Kerala
കെ എസ് എഫ് ഇ വിജിലന്‍സ് റെയ്ഡിന്റെ വിവരങ്ങള്‍ പുറത്തുവിടണം: ചെന്നിത്തല

കോഴിക്കോട് | കെ എസ് എഫ് ഇയില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ക്രമക്കേടുണ്ടെന്ന കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി കണ്ടെത്തിയ വിജിലന്‍സിന് വട്ടാണെന്നാണ് ധനമന്ത്രി പറഞ്ഞത്. ആര്‍ക്കാണ് വട്ട്? മുഖ്യമന്ത്രിയുടെ വകുപ്പാണ് വിജിലന്‍സ്. വിജിലന്‍സിനെ നയിക്കുന്ന മുഖ്യമന്ത്രിക്കാണോ അതോ സ്വയം വട്ടാണായെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം കെ എസ് എഫ് ഇയില്‍ നടത്തിയ റെയ്ഡിന്റെ വിവരം വിജിലന്‍സ് പുറത്തുവിടാത്തതെന്തന്ന് ചെന്നിത്തല ചോദിച്ചു. സ്വര്‍ണക്കള്ളക്കടത്ത് പോലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചാവിഷയമാവുന്നതിനിടയിലാണ് കെ എസ് എഫ് ഇയിലെ വിജിലന്‍സ് റെയ്ഡ് നടന്നത്. ഇത്തരം ഓപ്പറേഷനുകള്‍ കഴിഞ്ഞാല്‍ അന്വേഷണത്തിന്റെ വിവരങ്ങള്‍ പുറത്തുവിടാറുണ്ട്. തോമസ് ഐസക്കിന് ധനകാര്യമന്ത്രിയെന്ന നിലയില്‍ തനിക്ക് കീഴിലുള്ള ഒരു വകുപ്പിലും അഴിമതി കണ്ടെത്തുന്നത് ഇഷ്ടമല്ല. അഴിമതി കണ്ടെത്തുന്നത് കണ്ടാല്‍ തോമസ് ഐസക് ഉറഞ്ഞുതുള്ളും. പൊതുസമൂഹത്തിന്റെ പണമാണ് കെ എസ് എഫ് ഇയുടേത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതിനു ശേഷം മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മില്‍ പടയൊരുക്കം ആരംഭിച്ചിരിക്കുകയാണ്. പോലീസ് ആക്ടിലെ ഭേദഗതി മുന്നോട്ടുവന്നപ്പോള്‍ അതിനെതിരെ ആദ്യം പരസ്യമായി മുന്നോട്ടുവന്നത് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയാണ്. പാര്‍ട്ടിക്ക് തെറ്റുപറ്റിയെന്നാണ് പാര്‍ട്ടി സെക്രട്ടറി ചുമതലയുള്ള എ വിജയരാഘവനും കഴിഞ്ഞദിവസം പറഞ്ഞത്. ഇപ്പോഴിതാ തോമസ് ഐസകും മുഖ്യമന്ത്രിയുടെ വകുപ്പിനെതിരേയും രംഗത്തുവന്നിരിക്കുന്നു. സി എം രവീന്ദ്രനെ കൂടി ചോദ്യം ചെയ്താല്‍ ഈ പടയൊരുക്കം കൂടുതല്‍ വ്യക്തമാവും. കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയതോടെയാണ് ഈ പടയൊരുക്കം ആരംഭിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിന്റെ മണ്ണ് ബി ജെ പിക്ക് ഗുണകരമല്ല. ഈ തിരഞ്ഞെടുപ്പോടെ കേരളത്തില്‍ ബി ജെ പി പൂര്‍ണമായും അസ്തമിക്കും. അവരുടെ രാഷ്ട്രീയ അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്കെത്തുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.