Connect with us

Ongoing News

പിന്നില്‍ നിന്നും പൊരുതി; ബ്ലാസ്റ്റേഴ്‌സിനോട് സമനില പിടിച്ച് നോര്‍ത്ത് ഈസ്റ്റ്

Published

|

Last Updated

പനാജി | ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിലെത്തിയെങ്കിലും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പോരാട്ട വീര്യത്തിന് മുന്നില്‍ സമനിലയില്‍ കുരുങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നിലായെങ്കിലും രണ്ടാം പകുതിയില്‍ ഇത് മടക്കി നോര്‍ത്ത് ഈസ്റ്റ് സമനില പിടിച്ചെടുക്കുകയായിരുന്നു. സിഡോ, ഹൂപ്പര്‍ എന്നിവര്‍ ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയപ്പോള്‍ ക്വെസി അപ്പയ്യ, ഇദ്രിസ സില്ല എന്നിവരാണ് നോര്‍ത്ത് ഈസ്റ്റിനായി വല ചലിപ്പിച്ചത്.

ആദ്യ പകുതിയില്‍ മികച്ച പന്തടക്കവും ഒത്തരുമയുമായി കളിച്ച ബ്ലാസ്റ്റേഴ്‌സിനെയാണ് കണ്ടത്. മധ്യനിര കേന്ദ്രീകരിച്ചുള്ള തന്ത്രങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന് ലീഡ് നേടിക്കൊടുത്തു. സെയ്ത്യസെന്‍ സിംഗിന്റെ ഒരു മനോഹര ഫ്രീ കിക്കില്‍ തലവെച്ച് കൊടുത്ത് ജോലി സിഡോ കളിയുടെ അഞ്ചാം മിനുട്ടില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചു.
ഒരു ഗോള്‍ വീണതോടെ ഉണര്‍ന്ന നോര്‍ത്ത് ഈസ്റ്റ് അനുസ്യൂതം ആക്രമണം അഴിച്ചുവിട്ടു. നിര്‍ഭാഗ്യം പലപ്പോഴും അവര്‍ക്ക് വിലങ്ങുതടിയായപ്പോള്‍ കോസ്റ്റയും നിഷുവും അടങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ പ്രകടനവും നോര്‍ത്ത് ഈസ്റ്റ് ആക്രമണങ്ങളുടെ മുനയൊടിച്ചു. ഇതിനിടെ 23-ാം മിനുട്ടില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച സുവര്‍ണാവസരം ഹൂപ്പര്‍ പുറത്തേക്കടിച്ചു കളഞ്ഞു. നോര്‍ത്ത് ഈസ്റ്റിന്റെ ഇടതടവില്ലാത്ത ആക്രമണങ്ങള്‍ക്കിടെ ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചടി. ബോക്‌സിലെ കൂട്ടപ്പൊരിച്ചില്‍ പെനാല്‍റ്റിയിലേക്ക്. ഹൂപ്പറുടെ കിക്ക് ഗോള്‍കീപ്പറെ മറികടന്നു. 45-ാം മിനുട്ടില്‍ നേടിയ ഈ ഗോളോടെ ബ്ലാസ്റ്റെഴ്‌സ് കളിയില്‍ ആധിപത്യം ഉറപ്പിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ആക്രമണ ഫുട്‌ബോള്‍ ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തപ്പോള്‍ ലീഡ് ഉയരുമെന്ന് തോന്നിച്ചു. എന്നാല്‍ നിരന്തര ആക്രമണങ്ങളിലൂടെ നോര്‍ത്ത് ഈസ്റ്റ് മത്സരത്തിലേക്ക് തിരിച്ചുവരുന്നതാണ് പിന്നീട് കണ്ടത്. 51-ാം മിനുട്ടില്‍ ലഭിച്ച ഒരു കോര്‍ണറില്‍ ക്വെസി അപ്പയ്യയിലൂടെ ഇവര്‍ ഒരു ഗോള്‍ മടക്കി. ദുര്‍ബലമായ പ്രതിരോധമാണ് ഗോളിലേക്ക് നയിച്ചത്. ഒരു ഗോള്‍ വീണതോടെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ ഗെയിമിലേക്ക് മാറിയത് നോര്‍ത്ത് ഈസ്റ്റ് മുതലെടുത്തു. വര്‍ധിത വീര്യത്തോടെ പൊരുതിയ ഇവര്‍ നിരന്തരം കേരള ഗോള്‍ മുഖത്ത് ഭീഷണി സൃഷ്ടിച്ചു. ഇതിനിടയില്‍ നോര്‍ത്ത് ഈസ്റ്റിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി അപ്പയ്യ പുറത്തേക്കടിച്ചു കളഞ്ഞത് ബ്ലാസ്റ്റേഴ്‌സിന് ആശ്വാസമായി. പക്ഷേ, പകരക്കാരനായി ഇറങ്ങിയ ഇദ്രിസ സില്ലയിലൂടെ 90- ാംആം മിനുട്ടില്‍ നോര്‍ത്ത് ഈസ്റ്റിനെ ഒപ്പമെത്തിക്കുകയായിരുന്നു.

 

---- facebook comment plugin here -----

Latest