Connect with us

National

പ്രചാരണത്തിന് മോദിയെ ഇറക്കൂ; ബി ജെ പിയെ വെല്ലുവിളിച്ച് ഉവൈസി

Published

|

Last Updated

ഹൈദരാബാദ്|   ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രചാരണത്തിന് ഇറക്കാന്‍ ബി ജെ പിയെ വെല്ലുവിളിച്ച് എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഉവൈസി. വ്യക്തിപരമായി ആക്രമിച്ച് ബി ജെ പി പ്രചാരണം കൊഴുപ്പിക്കുന്നതിനിടെയാണ് ഉവൈസിയുടെ ശക്തമായ മറുപടി. നിങ്ങള്‍ പ്രചാരണത്തിന് മോദിയെ കൊണ്ടുവരണം. നമുക്ക് കാണാം എത്ര സീറ്റ് കിട്ടുമെന്ന്. ഇത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പാണ്. ഹൈദരബാദില്‍ വന്ന് അവര്‍ക്ക് വികസനത്തെക്കുറിച്ച് വാചാലരാവാന്‍ കഴിയില്ല. കാരണം ഹൈദരാബാദ് ഒരു വികസിത നഗരമാണ്. ഇവിടെ നിരവധി എം എല്‍ സികള്‍ കെട്ടിപ്പടുത്തിട്ടുണ്ട്. ഹൈദരാബാദിന്റെ ബ്രാന്റ് നെയിം ഇല്ലാതാക്കി ഇതെല്ലാം നശിപ്പിക്കാനാണ് ബി ജെ പി ശ്രമമെന്നും ഉവൈസി പറഞ്ഞു.

ഹൈദരാബാദ് നുഴഞ്ഞുകയറ്റക്കാരുടെ നഗരമാണെന്നും ഉവൈസി പുതിയ കാലത്തെ മുഹമ്മദ് അലി ജിന്നായാണെന്നും ആയിരക്കണക്കിന് റോഹിംഗ്യന്‍സിനെ നഗരത്തില്‍ സംരക്ഷിക്കുന്നുണ്ടെന്നുമെല്ലാം ബി ജെ പി നേതാക്കള്‍ പ്രചാരണങ്ങളില്‍ ആരോപിച്ചിരുന്നു. ഇത്തരം ആരോപണങ്ങള്‍ക്കും ശക്തമായ മറുപടി ഉവൈസി നല്‍കി. നഗരത്തില്‍ നുഴഞ്ഞുകയറ്റക്കാരെ താമസിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദികള്‍ മോദിയും അമിത്ഷായുമാണെന്ന് ഉവൈസി പറഞ്ഞു. ഒരു നുഴഞ്ഞുകയറ്റക്കാരേയും ഞാനിവിടെ കണ്ടിട്ടില്ല. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമിടയില്‍ മതില്‍ തീര്‍ക്കാനാണ് മോദിയും അമിത് ഷായും ശ്രമിക്കുന്നതെന്നും ഉവൈസി കുറ്റപ്പെടുത്തി.
ഡിസംബര്‍ 1 നാണ് ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.