Kerala
ബാര്‍ കോഴ: ലക്ഷ്യം രമേശ് ചെന്നിത്തലയാവാമെന്ന് പി സി ജോര്‍ജ്

പത്തനംതിട്ട | പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ലക്ഷ്യം വച്ചാവാം ഇപ്പോള്‍ ബിജു രമേശ് ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് കേരളാ ജനപക്ഷം ചെയര്‍മാന്‍ പി സി ജോര്‍ജ് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ബിജു രമേശിന്റെ ബന്ധുക്കാരനും ഐ ഗ്രൂപ്പില്‍ നിന്ന് അകന്ന് ഇപ്പോള്‍ എ ഗ്രൂപ്പിനൊപ്പമുള്ള എംപിയുടെയും ഇടപെടലുണ്ടാവാം. ഇതിന് പിന്നില്‍ ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ എം മാണി പണം വാങ്ങിയതായി പരാതിക്കാരന്‍ തന്നോട് പറഞ്ഞിട്ടുണ്ട്. അക്കാര്യം മാണിയും തന്നോട് സമ്മതിച്ചതാണ്. ബാര്‍ കോഴയില്‍ മുന്‍ മന്ത്രിമാരൊക്കെ കാശ് വാങ്ങിയിട്ടുണ്ട്. ജോസ് കെ മാണിയെ കൊണ്ട് എല്‍ ഡി എഫിന് പ്രയോജനം ഉണ്ടാകും. പക്ഷെ കമ്മ്യൂണിസിറ്റുകാര്‍ ജോസ് കെ മാണിക്ക് വോട്ട് ചെയ്യില്ല.
ജനപക്ഷത്തിന് സ്ഥാനാര്‍ഥികള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ പൊതു പ്രവര്‍ത്തന പാരമ്പര്യമുള്ളവരെ നോക്കിവോട്ട് ചെയ്യും. എല്‍ഡിഎഫിനെയും യുഡിഎഫിനെയും തുല്യ അകലത്തിലാണ് ജനപക്ഷം കാണുന്നത്. സംസ്ഥാനത്ത് ജില്ലാ പഞ്ചായത്തുകളില്‍ 7 ഇടത്തും ബ്ലോക്ക്പഞ്ചായത്ത് 17, നഗരസഭ 8 ,കോര്‍പ്പറേഷന്‍ 1, ഗ്രാമപഞ്ചായത്ത് 137 എന്നിങ്ങനെ വാര്‍ഡുകളിലും മത്സരിക്കും. 55 വയസ് കഴിഞ്ഞ വര്‍ക്ക് 10000 രൂപ പെന്‍ഷന്‍ നല്‍കണമെന്നും തൊഴില്‍ ഇല്ലാത്ത 25 വയസ് കഴിഞ്ഞവര്‍ക്ക് 5000 രൂപ മാസം തൊഴില്‍ രഹിതവേതനം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവ് അവസാനിപ്പിക്കണമെന്നും ശമ്പള കമ്മീഷന്‍ പിരിച്ച് വിടണമെന്നും പി സി ജോര്‍ജ് ആവശ്യപ്പെട്ടു.