National
ടി എം സി എം എല്‍ എമാര്‍ക്ക് മമത സര്‍ക്കാറില്‍ വിശ്വാസം നഷ്ടപ്പെട്ടു: ദിലിപ് ഘോഷ്

കൊല്‍ക്കത്ത | മമത സര്‍ക്കാറില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്കും മന്ത്രിമാര്‍ക്കും വിശ്വാസം നഷ്ടപ്പെട്ടതായി പശ്ചിമ ബംഗാള്‍ ബി ജെ പി തലവന്‍ ദിലിപ് ഘോഷ്. ടി എം സി എം എല്‍ എമാര്‍ക്ക് അവരുടെ പാര്‍ട്ടിയില്‍ വിശ്വാസമില്ലെങ്കില്‍ പിന്നെ എങ്ങിനെയാണ് സാധാരണ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാവുകയെന്ന് അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പരാജയപ്പെട്ട ദീദി ഇപ്പോള്‍ പാര്‍ട്ടിയുടെ ദുരന്ത നിവാരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ടി എം സിയില്‍ നിന്ന് ബി ജെ പിയിലേക്കു വരാന്‍ നിരവധി പേര്‍ ക്യൂ നില്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനാല്‍, ഇനിയങ്ങോട്ട് പതിവായി യോഗങ്ങള്‍ വേണ്ടിവരുമെന്ന് പാര്‍ട്ടിയുടെ ഉന്നത നേതാവ് സുവേന്ദു അധികാരിയുടെ രാജിക്കു ശേഷം മുഖ്യമന്ത്രിയുടെ വസതിയില്‍ അടിയന്തര യോഗം വിളിച്ചു ചേര്‍ക്കപ്പെട്ടതിനെ പരാമര്‍ശിക്കവേ ദിലിപ് ഘോഷ് പറഞ്ഞു.
ടി എം സിയുടെ നാളുകള്‍ അവസാനിച്ചു. പോലീസ് മാത്രമാണ് ഇപ്പോള്‍ അവരുടെ നിയന്ത്രണത്തിലുള്ളത്. ജനങ്ങള്‍ ഞങ്ങളുടെ പാര്‍ട്ടിയിലേക്ക് ഒഴുകുകയാണ്- ദിലിപ് കൂട്ടിച്ചേര്‍ത്തു.