Connect with us

Ongoing News

ആസ്ത്രേലിയയിൽ ഇന്ത്യക്ക് തോൽവിത്തുടക്കം

Published

|

Last Updated

സിഡ്‌നി | ആസ്ത്രേലിയൻ പര്യടനത്തിൽ ഇന്ത്യക്ക് തോൽവിയോടെ തുടക്കം. ഒന്നാം ഏകദിന മത്സരത്തില്‍ 66 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 375 റണ്‍സ് എന്ന പടുകൂറ്റന്‍ സ്കോർ എടുത്തപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സിൽ ഒതുങ്ങി.

നായകന്‍ ആരോണ്‍ ഫിഞ്ചിന്റെയും സ്റ്റീവ് സ്മിത്തിന്റെയും സെഞ്ചുറികളുടെ മികവിലാണ് ആസ്ത്രേലിയ 374ൽ എത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ ശിഖര്‍ ധവാനും മായങ്ക് അഗര്‍വാളും തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. വെറും 4.1 ഓവറില്‍ ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 50 കടത്തി. എന്നാല്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയ ഉടന്‍ തന്നെ മായങ്ക് ക്രീസ് വിട്ടു. ജോഷ് ഹെയ്‌സല്‍വുഡാണ് താരത്തെ പുറത്താക്കിയത്. പിന്നാലെ ക്രീസിലെത്തിയ കോലി നന്നായി തുടങ്ങിയെങ്കിലും 21 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. കോലിയെ പുറത്താക്കിയ ഹെയ്‌സല്‍വുഡ് അതേ ഓവറില്‍ തന്നെ പിന്നാലെയെത്തിയ ശ്രേയസ്സ് അയ്യരെയും (2) പുറത്താക്കി.

ഇതോടെ വലിയ തകര്‍ച്ച തുറിച്ചുനോക്കിയ ഇന്ത്യയെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ഓപ്പണര്‍ ശിഖര്‍ ധവാനും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 128 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 90 റണ്‍സെടുത്ത ഹാര്‍ദിക്കാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. ഓസീസിന് വേണ്ടി ആദം സാംപയും ജോഷ് ഹെയ്‌സല്‍വുഡും മികച്ച പ്രകടനം കാഴ്ചവെച്ചു. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി പത്തോവറില്‍ 59 റണ്‍സ് വിട്ടുകൊടുത്ത് മൂന്നുവിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ബുംറ, സെയ്‌നി, ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.