National
തമിഴ്‌നാട്ടില്‍ കനത്ത മഴ; ചെമ്പരമ്പാക്കം തടാകം തുറന്നുവിടും

ചെന്നൈ | മഹാബലിപുരത്തിനും പുതുച്ചേരിയിലെ കാരയ്ക്കലിനുമിടയിലെ തീരപ്രദേശങ്ങളില്‍ ഇന്ന് അര്‍ധരാത്രിയോടെ നിവാര്‍ ചുഴലിക്കാറ്റ് വീശിയേക്കുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴയും കാറ്റും തുടരുന്നു. ചെന്നൈ നഗരത്തിലെ ചെമ്പരമ്പാക്കം തടാകം നിറഞ്ഞുകവിഞ്ഞതിനാല്‍ തുറന്നുവിടാന്‍ തീരുമാനിച്ചിട്ടുണ്ട്.
22 അടിയില്‍ കൂടുതല്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ ഉടന്‍ തടാകത്തില്‍ നിന്ന് ആയിരം ക്യുസെക്‌സ് വെള്ളം തുറന്നുവിടുമെന്ന് പി ഡബ്ല്യു ഡി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വെള്ളം അടയാറിലേക്കാണ് തുറന്നുവിടുക. തടാകത്തിന്റെ ആകെ സംഭരണശേഷി 24 അടിയാണ്. ചെന്നൈ നഗരത്തിലെ അടയാര്‍ നദിക്ക് സമീപത്തുള്ള ചേരിപ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ കനത്ത ജാഗ്രതയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടേക്ക് എന്‍ജിനീയര്‍മാരുടെയും അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരുടെയും പ്രത്യേക ദൗത്യ സംഘത്തെ അയച്ചിട്ടുണ്ട്. ആളന്തൂര്‍, വല്‍സരവാക്കം എന്നീ പ്രദേശങ്ങളിലും ശക്തമായ ജാഗ്രതയുണ്ടാകും.
സൈദാപ്പേട്ടില്‍ നിന്ന് 150ഓളം പേരെയും കോട്ടൂര്‍പുരത്തെ ചേരിപ്രദേശത്ത് നിന്ന് മുപ്പതോളം പേരെയും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ചെന്നൈ നഗരത്തില്‍ മാത്രം 77 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. തേയ്‌നാംപേട്ട്, അഡയാര്‍, കോടമ്പാക്കം എന്നീ പ്രദേശങ്ങളില്‍ നിന്നായി 300 ഓളം പേരെ ഇവിടേക്ക് എത്തിച്ചിട്ടുണ്ട്. കടലൂര്‍ ജില്ലയില്‍ നിന്ന് രണ്ടായിരത്തോളം പേരെ വിവിധ ഇടങ്ങളിലേക്കായി മാറ്റിപ്പാര്‍പ്പിച്ചു. ചെമ്പരമ്പാക്കം തുറക്കുന്ന സാഹചര്യത്തില്‍ കാഞ്ചീപുരം ജില്ലാ അധികൃതരും കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.