Connect with us

Ongoing News

കരുത്തരെ തളച്ച് മുംബൈ

Published

|

Last Updated

മഡ്ഗാവ് | ഐ എസ് എല്ലിന്റെ ആറാം മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ മുംബൈ സിറ്റി എഫ് സിയോട് പരാജയം രുചിച്ച് ഗോവ എഫ് സി. നിശ്ചിത സമയം വരെ ഗോള്‍രഹിത മത്സരമായിരുന്നെങ്കിലും ഇഞ്ച്വറി ടൈമില്‍ ലഭിച്ച പെനാൽറ്റിയിൽ മുംബൈ വിജയഗോള്‍ നേടുകയായിരുന്നു. ആദ്യ പകുതിയില്‍ തന്നെ ചുവപ്പ് കാണേണ്ടി വന്ന ഗോവ പത്ത് പേരിലേക്ക് ഒതുങ്ങിയെങ്കിലും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

ലെ ഫോന്ദ്രെയാണ് മുംബൈക്ക് വേണ്ടി വിജയഗോള്‍ നേടിയത്. 40ാം മിനുട്ടില്‍ തന്നെ ഗോവയുടെ റെഡീം ത്‌ലാംഗിന് ചുവപ്പ് കാര്‍ഡ് ലഭിച്ചു. മുംബൈയുടെ ഹെര്‍നന്‍ ഡാനിയല്‍ സാന്താന ത്രുജില്ലോയെ അപകടകരമാം വിധം ടാക്കിള്‍ ചെയ്തതിനാണ് ചുവപ്പ് കാര്‍ഡ് ലഭിച്ച് പുറത്തുപോകേണ്ടി വന്നത്.

കളിയാരംഭിച്ച് അഞ്ചാം മിനുട്ടില്‍ തന്നെ മുംബൈക്ക് മികച്ച അവസരം ലഭിച്ചിരുന്നു. ഗോവന്‍ താരം ഇവാന്‍ ഗാരിഡോ ഗോണ്‍സാലസ് പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും മുംബൈയുടെ ഫാറൂഖ് ചൗധരി ബോക്‌സിനുള്ളില്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. എന്നാല്‍ ഗോവന്‍ ഡിഫന്‍ഡര്‍ മുഹമ്മദ് നവാസ് പന്ത് സുന്ദരമായി ക്ലിയര്‍ ചെയ്ത് ഗോളടി ശ്രമം വിഫലമാക്കി. പതിമൂന്നാം മിനുട്ടിലും ഫാറൂഖിന് മികച്ച ഗോളടി അവസരം ലഭിച്ചെങ്കിലും ഗോവന്‍ പ്രതിരോധം തടയുകയായിരുന്നു. ത്രോ ആയി വന്ന ബോള്‍ ഫാറൂഖ് ഷോട്ടടിച്ചെങ്കിലും പ്രതിരോധനിര തടഞ്ഞു.

നിരവധി മഞ്ഞക്കാര്‍ഡുകള്‍ ഉയര്‍ന്ന മത്സരത്തില്‍ മുംബൈയുടെ സാര്‍ഥക് ഗോലുയിക്കാണ് ആദ്യ കാര്‍ഡ് ലഭിച്ചത്. 24ാം മിനുട്ടിലായിരുന്നു ഇത്. അധികം വൈകാതെ 30ാം മിനുട്ടില്‍ ഗോവയുടെ സെരിട്ടണ്‍ ബെന്നി ഫെര്‍ണാണ്ടസിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. മൊത്തം ആറ് മഞ്ഞക്കാര്‍ഡുകളാണ് മത്സരത്തിനിടെ ഇരുടീമുകള്‍ക്കും ലഭിച്ചത്.

Latest