Connect with us

National

'നിവാര്‍' കരതൊട്ടു; തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴയും കാറ്റും

Published

|

Last Updated

ചെന്നൈ | ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട നിവാര്‍ ചുഴലി തമിഴ്‌നാട്ടില്‍ കരതൊട്ടു. നിവാര്‍ ചുഴലിക്കാറ്റ് കരതൊട്ടതോടെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴയും കാറ്റും. പുലര്‍ച്ചെ നാല് മണിക്കുള്ളില്‍ നിവാര്‍ പുതുച്ചേരിയെയും തമിഴ്‌നാട്ടിനെയും കടന്നുപോകും. മണിക്കൂറില്‍ 145 കിലോ മീറ്റര്‍ വരെയാകും ഈ സമയം കാറ്റിന്റെ ശക്തിയുണ്ടാകുക.

തമിഴ്‌നാട്ടില്‍ മഹാബലിപുരത്താണ് ശക്തമായ കാറ്റ് വീശുന്നത്. സുരക്ഷയുടെ ഭാഗമായി തമിഴ്‌നാട്ടില്‍ ഒരു ലക്ഷം പേരെയും പുതുച്ചേരിയില്‍ ആയിരം പേരെയും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

അർധരാത്രിക്ക് പുതുച്ചേരിയില്‍ നിന്ന് 40 കിലോമീറ്ററും കടലൂരില്‍ നിന്ന് 50 കിലോമീറ്ററും തെക്കുകിഴക്കായാണ് ചുഴലിയുടെ സ്ഥാനമെന്ന് ഐഎംഡി ചെന്നൈയിലെ എസ് ബാലചന്ദ്രന്‍ അറിയിച്ചിരുന്നു.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 ന് ശേഷം കൊടുങ്കാറ്റിന്റെ തീവ്രത കുറയുമെന്ന് ഐ എം ഡി പറയുന്നു. എന്നിരുന്നാലും, തമിഴ്‌നാട്ടില്‍ ഇന്നും മഴ തുടരും. ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഐഎന്‍എസ് ജ്യോതി ഇതിനകം തമിഴ്നാട്ടിലെത്തിയിട്ടുണ്ട്. ഐഎന്‍എസ് സുമിത്ര വിശാഖപട്ടണത്ത് നിന്ന് പുറപ്പെട്ടു.

മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ചെന്നൈ വിമാനത്താവളം ബുധനാഴ്ച രാത്രി 7 മുതല്‍ വ്യാഴാഴ്ച രാവിലെ 7 വരെ അടച്ചിട്ടിരിക്കുകയാണ്. നേരത്തെ 26 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ചെന്നൈയിലെ പല സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങിയിട്ടുണ്ട്. തമിഴ്നാട്ടിലെ 16 ജില്ലകളില്‍ വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, വെല്ലൂര്‍, കടലൂര്‍, വില്ലുപുരം, നാഗപട്ടണം, തിരുവാരൂര്‍, ചെംഗല്‍പട്ടു, പെരമ്പലൂര്‍ തുടങ്ങിയ നഗരങ്ങളിലാണ് അവധി. ബെംഗളൂരുവിലും പരിസര പ്രദേശങ്ങളിലും യെല്ലോ അലേര്‍ട്ട് നല്‍കി.

കഴിഞ്ഞ രണ്ട് ദിവസമായി തങ്ങളുടെ ടീമുകള്‍ ഇവിടെ ഉണ്ടെന്ന് എന്‍ഡിആര്‍എഫ് ഡിജി എസ്എന്‍ പ്രധാന്‍ പറഞ്ഞു. തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര എന്നിവിടങ്ങളില്‍ 25 ടീമുകളെ വിന്യസിച്ചിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ ഒരുക്കമാണെന്നും അവര്‍ വ്യക്തമാക്കി.

ചെന്നൈയില്‍ നിരന്തരമായി മഴ പെയ്യുകയാണ്. കരുണാനിധിയുടെ വീട്ടില്‍ വെള്ളം കയറി. കഴിഞ്ഞ 24 മണിക്കൂറായി ചെന്നൈയില്‍ മഴ പെയ്യുന്നുണ്ട്. പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. 2015 ലെ വെള്ളപ്പൊക്കത്തിന്റ അനുഭവം മുന്നിലുള്ളതിനാല്‍ ചേംബര്‍ബാക്കം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.

Latest