Kerala
കെ എസ് എഫ് ഇ ശാഖകളില്‍ വിജിലന്‍സ് പരിശോധന ഇന്നും തുടരും; 35 ഇടത്ത് ക്രമക്കേടുകള്‍ കണ്ടെത്തി

തിരുവനന്തപുരം | വിജിലന്‍സ് സംസ്ഥാനത്തെ വിവിധ കെ എസ് എഫ് ഇ ശാഖകളില്‍ നടത്തിവരുന്ന മിന്നല്‍ പരിശോധന ഇന്നും തുടരും. ഓപ്പറേഷന്‍ ബചത് എന്ന പേരിലാണ് ഇന്നലെ പരിശോധന തുടങ്ങിയത്. പരിശോധനയില്‍ 35 ഓഫീസുകളില്‍ ക്രമക്കേട് കണ്ടെത്തിയെന്നാണ് അറിയുന്നത്. ചിട്ടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ്്പരിശോധന. 40 ഓഫീസുകളിലാണ് ഇന്നലെ പരിശോധന നടത്തിയത്.
പിരിക്കുന്ന പണം ട്രഷറിയിലോ ബേങ്കിലോ നിക്ഷേപിക്കുന്നില്ലെന്നും കണ്ടെത്തല്‍. ബിനാമി പേരുകളില്‍ ജീവനക്കാര്‍ ചിട്ടി പിടിക്കുന്നുവെന്നും കണ്ടെത്തി. തൃശൂരില്‍ രണ്ട് പേര്‍ 20 ചിട്ടികളില്‍ ചേര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമായാണോ ഇതെന്ന് സംശയമുണ്ട്.
ബ്രാഞ്ച് മാനേജര്‍മാരുടെ ഒത്താശയോടെ ചില വ്യക്തികള്‍ ബിനാമി ഇടപാടുകള്‍ നടത്തുന്ന്തായി ആരോപണമുയര്‍ന്നിരുന്നു. വലിയ ചിട്ടികളില്‍ ചേരാന്‍ ആളില്ലാതെ വരുമ്പോള്‍ കെ എസ് എഫ് ഇയുടെ തനത് ഫണ്ടില്‍ നിന്നും ചിട്ടിയടച്ച് ചില മാനേജര്‍മാര്‍ കള്ളക്കണക്ക് തയാറാക്കുന്നതായും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.