National
ശിവസേനാ എം എല്‍ എ. പ്രതാപ് സര്‍നായികുമായി ബന്ധപ്പെട്ട 10 കേന്ദ്രങ്ങളില്‍ ഇ ഡി റെയ്ഡ്

മുംബൈ | മഹാരാഷ്ട്രയില്‍ ശിവസേനാ എം എല്‍ എ. പ്രതാപ് സര്‍നായികിന്റെ വസതിയുള്‍പ്പെടെ അദ്ദേഹവുമായി ബന്ധപ്പെട്ട 10 കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ (ഇ ഡി) റെയ്ഡ്. ഇന്ന് രാവിലെയാണ് റെയ്ഡ് നടന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് സൂചന. താനെ ഹിരാനന്ദിനി കോംപ്ലക്‌സിലെ പ്രതാപിന്റെ വസതിയില്‍ നിന്ന് മകന്‍ വിഹംഗ് സര്‍നായികിനെ ചോദ്യം ചെയ്യുന്നതിനായി ഇ ഡി സംഘം കസ്റ്റഡിയിലെടുത്തു. റെയ്ഡ് നടക്കുമ്പോള്‍ പ്രതാപ് സര്‍നായിക് വീട്ടിലുണ്ടായിരുന്നില്ല. ഓവല-മയിജ്വാദ മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയാണ് 56കാരനായ പ്രതാപ്. വിഹംഗ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം.
വസതിയിലെ നാലു മണിക്കൂര്‍ നീണ്ട റെയ്ഡിനു ശേഷം സംഘം വിഹംഗിന്റെ ബിസിനസുകാരനായ സഹോദരന്‍ പുര്‍വേഷ് സര്‍നായികിന്റെ വീട്ടിലുമെത്തി പരിശോധന നടത്തി. സി ആര്‍ പി എഫിന്റെ വന്‍ സംഘവും ഇ ഡി അന്വേഷണ ഉദ്യോഗസ്ഥരോടൊപ്പം ഉണ്ടായിരുന്നു. രാഷ്ട്രീയ വിരോധത്തിന്റെ പേരിലാണ് റെയ്‌ഡെന്ന് ശിവസേന ആരോപിച്ചു. മഹാരാഷ്ട്രയില്‍ അധികാരം തിരിച്ചുപിടിക്കാനുള്ള മോഹം അടുത്ത 25 വര്‍ഷത്തേക്ക് മറക്കുന്നതാണ് നല്ലതെന്ന് ബി ജെ പിയെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ട് ശിവസേനാ എം പി. സഞ്ജയ് റൗത്ത് പറഞ്ഞു. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പേടിപ്പിക്കാനുള്ള അവരുടെ ശ്രമം വിലപ്പോകില്ല. അവര്‍ തുടങ്ങി വച്ചതിനെ എങ്ങിനെ അവസാനിപ്പിക്കാനാകുമെന്ന് തങ്ങള്‍ക്കറിയാമെന്നും ശിവസേനാ വക്താവ് കൂടിയായ റൗത്ത് കൂട്ടിച്ചേര്‍ത്തു.