Connect with us

Kerala

രണ്ടാം തരംഗത്തെ കരുതിയിരിക്കണം; ഹോട്ടലുകള്‍ ജാഗ്രത പാലിക്കണം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ലോകത്ത് പലയിടങ്ങളിലും കൊവിഡ് ഒന്നാം തരംഗത്തിന് ശേഷം രണ്ടാമതും മൂന്നാമതും വ്യാപനം സംഭവിച്ചുവെന്നും ജാഗ്രത കൈവിടുമ്പോഴാണ് രോഗം ഉച്ഛസ്ഥായിയില്‍ എത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോഴത്തെ സാഹചര്യം കൊവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നതാണെങ്കിലും രണ്ടും മൂന്നും തരംഗങ്ങള്‍ സംഭവിക്കാതിരിക്കണമെങ്കില്‍ ശ്രദ്ധ കൈവരിടരുതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

യൂറോപ്പിലും അമേരിക്കയിലും രണ്ടാം തരംഗമുണ്ടായതിന്റെ പ്രധാന ഉറവിടം ഭക്ഷണശാലകളും പബുകളുമായിരുന്നു. ഇക്കാര്യത്തില്‍ നമ്മളും വലിയ ശ്രദ്ധ കൊടുക്കണം. നിയന്ത്രണങ്ങളും മുന്‍കരുതലും പാലിക്കാതെ വലിയ ഹോട്ടലുകളും വഴിയോര ഭക്ഷണശാലകളും പ്രവര്‍ത്തിക്കുന്നു. അവര്‍ക്കെതിരെ നടപടിയെടുക്കും. അടച്ചിട്ട എസി മുറികളില്‍ അകലമില്ലാതെ ആളുകള്‍ തിങ്ങിനിറഞ്ഞ് ഇരിക്കരുത്. ഹോട്ടലുകളില്‍ ആളുകള്‍ തിങ്ങിനിറയാതെ കട നടത്തിപ്പുകാര്‍ നോക്കണം. വഴിയോര ഭോജനശാലകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം പാടില്ല. അടുത്ത തരംഗത്തിന്റെ കേന്ദ്രമായി ഹോട്ടലുകള്‍ മാറിയേക്കുമെന്നും അതിന് ഇടവരുത്തരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രായാധിക്യവും മറ്റ് രോഗാവസ്ഥയും ഉള്ളവരിലാണ് രോഗം മാരകമാവുന്നത്. ഇത് കരുതലോടെ മുന്നോട്ട് കൊണ്ടുപോകണം. എല്ലാവരും ഇത് ശ്രദ്ധിക്കണം. തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോള്‍ ഇക്കാര്യം എല്ലാ പ്രവര്‍ത്തകരും പ്രത്യേക കരുതലോടെ ശ്രദ്ധിക്കണം. ആശുപത്രി വാസങ്ങളും മരണങ്ങളും കുറയ്ക്കുന്നതിന് ഈ കരുതല്‍ സഹായകരമാകും.

രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യം ഉണ്ടായാല്‍ പൊതുപരീക്ഷയിലൂടെ മൂല്യനിര്‍ണയം നടത്തുന്ന ഉയര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന കാര്യം വിദഗ്ദ്ധരുമായി വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഉടനടി തീരുമാനം എടുക്കില്ല.ചെറിയ ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നത്തെ നിലയില്‍ ക്ലാസുകള്‍ തുറക്കുന്ന കാര്യത്തില്‍ സംശയങ്ങളുണ്ട്. രോഗവ്യാപന തോത് ഇതേപോലെ കുറയുകയും പുരോഗതിയുണ്ടാവുകയും ചെയ്താല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കിും മുന്‍കരുതല്‍ പാലിച്ച് ക്ലാസ് എടുക്കാനാവുമോയെന്ന് പരിശോധിക്കും.

ഔദ്യോഗിക കണക്ക് പ്രകാരം സംസ്ഥാനത്ത് അഞ്ച് ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ് ബാധയുണ്ടായി. നിശ്ചിത ശതമാനം രോഗികളില്‍ കൊവിഡ് നെഗറ്റീവായ ശേഷവും ശാരീരിക വിഷമതകളുണ്ട്. രോഗം ശക്തമായവരിലാണ് ഈ ബുദ്ധിമുട്ട്. പല അവയവങ്ങള്‍ക്കും സംഭവിച്ച ആഘാതങ്ങളാണ് ഇതിന് കാരണം. അവയുടെ കേടുപാട് പരിഹരിച്ച് പൂര്‍വ സ്ഥിതിയിലാകാന്‍ സമയം എടുക്കും. രോഗം മാറിയാലും നല്ല ഭക്ഷണവും കൃത്യമായ ഉറക്കവും പാലിച്ച് വിശ്രമിക്കണം. ആരോഗ്യം വീണ്ടെടുത്ത ശേഷമേ ജോലിക്ക് പോകാവൂ.

തീര്‍ത്ഥാടന കേന്ദ്രങ്ങളിലെ കൊവിഡ് നിയന്ത്രണം ആരോഗ്യമേഖലയിലെ വിദഗ്ദ്ധരോട് ചര്‍ച്ച ചെയ്താണ് എടുത്തത്. രോഗവ്യാപനം ഇല്ലാതെ തീര്‍ത്ഥാടനം ഒരുക്കാനാണ് ശ്രമം. തീര്‍ത്ഥാടകര്‍ മുന്‍കരുതലിനോട് പൂര്‍ണമായും സഹകരിക്കണം. രോഗം വ്യാപിക്കാതെ ശ്രദ്ധിക്കണം. രോഗം പടരാതിരിക്കാന്‍ മാസ്‌ക് കൃത്യമായി ധരിക്കണം. സ്‌നാന ഘട്ടങ്ങളില്‍ കൂട്ടമായി കുളിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഇതുകൊണ്ടാണ്. അന്നദാനം ശാരീരിക അകലം പാലിച്ച് നടത്താനും ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest