National
ദില്ലി ചലോ മാര്‍ച്ച്: കര്‍ഷകരും പോലീസും നേര്‍ക്ക്‌നേര്‍; കര്‍ണാലില്‍ തുടര്‍ച്ചയായ കണ്ണീര്‍വാതക പ്രയോഗവും ജലപീരങ്കിയും

ന്യൂഡല്‍ഹി | കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിച്ച് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്ന കര്‍ഷകരെ തടയാനായി പോലീസ് കടുത്ത നടപപടികള്‍ സ്വീകരിക്കുന്നു. കര്‍ണാല്‍ ദേശീയ പാത അടച്ച പോലീസ് കര്‍ഷകര്‍ക്ക് നേരെ തുടര്‍ച്ചയായി കണ്ണീര്‍ വാതകം പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ്. കര്‍ഷകരെ പിന്തിരിപ്പിക്കാനായി വ്യാപകമായി ജലപീരങ്കിയും പ്രയോഗിക്കുന്നുണ്ട്. അതേ സമയം കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹി ഹരിയാന അതിര്‍ത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നാല്‍പ്പതിനായിരത്തോളം കര്‍ഷകരാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. കസ്റ്റഡിയിലെടുത്തവരെ പാര്‍പ്പിക്കാനായി താത്കാലിക ജയിലൊരുക്കാനും പോലീസ് ഒരുങ്ങുകയാണ്. ഇതിനായി ഒമ്പത് സ്റ്റേഡിയങ്ങള്‍ വിട്ടുനല്‍കാന്‍ ഡല്‍ഹി പോലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്.
ഏത് നിമിഷവും കൂടുതല്‍ ശക്തമായ നടപടികള്‍ക്ക് തയ്യാറെടുക്കുകയാണ് പോലീസ്. മാധ്യമപ്രവര്‍ത്തകരോട് ഇവിടെനിന്നും മാറിനില്‍ക്കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസും കര്‍ഷകരും നേര്‍ക്ക്‌നേര്‍ നില്‍ക്കുന്ന ഒരു കാഴ്ചയാണ് അതിര്‍ത്തിയിലുള്ളത്. പാനിപ്പത്തിലാണ് കര്‍ഷകര്‍ വ്യാഴാഴ്ച രാത്രി തങ്ങിയത്. ഏത് പ്രതിസന്ധിയും തരണം ചെയ്ത് ഡല്‍ഹിയിലെത്തിച്ചേരുക എന്ന ലക്ഷ്യമാണ് കര്‍ഷകര്‍ക്കുള്ളത്.
കര്‍ഷകരെ പ്രതിരോധിക്കാന്‍ പോലീസിനു പുറമെ ബിഎസ്എഫിനെയും സിആര്‍പിഎഫിനെയും കേന്ദ്രസര്‍ക്കാര്‍ രംഗത്തിറക്കി. കൂടാതെ പിന്മാറിയില്ലെങ്കില്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ തീരുമാനത്തില്‍ നിന്നും പിന്മാറില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.
അതിര്‍ത്തിയില്‍ കോണ്‍ക്രീറ്റ് പാളികളും ബാരിക്കേഡുകളും മുള്ളുവേലിയും മണ്ണും ഉപയോഗിച്ചാണ് പോലീസ് കര്‍ഷകരെ തടഞ്ഞിരിക്കുന്നത്. വ്യാഴാഴ്ച പഞ്ചാബില്‍ നിന്നും പുറപ്പെട്ട കര്‍ഷകരെ അംബാലയില്‍ വച്ച് പോലീസ് തടഞ്ഞിരുന്നു. കാര്‍ഷിക വിരുദ്ധനയങ്ങള്‍ കേന്ദ്രം പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന തീരുമാനത്തിലാണ് കര്‍ഷകര്‍.