Connect with us

Gulf

ഖത്വറില്‍ നിന്ന് പുറത്തുപോകുന്നവര്‍ തിരികെ വരുന്നതിനുള്ള പാസിന് ഇനി പ്രത്യേകം അപേക്ഷിക്കേണ്ട

Published

|

Last Updated

ദോഹ | ഖത്തറില്‍ നിന്ന് പുറത്തുപോകുന്നവര്‍ക്ക് മടങ്ങിവരുന്നതിന് പ്രത്യേക പ്രവേശന പാസ് സ്വമേധയാ അനുവദിക്കുന്ന സംവിധാനത്തിന് ഞായറാഴ്ച തുടക്കമാകും. ഇതനുസരിച്ച് ഖത്തറില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് പോകുന്ന ഏതൊരാള്‍ക്കും ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഏത് സമയത്തും തിരിച്ചുവരുന്നതിനുള്ള പാസ് പ്രിന്റ് എടുക്കാനാകും. ഇതിനായി പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല.

അതേസമയം നിലവില്‍ ഖത്തറിന് പുറത്തുവള്ളവര്‍ക്ക് ഖത്തറിലേക്ക് തിരികെവരാന്‍ പ്രവേശന പാസ് ലഭിക്കണമെങ്കില്‍ ഖത്തര്‍ പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കുക തന്നെ വേണം. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഇത്തരം പെര്‍മിറ്റ് ഏര്‍പെടുത്തിയത്.

മറ്റു രാജ്യങ്ങളില്‍ നിന്ന് ഖത്തറില്‍ എത്തുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ കാലാവധി ഒരാഴ്ചയാക്കി ചുരുക്കിയതായും ഖത്തര്‍ ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഖത്തര്‍ ആരോഗ്യമന്ത്രാരലയത്തിന്റെ ഗ്രീന്‍ ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഹോം ക്വാറന്റൈനും അനുവദിക്കും. ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണം. പരസ്പരം പങ്കിടുന്ന ക്വാറന്റൈന്‍ സംവിധാനം ഉപയോഗിക്കുന്നവരുടെ ക്വാറന്റൈന്‍ കാലാവധി രണ്ടാഴ്ചയായിരിക്കും.

ഖത്തറിലേക്ക് വരുന്നതിന് 48 മണിക്കൂറിനുള്ളില്‍ കൊവിഡ് പരിശോധന നടത്താത്തവര്‍ക്ക് വിമാനത്താവളങ്ങളില്‍ പരിശോധന നടത്തും. ഖത്തറില്‍ വന്ന് ആറാം ദിവസം രണ്ടാം കൊവിഡ് ടെസ്റ്റിനും ഹാജരാകണം. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനങ്ങള്‍.

Latest