National
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം ജമ്മു കശ്മീരില്‍ ഇതാദ്യമായി തിരഞ്ഞെടുപ്പ്; ജില്ലാ വികസന കൗണ്‍സിലിലേക്കുള്ള വോട്ടെടുപ്പ് എട്ടു ഘട്ടങ്ങളായി

ജമ്മു | പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രം റദ്ദാക്കിയ ശേഷം ജമ്മു കശ്മീരില്‍ ഇതാദ്യമായി തിരഞ്ഞെടുപ്പ്. ജില്ലാ വികസന കൗണ്‍സിലിലേക്കാണ് ഇന്ന് മുതല്‍ എട്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 19നാണ് അവസാന ഘട്ടം. 22നാണ് വോട്ടെണ്ണല്‍. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാണ് വോട്ടെടുപ്പ്. ഗുപ്കര്‍ സഖ്യത്തിന്റെ രൂപവത്ക്കരണം, ഗുപ്കര്‍-ബി ജെ പി നേതാക്കള്‍ തമ്മില്‍ നടക്കുന്ന വാക്‌പോര് തുടങ്ങിയവയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്നത്. 2019 ആഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരില്‍ ഏറ്റവുമവസാനം തിരഞ്ഞെടുപ്പ് നടന്നത്.
നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (എം), ജമ്മു ആന്‍ഡ് കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ്, പീപ്പിള്‍സ് മൂവ്‌മെന്റ്, അവാമി നാഷണല്‍ കോണ്‍ഫറന്‍സ് എന്നിവ ചേര്‍ന്നാണ് സഖ്യം രൂപവത്ക്കരിച്ചിട്ടുള്ളത്. ഫാറൂഖ് അബ്ദുല്ലയാണ് സഖ്യത്തിന്റെ പ്രസിഡന്റ്. മെഹബൂബ മുഫ്തി വൈസ് പ്രസിഡന്റും. സഖ്യത്തെ രാജ്യവിരുദ്ധമെന്ന് ആരോപിച്ച ബി ജെ പി സഖ്യത്തിന്റെ അജന്‍ഡ സംബന്ധിച്ച് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സഖ്യവുമായി ബന്ധമില്ലെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.
1,427ല്‍ പരം സ്ഥാനാര്‍ഥികളാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഏഴു ലക്ഷം പേരാണ് വോട്ടര്‍ പട്ടികയിലുള്ളത്. ഇതില്‍ 3.72 ലക്ഷം വോട്ടര്‍മാര്‍ കശ്മീര്‍ ഡിവിഷനിലും 3.28 ലക്ഷം ജമ്മു ഡിവിഷനിലുമാണ്. 2,146 പോളിംഗ് സ്‌റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ആദ്യ ഘട്ടത്തില്‍ 296 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഇവരില്‍ 207 പേര്‍ പുരുഷന്മാരും 89 പേര്‍ സ്ത്രീകളുമാണ്. പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍, ബി ജെ പി, മുന്‍ ധനകാര്യ മന്ത്രി അല്‍താഫ് ബുഖാരി രൂപവത്ക്കരിച്ച അപ്‌നി പാര്‍ട്ടി എന്നിവ തമ്മിലാണ് പ്രധാന മത്സരം.
280 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജമ്മുവിലും കശ്മീരിലും 140 സീറ്റുകള്‍ വീതമാണുള്ളത്. ആദ്യ ഘട്ടത്തില്‍ കശ്മീരില്‍ 25ഉം ജമ്മുവില്‍ 18ഉമായി ആകെ 43 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. പഞ്ചായത്തുകളില്‍ നടക്കുന്ന ഉപ തിരഞ്ഞെടുപ്പില്‍ പഞ്ച് സീറ്റുകളിലേക്ക് 899 ഉം സര്‍പഞ്ച് സീറ്റുകളിലേക്ക് 280 ഉം സാരഥികളാണ് മത്സര രംഗത്തുള്ളത്. ശാന്തമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിന് 145 കമ്പനി സെന്‍ട്രല്‍ ആംഡ് പോലീസിനെ വിന്യസിച്ചിട്ടുണ്ട്.