Saudi Arabia
ജിദ്ദയിലെ എണ്ണ വിതരണ കേന്ദ്രത്തിന് നേരെ ഹൂത്തി മിസൈല്‍ ആക്രമണം

ജിദ്ദ | സഊദി അറേബ്യയുടെ ചെങ്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ജിദ്ദയിലെ എണ്ണ വിതരണ കേന്ദ്രത്തിന് നേരെ യമനിലെ ഹൂത്തി ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ ആര്‍ക്കും പരുക്കില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും സഊദി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ദരിച്ച് സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
എണ്ണ വിതരണ കമ്പനിയായ സഊദി അറാംകോയുടെ എണ്ണ വിതരണ പൈപ്പ് ലൈനിനോടനുബന്ധിച്ചുള്ള സ്റ്റേഷനില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 3:52 നാണ് തീവ്രവാദികളുടെ ആക്രമണ ശ്രമം നടന്നത്. ആക്രമണത്തില്‍ എണ്ണ വിതരണ കേന്ദ്രത്തിലെ ടാങ്കിന് തീ പിടിച്ചെങ്കിലും സഊദി സിവില്‍ ഡിഫന്‍സും സുരക്ഷാ സംഘവും സ്ഥലത്തെത്തി തീ അണച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
2019 സെപ്റ്റംബറില്‍ അബ്‌ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളിലെ സംസ്‌കരണ പ്ലാന്റുകള്‍ക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് സംസ്‌കരണ പ്ലാന്റുകളില്‍ നിന്നുള്ള എണ്ണ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ദിനം പ്രതി അമ്പത് ലക്ഷം ബാരല്‍ എണ്ണ വഹിച്ച് കൊണ്ടുപോവുന്ന പ്രധാന പൈപ്പ്‌ലൈനിന് നേരെയായിരുന്നു ആക്രമണം നടന്നത്. ഇതേ തുടര്‍ന്ന് സഊദി അറേബ്യ എണ്ണ ഉത്പാദനം കുറക്കുകയും അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വര്‍ധിക്കുകയും ചെയ്തിരുന്നു. ഒക്ടോബറില്‍ ജിസാനിലെ ചെങ്കടല്‍ പ്രദേശത്ത് വെച്ച് രണ്ട് ആളില്ലാ ബോട്ടുകള്‍ ഉപയോഗിച്ച് അക്രമണം നടത്താനുള്ള ശ്രമവും സഊദി സൈന്യം തകര്‍ത്തിരുന്നു
ഇറാന്‍ പിന്തുണയോടെ യമനിലെ ഹൂത്തി വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു. ആഗോള ഊര്‍ജ്ജ വിതരണത്തിന്റെ സുരക്ഷക്കും സമ്പദ്വ്യവസ്ഥയും ലക്ഷ്യമിട്ടാണ് ഇത്തരം അക്രമണങ്ങളെന്നും ആക്രമണത്തെ രാജ്യം ശക്തമായി അപലപിക്കുന്നുവെന്നും വക്താവ് പറഞ്ഞു