രാഷ്ട്രീയമായി പാപ്പരായതുകൊണ്ടാണു സ്വന്തം മുദ്രാവാക്യം തന്നെ അവര്‍ക്കു വിഴുങ്ങേണ്ടി വന്നത്. അഴിമതിക്കെതിരെ ഒരു വോട്ട് എന്ന കൊട്ടിഘോഷിക്കപ്പെട്ട മുദ്രാവാക്യം പ്രകടനപത്രികയില്‍നിന്ന് അവര്‍ക്കു പിന്‍വലിക്കേണ്ടി വന്നു. ഈ മുദ്രാവാക്യവും വിളിച്ചു നടന്നാല്‍ ജനം കൂകുമെന്ന് ബോധ്യമായതുകൊണ്ടാണ് അത് പിന്‍വലിക്കേണ്ടി വന്നതെന്നും തോമസ് ഐസക്ക് പരിഹസിച്ചു.