Connect with us

Articles

അധികാരമിറങ്ങിപ്പോയ അസ്ഥികൂടം

Published

|

Last Updated

ഇന്ത്യയിലെ ജനാധിപത്യ ഭരണക്രമത്തെ കൂടുതല്‍ ഉത്തരവാദിത്വമുള്ളതും ജനങ്ങളോടടുപ്പമുള്ളതുമാക്കാന്‍ കൊണ്ടുവന്ന വിവരാവകാശ നിയമത്തിന് 15 വയസ്സ് പൂര്‍ത്തിയായിരിക്കുന്നു. ഭരണഘടനയിലെ 14, 19(1)(എ), 21 എന്നീ അനുഛേദങ്ങള്‍ യഥാക്രമം പ്രതിനിധാനം ചെയ്യുന്ന തുല്യതക്കുള്ള അവകാശം, അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള അവകാശം, അന്തസ്സുള്ള ജീവിതത്തിനുള്ള അവകാശം എന്നിവയുടെ അനിവാര്യ ഘടകമാണ് അറിയാനുള്ള അവകാശം. ഓരോ പൊതു സ്ഥാപനത്തിന്റെയും പ്രവര്‍ത്തനത്തില്‍ സുതാര്യതയും ചുമതലാബോധവും ഉറപ്പുവരുത്തുക വഴി പ്രസ്താവിത മൗലികാവകാശങ്ങളുടെ പൂര്‍ണമായ സാക്ഷാത്കാരമാണ് വിവരാവകാശ നിയമത്തിന്റെ ഉന്നം.
അധികാരം വലിയ തോതില്‍ ഒറ്റ ബിന്ദുവില്‍ കേന്ദ്രീകരിച്ചതും കൂടിയാലോചനകള്‍ ശുഷ്‌കമായതുമായ ഭരണകൂടത്തിന് ഒട്ടുമേ ചേരുന്നതല്ല വിവരാവകാശത്തിന്റെ പിടിവള്ളിയില്‍ തൂങ്ങി ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍. മോദി സര്‍ക്കാറിന്റെ രണ്ടാമൂഴത്തിന് പിറകെ 2019 ജൂലൈ 25ന് പാര്‍ലിമെന്റ് പാസ്സാക്കിയ നിയമ ഭേദഗതി വിവരാവകാശ നിയമത്തിന്റെ ചിറകൊടിച്ച് വിവരാവകാശ കമ്മീഷന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ ഉദ്ദേശിച്ച് കൊണ്ടുവന്നത് തന്നെയായിരുന്നു. നിയമത്തിലെ 13, 16, 27 വകുപ്പുകള്‍ ഭേദഗതി വരുത്തിയതിലൂടെ അധികാരം ഇറങ്ങിപ്പോയ അസ്ഥികൂടമായി മാറി വിവരാവകാശ കമ്മീഷന്‍. ലഭ്യമായിരുന്ന അധികാരത്തില്‍ ചെറുതല്ലാത്ത ചുരുക്കം സംഭവിച്ചെന്ന് മാത്രമല്ല നാഥനില്ലാ കമ്മീഷനായിത്തീര്‍ന്നു എന്നതാണ് ഒന്നരപ്പതിറ്റാണ്ട് പൂര്‍ത്തിയാകുന്ന വേളയില്‍ വിവരാവകാശ കമ്മീഷന്റെ വിശേഷം.

നിയമപരമായ അസ്തിത്വമുള്ള സ്ഥാപനത്തിന് നിര്‍ദേശിക്കപ്പെട്ട വിധത്തില്‍ ഒരു തലവനുണ്ടായിരിക്കുക പ്രധാനമാണ്. ഭരണപരമായ കാര്യങ്ങള്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ക്കും വിവരാവകാശ കമ്മീഷണര്‍മാര്‍ക്കുമിടയില്‍ പങ്കുവെച്ച് പ്രവര്‍ത്തിക്കുന്ന വിവരാവകാശ കമ്മീഷനില്‍ കാലമത്രയും തലപ്പത്തൊരാള്‍ ഉണ്ടായില്ലെങ്കില്‍ വ്യവഹാരങ്ങളില്‍ പരിഹാരം കാണല്‍ അനന്തമായി നീളും. കേന്ദ്ര വിവരാവകാശ കമ്മീഷനില്‍ മുഖ്യ വിവരാവകാശ കമ്മീഷണറുടെ പദവി പലപ്പോഴായി ഒഴിഞ്ഞു കിടക്കാറുണ്ട്. അവിടെ എപ്പോഴും ഒരാള്‍ ഉണ്ടാകണമെന്ന നിര്‍ബന്ധം ഭരണകൂടത്തിന് ഇല്ലാത്തതുപോലെ തോന്നും. കഴിഞ്ഞ ആഗസ്റ്റ് 26നാണ് ബിമല്‍ ജുല്‍ക കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായി വിരമിച്ചത്. ശേഷം തത്‌സ്ഥാനത്ത് പുതിയ കമ്മീഷണറെത്തുന്നത് നവംബര്‍ ഏഴിന് മാത്രമാണ്. കേന്ദ്ര വിവരാവകാശ കമ്മീഷനില്‍ അമ്പത് ശതമാനത്തോളം തസ്തിക ഒഴിഞ്ഞു കിടക്കുകയുമാണ്. ആവശ്യമായതില്‍ പകുതി കമ്മീഷണര്‍മാരെ വെച്ച് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന വിവരാവകാശ കമ്മീഷനില്‍ കണക്കുകള്‍ പ്രകാരം നാല്‍പ്പതിനായിരത്തിലധികം കേസുകളാണ് കെട്ടിക്കിടക്കുന്നത്.

വിവരം തേടി കമ്മീഷനിലെത്തുന്ന അപേക്ഷകളില്‍ മറുപടി വൈകുമ്പോള്‍ അത് അവകാശ നിഷേധത്തിന് തുല്യമാണ്. കമ്മീഷനില്‍ നിന്ന് കൃത്യമായ വിവരങ്ങള്‍ ലഭിക്കാന്‍ കാലവിളംബം നേരിടുന്ന സ്ഥിതിയില്‍ അന്വേഷിക്കുന്ന വിവരത്തിന്റെ ലക്ഷ്യവും ഉപയോഗവും വെറുതെയാകുന്നു. വ്യക്തിയുടെ ജീവനും സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ് വിവരാവകാശ അപേക്ഷയെങ്കില്‍ 48 മണിക്കൂറിനകം മറുപടി നല്‍കണമെന്നാണ് നിയമം പറയുന്നത്. ഭരണഘടനാ കോടതികളിലെ ഒഴിവുകള്‍ യഥാസമയം നികത്താന്‍ ഭരണകൂടം വിമുഖത കാട്ടുന്ന അതേ മാതൃകയില്‍ വിവരാവകാശ കമ്മീഷനെയും നിഷ്‌ക്രിയമാക്കുമ്പോള്‍ പൗരാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ജനാധിപത്യം തുറന്നിട്ട വാതിലുകളൊക്കെ അടയുകയാണ്.

സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതില്‍ സംസ്ഥാന സര്‍ക്കാറുകള്‍ പ്രകടിപ്പിക്കുന്ന വൈമനസ്യവും നമ്മളറിയേണ്ടതാണ്. ബിഹാര്‍, ഗോവ, ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍, ത്രിപുര, ഉത്തര്‍പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാന വിവരാവകാശ കമ്മീഷനുകളില്‍ നിലവില്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍മാരില്ല. ഈയിടെ മുഖ്യ വിവരാവകാശ കമ്മീഷണര്‍ സ്ഥാനമൊഴിഞ്ഞ കേരളത്തില്‍ പുതിയ കമ്മീഷണറെ തിരഞ്ഞെടുത്ത് നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട് എന്നത് മാത്രമാണ് ഇക്കാര്യത്തില്‍ ആശാവഹമായിട്ടുള്ളത്.

2014 ആഗസ്റ്റിലാണ് കേന്ദ്ര വിവരാവകാശ കമ്മീഷന് ആദ്യമായി തലവനില്ലാതാകുന്നത്. രാജീവ് മാത്തൂര്‍ മുഖ്യ വിവരാവകാശ കമ്മീഷണറായി വിരമിച്ചതോടെയാണത്. പിന്നീട് പത്ത് മാസങ്ങള്‍ക്ക് ശേഷമാണ് സീനിയോറിറ്റിയില്‍ പ്രഥമനായ വിജയ് ശര്‍മയെ മുഖ്യ വിവരാവകാശ കമ്മീഷണറായി കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്നത്. അദ്ദേഹം 2015 ഡിസംബര്‍ ഒന്നിന് വിരമിച്ചെങ്കിലും പുതിയ മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കാന്‍ കേന്ദ്രം വീണ്ടും മടിച്ചുനിന്നു. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. സീനിയോറിറ്റി മാനദണ്ഡ പ്രകാരം അടുത്ത കമ്മീഷണറാകേണ്ടത് യശോവര്‍ധന്‍ ആസാദാണ്. പല വിഷയങ്ങളിലും ഭരണകൂട താത്പര്യത്തിന്റെ വിപരീത ആശയതലത്തില്‍ ജീവിക്കുന്ന അദ്ദേഹത്തെ തഴയണം. അങ്ങനെയാണ് സീനിയോറിറ്റിയുടെ പൂട്ടുപൊളിച്ച് രാധാകൃഷ്ണ മാത്തൂര്‍ ചീഫായെത്തുന്നത്.

സീനിയോറിറ്റിയില്‍ മുതിര്‍ന്ന ന്യായാധിപന്‍ തന്നെ സുപ്രീം കോടതി ചീഫ് ജസ്റ്റിസാകണമെന്ന് ഇന്ത്യന്‍ ഭരണഘടന പറയുന്നില്ല. അതുപോലെ തന്നെ കമ്മീഷനിലെ മുതിര്‍ന്ന അംഗം മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആകണമെന്ന് വിവരാവകാശ നിയമത്തിലുമില്ല. എന്നാല്‍ നിയമന രീതിയെന്തെന്ന് നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. നിയമത്തില്‍ കൃത്യമായി പറയാതിരിക്കെ സീനിയോറിറ്റി മാനദണ്ഡമാക്കല്‍ ഭരണഘടനാ അലിഖിത ആചാരത്തിന്റെ ഭാഗമാണ്. ഭരണകൂടങ്ങള്‍ പിന്തുടരേണ്ട ഉന്നതമായ ജനാധിപത്യ മര്യാദയാണത്. അത്തരം ജനാധിപത്യ മര്യാദകളും മൂല്യങ്ങളും കടലെടുത്തുപോയ കാലത്ത് അവശേഷിക്കുന്ന ജീവനും കൊണ്ടാണ് നമ്മുടെ വിവരാവകാശ കമ്മീഷനുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

അടിയന്തരാവസ്ഥക്കൊടുവില്‍ എഴുപതുകളുടെ അവസാനത്തോടെ ആരംഭിച്ച രാഷ്ട്രീയ ജാഗ്രതയുടെയും ശുദ്ധീകരണ ചിന്തയുടെയും നിയമപരമായ സംഭാവനയായിരുന്നു 2005ല്‍ പാര്‍ലിമെന്റ് പാസ്സാക്കിയ വിവരാവകാശ നിയമം. നിയമം കര്‍ത്തവ്യം നിര്‍വഹിച്ചെങ്കിലും പ്രയോഗ തലത്തില്‍ ഭരണകൂടങ്ങള്‍ നിരാശപ്പെടുത്തിയതിന്റെ ബാക്കിപത്രമാണ് വിവരാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ മന്ദീഭവിച്ച സ്ഥിതി. പോയ വര്‍ഷത്തെ നിയമ ഭേദഗതി വിവരാവകാശ നിയമത്തിന്റെ അടിസ്ഥാന ശിലകളെ അട്ടിമറിക്കുന്നതുമായി. ജനാധിപത്യം ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നു വെച്ച പുസ്തകമാണ്. അതിനെ അടച്ചുപൂട്ടിവെക്കാനുള്ള വ്യഗ്രത ചരിത്രത്തില്‍ ബദലില്ലാത്ത വിധം ദൃശ്യമാകുമ്പോള്‍ നിരന്തരം ചോദ്യം ചോദിച്ചുകൊണ്ടാണ് അറിയാനുള്ള പൗരാവകാശത്തെ സംബന്ധിച്ച് നാം ഭരണകൂടത്തെ ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കേണ്ടത്. വിവരാവകാശ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും ക്രൂരമായി ആക്രമിക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നതും കാണാതിരുന്നു കൂടാ. വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് മതിയായ സംരക്ഷണം നല്‍കുന്നതും അക്രമികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്നതുമായ നിയമ ഭേദഗതി വിവരാവകാശത്തെ ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ ഏറെ സഹായകരമാകും എന്നത് തീര്‍ച്ചയാണ്.

Latest