Connect with us

Editorial

കൊവിഡും തദ്ദേശ തിരഞ്ഞെടുപ്പും

Published

|

Last Updated

കൊവിഡ് പ്രതിരോധത്തിനു കേന്ദ്ര സർക്കാർ ഇറക്കുന്ന മാർഗരേഖ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന സംസ്ഥാനങ്ങൾക്കെതിരെ കടുത്ത വിമർശമാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ നിന്നുണ്ടായത്. ആഘോഷ പരിപാടികളിലും മറ്റും പങ്കെടുക്കുന്ന 80 ശതമാനം പേരും മാസ്‌കുകൾ ധരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി രാജ്യത്തെ കൊവിഡ് വ്യപനത്തിന്റെ നിലവിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും വാക്‌സിനുകൾ തയ്യാറാക്കുന്നതു വരെ പ്രതിരോധ നടപടികളിൽ വീഴ്ച വരുത്തരുതെന്നും നിഷ്‌കർഷിച്ചു. ശൈത്യ കാലത്തേക്ക് പ്രവേശിച്ച ഉത്തരേന്ത്യയിൽ കൊവിഡ് വ്യാപനം കൂടുതൽ രൂക്ഷമായിരിക്കെ പ്രതിരോധ നടപടികൾ വിശദമാക്കാൻ ഡൽഹി, ഗുജറാത്ത് സർക്കാറുകളോട് ആവശ്യപ്പെട്ട കോടതി ഗുജറാത്തിൽ വിവാഹാഘോഷങ്ങൾക്കും മറ്റും അനുമതി നൽകിയത് ശരിയായില്ലെന്നു ചൂണ്ടിക്കാട്ടി. മൃതദേഹങ്ങൾ മാന്യമായി സംസ്‌കരിക്കാൻ സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു.

ഡൽഹിയിലാണ് സ്ഥിതിഗതികൾ ഏറ്റവും മോശം. പൊതുവേ രാജ്യത്ത് കൊവിഡ് കേസുകൾ കുറഞ്ഞു വരവേ ഡൽഹിയിൽ പൂർവോപരി വർധിച്ചു വരികയാണ്. ഇവിടെ നാല് പേരിൽ ഒരാൾക്ക് എന്ന തോതിൽ വൈറസ് വ്യാപനം നടക്കുന്നതായാണ് കണക്ക്. ആകെ രോഗബാധിതരുടെ എണ്ണം അഞ്ചര ലക്ഷത്തോളവും മരണം ഒമ്പതിനായിരത്തോളവുമായി ഉയർന്നിട്ടുണ്ട്. നവംബർ ഒന്ന് മുതൽ 24 വരെ 1.53 ലക്ഷം രോഗികളും 2,100 മരണവുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ശൈത്യം വർധിച്ചതിനു പുറമേ വിവാഹാഘോഷങ്ങൾക്കും മറ്റും കൂടുതൽ ഇളവ് പ്രഖ്യാപിച്ചതു കൂടിയാണ് രോഗവർധനവിനു കാരണം. വ്യാപനം പിന്നെയും ശക്തിപ്പെട്ട സാഹചര്യത്തിൽ ഇളവുകൾ പിൻവലിക്കാനുള്ള തീരുമാനത്തിലാണ് ഡൽഹി സർക്കാർ. ഇതിനു അംഗീകാരം തേടി ലഫ്റ്റനന്റ് ഗവർണറെ സമീപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിക്കുന്നു. രോഗവ്യാപനം കുറഞ്ഞപ്പോൾ വിവാഹ ചടങ്ങുകളിൽ 200 പേർക്കു വരെ പങ്കെടുക്കാൻ അനുമതി നൽകിയിരുന്നു. അത് വീണ്ടും 50 ആയി ചുരുക്കും.
കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം നിലവിൽ കൊവിഡ് മരണ നിരക്കിൽ 83.80 ശതമാനവും മഹാരാഷ്ട്ര, കേരളം, കർണാടക, തമിഴ്‌നാട്, ഡൽഹി, പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ്, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത് (18.9%). കേരളമാണ് രണ്ടാം സ്ഥാനത്ത്. രാജ്യത്ത് നിലവിൽ ചികത്സയിലുള്ള കൊവിഡ് രോഗികളിൽ 14.7 ശതമാനം പേരും കേരളത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ മരണ നിരക്ക് കുറച്ചു കാണിക്കുന്നതിനായി കൊവിഡ് ബാധ മൂലം മരിക്കുന്ന എല്ലാ മരണവും സർക്കാർ ആ ഗണത്തിൽ പെടുത്തുന്നില്ലെന്നു പ്രചരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഈ ആരോപണം ദുഷ്ടലാക്കോടെയുള്ളതാണെന്നും സംസ്ഥാനത്തെ എല്ലാ കൊവിഡ് മരണങ്ങളും കണക്കിൽപ്പെടുത്തുന്നുണ്ടെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. കൊവിഡ് മൂലമാണോ മരണമെന്ന് സംശയിക്കുന്ന മൃതദേഹങ്ങൾ പോലും വിശദമായ പരിശോധനക്ക് വിധേയമാക്കുന്നുന്നുണ്ട്. ഇന്റർനാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ക്ലാസിഫിക്കേഷൻ ഓഫ് ഡിസീസസ് ഇറക്കിയ മാർഗരേഖ പ്രകാരമാണ് മരണം ഏതു ഗണത്തിൽ പെട്ടതാണെന്നു നിർണയിക്കുന്നതെന്നും കേരളം സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പൊതുവേ മറ്റ് സംസ്ഥാനങ്ങളെയും രാജ്യങ്ങളെയും അപേക്ഷിച്ചു കുറവാണ് കേരളത്തിൽ കൊവിഡ് മരണനിരക്ക്. സർക്കാർ രേഖകൾ പ്രകാരം ആകെ രോഗികളുടെ 0.37 ശതമാനം മാത്രമാണ് മരണം. ദേശീയ തലത്തിൽ ഇത് ഒന്നര ശതമാനത്തിനടുത്തു വരും. ഒരാഴ്ച മുമ്പത്തെ കണക്ക് പ്രകാരം ഇന്ത്യയിൽ രോഗബാധിതരായ 92,00,407 പേരിൽ 1,34,477 പേരും സംസ്ഥാനത്ത് രോഗബാധിതരായ 5,71,873 പേരിൽ 2,096 പേരുമാണ് കൊവിഡ് മൂലം മരിച്ചത്. റിവേഴ്‌സ് ക്വാറന്റൈൻ (രോഗംവന്നാൽ അപകടസാധ്യത കൂടുതലുള്ള ആളുകളെ രോഗം പകർത്താൻ സാധ്യതയുള്ളവരിൽ നിന്നു അകറ്റി സംരക്ഷിച്ചു നിർത്തൽ) നടപ്പാക്കുന്നതിൽ കാണിച്ച ജാഗ്രത, ജീവിതശൈലീരോഗങ്ങൾ നേരിടുന്നതിനുള്ള വിപുലവും ശക്തവുമായ സംവിധാനങ്ങൾ, തുടക്കത്തിൽ സംസ്ഥാനത്തെ രോഗപ്പകർച്ച പതിയെ ആയതിനാൽ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനും ഡോക്ടർമാർക്കും നഴ്‌സുമാർക്കുമൊക്കെ രോഗം നേരിടാനുള്ള പരിശീലനം നൽകാൻ സാധിച്ചത്. ഇതൊക്കെയാണ് ഇവിടെ മരണ നിരക്ക് കുറയാൻ കാരണമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ് എസ് സന്തോഷ്‌കുമാർ നിരീക്ഷിക്കുന്നു. ഇതര സംസ്ഥാനങ്ങളിൽ റിവേഴ്‌സ് ക്വാറന്റൈൻ നടപ്പാക്കാനുള്ള സൗകര്യങ്ങളും പൊതു ചികിത്സാ സംവിധാനവും പരിമിതമാണ്. രോഗ പ്രതിരോധത്തിനു സഹായമായ മാസ്‌ക് ധരിക്കൽ. അകലം പാലിക്കൽ തുടങ്ങിയ കാര്യങ്ങളിലും ഇതര സംസ്ഥാന ജനതയെ അപേക്ഷിച്ച് കേരളീയർ ശ്രദ്ധാലുക്കളാണ്.

എങ്കിലും നേരത്തേ സംസ്ഥാന സർക്കാറും ജനങ്ങളും കാണിച്ചിരുന്ന ജാഗ്രതയും ശ്രദ്ധയും കുറയുകയും അത് രോഗവ്യാപനം കൂടാൻ ഇടയാക്കുകയും ചെയ്തിട്ടുണ്ട്. രോഗപ്പകർച്ചയുടെ തുടക്കത്തിൽ ഏതെങ്കിലും ഒരു ഭാഗത്ത് ഒന്നോ രണ്ടോ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ഓരോ വീട്ടിലും പോലീസും ആരോഗ്യ പ്രവർത്തകരും എത്തി കാര്യങ്ങൾ തിരക്കുകയും ബോധവത്കരിക്കുകയും ജനങ്ങൾ കടുത്ത ജാഗ്രത പാലിക്കുകയും ചെയ്തിരുന്നു. അൺലോക്കിംഗ് ആരംഭിച്ചതോടെ വിശിഷ്യാ ഓണാഘോഷത്തിനു കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ ജനങ്ങൾ കൂടുതലായി പുറത്തിറങ്ങാൻ തുടങ്ങുകയും രോഗത്തെക്കുറിച്ചുള്ള ഭീതി വിട്ടൊഴിയുകയും ചെയ്തിട്ടുണ്ട്. ആസന്നമായ തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് സ്ഥിതി ഇനിയും രൂക്ഷമാക്കാനുള്ള സാധ്യതയുണ്ട്. കൊവിഡ് വ്യാപനം തടയുന്നതിന് പ്രചാരണ മേഖലയിലും വോട്ടെടുപ്പ് ഘട്ടത്തിലും തിരഞ്ഞെടുപ്പ് കമ്മീഷൻ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രചാരണത്തിനു ചൂടുപിടിച്ചതോടെ കൊവിഡ് പ്രോട്ടോകോളുകൾ ലംഘിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. തിരഞ്ഞെടുപ്പായതു കൊണ്ട് നിയമപാലകരും ആരോഗ്യ പ്രവർത്തകരും സർക്കാറും അതിനു നേരെ കണ്ണടക്കുകയും ചെയ്യുന്നു. ഇതിനെതിരെ ശക്തമായ നപടികൾ സ്വീകരിച്ചില്ലെങ്കിലും കാര്യങ്ങൾ പിടിവിട്ടേക്കും.

---- facebook comment plugin here -----

Latest