Connect with us

Kerala

പോലീസ് ഭേദഗതി റദ്ദാക്കാന്‍ പുതിയ ഓര്‍ഡിനന്‍സ്; ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ തീരുമാനം

Published

|

Last Updated

തിരുവനന്തപുരം | വിവാദമായ പോലീസ് നിയമഭ ഭേദഗതി പിന്‍വലിച്ച് ഓര്‍ഡിന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗം തിരുമാനിച്ചു. ഇതിനായി ഗവര്‍ണറോട് ശിപാര്‍ശ ചെയ്യും. ഇന്ന് ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യക്തി അധിക്ഷേപങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭ ഭേദഗതിയാണ് വിവാദമായത്. പോലീസ് നിയമത്തിലെ 118 എ വകുപ്പാണ് ഇതിനായി പ്രാബല്യത്തിലാക്കിയത്. ഇതുപ്രകാരം സൈബര്‍ അധിക്ഷേപം ബോധ്യപ്പെട്ടാല്‍ വാറണ്ട് ഇല്ലാതെ തന്നെ പോലീസിന് അറസ്റ്റ് ചെയ്യാന്‍ സാധിക്കും. “ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ലക്ഷ്യമിട്ട് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ നല്‍കാമെ”ന്നാണ് ഈ നിയമം വ്യവസ്ഥ ചെയ്യുന്നത്.

മജിസ്റ്റീരിയല്‍ പരിശോധനക്ക് വിധേയമാക്കാതെ പോലീസിന് നടപടിയെടുക്കാമെന്നതാണ് ഈ നിയമത്തെ മാരകമാക്കുന്നത്. കോഗ്‌നിസിബിള്‍ ആയതിനാല്‍ പരാതിക്കാരന്‍ ഇല്ലാതെ തന്നെ പോലീസിന് ഇടപെടാനാകും. ഐ പി സി 499 അനുസരിച്ച് മാനനഷ്ട കേസില്‍ തുടര്‍ നടപടിയെടുക്കണമെങ്കില്‍ മജിസ്ട്രേറ്റിന്റെ അനുമതി വേണം. ഇവിടെ അവഹേളിക്കപ്പെട്ടയാള്‍ക്ക് പരാതിയില്ലെങ്കിലും മറ്റൊരാള്‍ക്ക് നിയമപരമായ പരിഹാരം തേടാവുന്നതാണ്.

എന്നാല്‍ നിയമ ഭേദഗതിക്ക് എതിരെ പ്രതിപക്ഷപാര്‍ട്ടികളും സിപിഎം കേന്ദ്ര കമ്മിറ്റിയും രംഗത്ത് വന്നതോടെ നിയമം പിന്‍വലിക്കുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം ചേരന്ന് ഭേദഗതി റദ്ദാക്കുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്.

---- facebook comment plugin here -----

Latest